അഗർത്തല : മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ത്രിപുരയില്‍ നാശം വിതച്ച വെള്ളപ്പൊക്കം 5,000 കോടിയിലധികം രൂപയുടെ നാശനഷ്‌ടമുണ്ടാക്കിയതായി പ്രാഥമിക റിപ്പോര്‍ട്ട്. നഗര-ഗ്രാമ പ്രദേശങ്ങളിലെ കൃഷിയിടങ്ങളും മനുഷ്യവാസ കേന്ദ്രങ്ങള്‍ ഉൾപ്പെടെയുള്ള നിരവധി പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. അതേസമയം, ത്രിപുരയിലെ പ്രധാന നദിയായ ഗോമതി ഒഴികെയുള്ള മിക്ക നദികളും അപകട നിലയിൽ താഴ്ന്നാണ് ഒഴുകുന്നതെന്ന് ദുരന്ത നിവാരണ ഉദ്യോഗസ്ഥർ പറഞ്ഞു. അപകട നിലയായ 22 മീറ്ററിന് മുകളിൽ, 22.30 മീറ്ററിലാണ് ഗോമതി നദി ഇപ്പോഴും ഒഴുകുന്നത്.
എട്ട് ജില്ലകളിലായി 558 ദുരിതാശ്വാസ ക്യാമ്പുകളിലായി 1.28 ലക്ഷം പേരാണ് കഴിയുന്നത്. തിങ്കളാഴ്‌ച മുതൽ ആരംഭിച്ച ശക്തമായ മഴയും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കവും സംസ്ഥാനത്താകെ 17 ലക്ഷം ആളുകളെ ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
വ്യാഴാഴ്‌ച ഉച്ചയോടെയാണ് മഴയുടെ തീവ്രത കുറഞ്ഞത്. ദക്ഷിണ ത്രിപുര, ഗോമതി, വെസ്റ്റ് ത്രിപുര, സെപാഹിജാല, ഉനകോട്ടി, ഖോവായ് ജില്ലകളിലായി സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ 24 പേരാണ് മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരിച്ചത്. ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. ഗോമതി, ദക്ഷിണ ത്രിപുര ജില്ലകളിൽ 1,055 വീടുകൾ പൂർണ്ണമായോ ഭാഗികമായോ തകര്‍ന്നിട്ടുണ്ട്. 5,000 ഹെക്‌ടർ പച്ചക്കറിത്തോട്ടങ്ങളും 1.20 ലക്ഷം ഹെക്‌ടർ സ്ഥലങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
ത്രിപുര മുഖ്യമന്ത്രി മണിക് സാഹ ഇന്ന്(23-08-2024) ഉദയ്‌പൂർ, അമർപൂർ, കാർബുക്ക് പ്രദേശങ്ങളിലെ ദുരിത ബാധിത മേഖലകളില്‍ വ്യോമ നിരീക്ഷണം നടത്തുകയും നിരവധി ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയും ചെയ്‌തു. എസ്‌ഡിആർഎഫിൽ നിന്ന് കേന്ദ്ര വിഹിതമായി 40 കോടി രൂപ പ്രധാനമന്ത്രി മോദി അംഗീകരിച്ചതായി കേന്ദ്രമന്ത്രി അമിത് ഷാ അറിയിച്ചിരുന്നു. ദുരിതത്തെ നേരിടാൻ സംസ്ഥാനത്തെ സഹായിച്ചതിന് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ത്രിപുര മുഖ്യമന്ത്രി നന്ദി പറഞ്ഞു.
നോർത്ത് ഈസ്റ്റ് ഫ്രെണ്ടിയർ റെയിൽവേ (NFR) ത്രിപുരയിൽ നിരവധി ലോക്കൽ ട്രെയിനുകൾ റദ്ദാക്കി. കനത്ത മഴയെത്തുടർന്ന് റെയിൽവേ ട്രാക്കുകൾ തകർന്നതായി എന്‍ആര്‍എഫ് വക്താവ് പറഞ്ഞു. അതേസമയം, ത്രിപുരയിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് (ഐഎംഡി) അറിയിച്ചു.
Also Read : കേരളത്തില്‍ 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ; രണ്ടിടങ്ങളില്‍ നാളെ യെല്ലോ അലര്‍ട്ട്