ന്യൂഡല്‍ഹി : തമിഴ്‌നാട്ടില്‍ നിന്നുള്ള കേന്ദ്രമന്ത്രി എല്‍ മുരുകനെതിരെ ദളിത് അധിക്ഷേപം നടത്തിയതിന് ഡിഎംകെ നേതാവ് ടി ആര്‍ ബാലു മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ ബിജെപി ബഹളം. കേന്ദ്ര മന്ത്രിമാരടക്കം ഡിഎംകെ നേതാവിനെതിരെ രംഗത്തെത്തി. തമിഴ്‌നാടിന് കേന്ദ്രം നല്‍കിയ പ്രളയ ദുരിതാശ്വാസത്തെപ്പറ്റിയുള്ള ചര്‍ച്ചയ്‌ക്കിടയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത് (TR Balu insulted Union minister L Murugan).
ഡിഎംകെ എംപിമാരായ എ ഗണേശ മൂര്‍ത്തിയും എ രാജയുമാണ് പ്രളയ സഹായത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചത്. വിഷയത്തില്‍ ടി ആര്‍ ബാലു സംസാരിച്ചുകൊണ്ടിരിക്കെ കേന്ദ്ര മന്ത്രി എല്‍ മുരുകന്‍ ഇടപെടുകയായിരുന്നു. ഡിഎംകെ എംപിമാര്‍ അപ്രസക്തമായ വിഷയങ്ങള്‍ ഉന്നയിക്കുകയാണെന്നായിരുന്നു കേന്ദ്ര മന്ത്രി പറഞ്ഞത്. പ്രകോപിതനായ ടി ആര്‍ ബാലു ഉടന്‍ മുരുകനെതിരെ തിരിയുകയായിരുന്നു.
ബാലുവിന്‍റെ പരാമര്‍ശം ഇങ്ങനെ:
"താങ്കള്‍ക്ക് അല്‍പ്പമെങ്കിലും മര്യാദയുണ്ടോ. താന്‍ എംപിയാകാന്‍ കൊള്ളില്ല, മന്ത്രിയാകാനും. തനിക്ക് എങ്ങനെ ഞങ്ങളെ അഭിമുഖീകരിക്കാനാവും. ഞങ്ങള്‍ തന്നെ ഒരു പാഠം പഠിപ്പിക്കും."
ബാലുവിന്‍റെ പ്രതികരണത്തിന് തൊട്ടുപിറകെ പ്രതിഷേധവുമായി ബിജെപി അംഗങ്ങള്‍ എഴുന്നേറ്റു. "എംപിയായിരിക്കാന്‍ കൊള്ളില്ലെന്നൊക്കെപ്പറയാന്‍ ഡിഎംകെ അംഗത്തിനെന്താണ് അധികാരം. നിങ്ങള്‍ക്ക് ചോദ്യം ചോദിക്കാം, ചോദ്യം ചെയ്യാം. പക്ഷേ ഞങ്ങളുടെ മന്ത്രി ആ സ്ഥാനത്തിരിക്കാന്‍ കൊള്ളില്ലെന്ന് പറയാന്‍ നിങ്ങളാരാണ്" -കേന്ദ്ര പാര്‍ലമെന്‍ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി ചോദിച്ചു.
ടി ആര്‍ ബാലുവിന്‍റെ പരാമര്‍ശം അണ്‍ പാര്‍ലമെന്‍ററിയാണെന്ന് പാര്‍ലമെന്‍ററി കാര്യ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളും പ്രതികരിച്ചു. പരാമര്‍ശം പിന്‍വലിച്ച് ബാലു മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. "അദ്ദേഹം ദളിത് സമൂഹത്തില്‍ നിന്നുള്ള മന്ത്രിയാണ്. നിങ്ങള്‍ ദളിതരെ അപമാനിക്കുകയാണ്. ഇത് ഞങ്ങള്‍ സഹിക്കില്ല. പരാമര്‍ശം പിന്‍വലിച്ച് ബാലു മാപ്പുപറയണം"- കേന്ദ്ര സഹമന്ത്രി ആവശ്യപ്പെട്ടു.
എന്നാല്‍ ടി ആര്‍ ബാലു ആരെയും അവഹേളിച്ചില്ലെന്ന് എ രാജ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. "തമിഴ്‌നാട്ടിലെ പ്രളയ ദുരിതാശ്വാസത്തെക്കുറിച്ച് ബാലു ചില ചോദ്യങ്ങള്‍ ഉന്നയിക്കുകയായിരുന്നു. അത് മുരുകന്‍ തടസപ്പെടുത്തി. നിങ്ങള്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള എംപിയായിരിക്കാന്‍ യോഗ്യനല്ലെന്നാണ് ഞങ്ങള്‍ പറഞ്ഞത്. സംസ്ഥാനത്തിന്‍റെ താത്പര്യങ്ങള്‍ക്ക് എതിരുനില്‍ക്കുന്ന ഒരാള്‍ എങ്ങനെയാണ് അവിടെ നിന്നുള്ള എം പിയാവുക ?" - എ രാജ ചോദിച്ചു.
Also Read: കലിപ്പടങ്ങാതെ അണ്ണാമലൈ, ഡിഎംകെ ഫയല്‍സ് 3 തുടരുന്നു
മുരുകന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളയാളായിട്ടും സംസ്ഥാന താത്പര്യത്തിന് വിരുദ്ധമായി സംസാരിച്ചതിനാണ് അദ്ദേഹത്തെ ചതിയനെന്ന് വിളിച്ചതെന്ന് ടി ആര്‍ ബാലുവും വിശദീകരിച്ചു.
"മുരുകന്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളയാളാണ്. എന്നിട്ടും അയാള്‍ തമിഴ്‌നാടിന്‍റെ താത്പര്യത്തിന് വിരുദ്ധമായാണ് സംസാരിച്ചത്. അതാണ് ഞങ്ങള്‍ അയാളെ ചതിയനെന്ന് വിളിച്ചത്. അതിലെന്താണ് തെറ്റ്?" ടി ആര്‍ ബാലു ചോദിച്ചു.