മുസാഫർപൂർ : ട്രെയില്‍ ടിക്കറ്റ് റിസര്‍വ് ചെയ്‌ത് യാത്രക്കാര്‍ സ്‌റ്റേഷനിലെത്തിയപ്പോള്‍ ട്രെയിനിന്‍റെ ബോഗി കാണാനില്ല! ബിഹാറിൽ ഗരീബ്‌രഥ് ക്ലോൺ എക്‌സ്പ്രസ് ട്രെയിനിന് ടിക്കറ്റ് ബുക്ക് ചെയ്‌തവര്‍ക്കാണ് ദുരവസ്ഥ. മുസാഫർപൂരിൽ നിന്ന് ഓൾഡ് ഡൽഹിയിലേക്ക് പോകുന്ന പ്രത്യേക ട്രെയിനാണിത്. ട്രെയിനിലെ G-18, G-17 എസി കോച്ചുകളിലായി ടിക്കറ്റ് ലഭിച്ചവര്‍ക്ക്, ട്രെയില്‍ സ്റ്റേഷനിലെത്തിയപ്പോള്‍ തങ്ങളുടെ കോച്ച് കണ്ടുപിടിക്കാനായില്ല. കോച്ച് തെരഞ്ഞ് നടക്കുന്നതിനിടെ ട്രെയിന്‍ വിട്ടതോടെ പലര്‍ക്കും യാത്ര മുടങ്ങുകയും ചെയ്‌തു. ചിലര്‍, മറ്റ് കോച്ചുകളില്‍ സീറ്റില്ലാതെ യാത്ര ചെയ്‌തു. 150 ഓളം യാത്രക്കാരാണ് ഇത്തരത്തില്‍ യാത്ര ചെയ്‌തത്.
ഡൽഹിയിൽ നിന്ന് രണ്ട് കോച്ചുകൾ കുറച്ചാണ് ട്രെയിന്‍ അയച്ചതെന്നാണ് സോണ്‍പൂർ റെയിൽവേ ബോർഡ് സംഭവത്തില്‍ വിശദീകരണം നൽകിയത്. '04043-ട്രെയിനിൻ്റെ പ്രാഥമിക അറ്റകുറ്റ പണികൾ ഡൽഹിയിലാണ് നടന്നത്. സാങ്കേതിക കാരണങ്ങളാൽ രണ്ട് കോച്ചുകൾ കുറച്ചാണ് ഡൽഹിയിൽ നിന്ന് ആദ്യ റേക്ക് മുസാഫർപൂരിലെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നിലനിന്നിരുന്നു. ട്രെയിനില്‍ രണ്ട് കോച്ചുകളുടെ കുറവ് ഉണ്ടെന്ന് ബന്ധപ്പെട്ടവരെ നേരത്തെ അറിയിച്ചിരുന്നു.'- സോൻപൂർ ഡിവിഷൻ സീനിയർ ഡിസിഎം റോഷൻ കുമാർ പറഞ്ഞു.
റെയിൽവേയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ നിരവധി യാത്രക്കാര്‍ സംഭവത്തില്‍ പരാതി അറിയിച്ചിട്ടുണ്ട്. പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി, യാത്രക്കാർ റെയിൽവേയോട് പണം തിരികെ ആവശ്യപ്പെടുകയും ചെയ്‌തു. ടിക്കറ്റ് റിസര്‍വ് ചെയ്‌തവരില്‍ ഒരു ഡസനിലധികം യാത്രക്കാർ കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവരാണ് എന്നാണ് വിവരം. കൊച്ചു കുട്ടികളടക്കം നിരവധി പേരാണ് വലഞ്ഞത്.