ഗജ്‌വെൽ (ഹൈദരാബാദ്) : സിദ്ദിപേട്ട്, മേദക് ജില്ലകളിൽ കൊടുങ്കാറ്റ് വൻ നാശം വിതച്ചു (Destructive Storm). സിദ്ദിപേട്ട് ജില്ലയിലെ ഗജ്‌വേൽ മണ്ഡലത്തിലെ കോൽഗൂരിൽ മരക്കൊമ്പ് വീണ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു. കൊടുങ്കാറ്റിൽ പറന്ന് ഭിത്തിയിലിടിച്ച് പരിക്കേറ്റ മേദക് ജില്ലയിലെ കൗഡിപ്പള്ളി മണ്ഡലത്തിലെ ജജിതണ്ടയിൽ ഒന്നാം ക്ലാസ് വിദ്യാർഥിനി ചികിത്സയിലിരിക്കെ മരിച്ചു.
സിദ്ദിപേട്ട് ജില്ലയിലെ ഗജ്‌വേൽ മണ്ഡലം കോൽഗൂർ സ്വദേശികളായ മന്ന സത്തയ്യയുടെയും രേണുകയുടെയും പത്താം ക്ലാസിൽ പഠിക്കുന്ന രണ്ടാമത്തെ മകൻ വെങ്കിടേഷ് (15) ആണ് മരിച്ചത് (A Boy Died In Siddipet Districts). ചൊവ്വാഴ്‌ച (19-03-2024) അഹമ്മദിപൂർ സെഡ്‌പി ഹൈസ്‌കൂളിൽ പരീക്ഷയെഴുതി വീട്ടിലെത്തിയ വെങ്കിടേഷ് മാതാപിതാക്കൾ കൃഷിയിടത്തിലായിരുന്നതിനാൽ വൈകുന്നേരത്തോടെ അവര്‍ക്ക് അരികിലേക്ക് പോയിരുന്നു. അവിടെ നിന്ന് കന്നുകാലികളെ ഓടിച്ച് വീട്ടിലേക്ക് വരുന്ന സമയം മഴ പെയ്‌തതിനാൽ വെങ്കിടേഷ് മരത്തിന്‍റെ ചുവട്ടിൽ നിന്നു. ശക്തമായ കാറ്റിൽ മരത്തിന്‍റെ ശിഖരം ഒടിഞ്ഞ് കുട്ടിയുടെ തലയിൽ വീഴുകയായിരുന്നു. സംഭവസ്ഥലത്തുവച്ച് തന്നെ കുട്ടി മരിച്ചു.
തിങ്കളാഴ്‌ച (18-03-2024) രാത്രി മേഡക് ജില്ലയിലെ കൗഡിപ്പള്ളി മണ്ഡലത്തിലെ ജജിതണ്ടയിൽ മാൻസിംഗിന്‍റെയും മഞ്ജുളയുടെയും മകൾ സംഗീത (6) വീടിനു മുന്നിൽ കളിച്ച് കൊണ്ടിരുന്നപ്പോൾ പെട്ടെന്നുണ്ടായ കാറ്റിൽ പറന്ന് സമീപത്തെ വീടിന്‍റെ ഭിത്തിയിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ ഹൈദരാബാദിലെ ചിന്താലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. ചികിത്സയിലിരിക്കെ ചൊവ്വാഴ്‌ചയാണ് (19-03-2024) കുട്ടി മരിച്ചത്.
ഇന്നും നാളെയും മിതമായ മഴയുണ്ടാകുമെന്നാണ് റിപ്പോർട്ട് : വടക്കൻ തെലങ്കാനയുടെ പല ഭാഗങ്ങളിലും ബുധൻ, വ്യാഴം ദിവസങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അദിലാബാദ്, കുമുരം ഭീം ആസിഫാബാദ്, മഞ്ചിരിയാല, നിർമൽ, നിസാമാബാദ്, ജഗിത്യാല, രാജന്ന സിറിസില, കരിംനഗർ, പെദ്ദപ്പള്ളി എന്നീ ജില്ലകളിൽ ഇടിയും മിന്നലും ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്. സംസ്ഥാനത്തിന്‍റെ മറ്റു ഭാഗങ്ങളിൽ പലയിടത്തും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. തെലങ്കാന, വടക്കൻ തെലങ്കാന ജില്ലകളിലെ പലയിടത്തും ചൊവ്വാഴ്‌ച നേരിയ തോതിൽ മഴ രേഖപ്പെടുത്തി.