ജയ്‌പുര്‍: ബലാത്സംഗത്തിന് ഇരയാക്കിയ യുവതിയെ വെടിവെച്ച് വീഴ്‌ത്തുക്കയും ആക്രമിക്കുകയും ചെയ്‌ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍. രാജസ്ഥാനിലെ കോട്‌പുത്‌ലി-ബെഹ്‌റോർ ജില്ലയില്‍ ശനിയാഴ്‌ചയാണ് (24-02-2024) സംഭവം. ട്രെയിന്‍ ഇടിച്ച് വലതുകാല്‍ അറ്റുപോയ നിലയിലാണ് മുഖ്യ പ്രതി രാജേന്ദ്ര യാദവിനെ പൊലീസ് കണ്ടെത്തുന്നത്.
എഫ്ഐആറില്‍ നിന്ന്: കേസിലെ ഒന്നാം പ്രതി രാജേന്ദ്ര യാദവ് കഴിഞ്ഞ വര്‍ഷം ജനുവരി 26 ന് ഇരുപത്തിയഞ്ചുകാരിയെ പീഡിപ്പിക്കുകയും കേസില്‍ അറസ്റ്റിലാവുകയും ചെയ്‌തു. തുടര്‍ന്ന് ഇയാളുടെ ജോലി നഷ്‌ടപ്പെട്ടു. അടുത്തിടെ ജാമ്യത്തിലിറങ്ങിയ പ്രതി, കേസ് പിന്‍വലിക്കാനാവശ്യപ്പെട്ട് യുവതിയെ നിരന്തരം ശല്യം ചെയ്‌തു. കേസ് പിന്‍വലിക്കില്ലെന്ന് യുവതി തീര്‍ത്തു പറഞ്ഞതോടെ പ്രതിയും മറ്റു രണ്ടു പേരും ചേര്‍ന്ന് യുവതിയെ ആക്രമിക്കുകയായിരുന്നു.
ശനിയാഴ്‌ച രാത്രി സഹോദരനൊപ്പം ഇരുചക്ര വാഹനത്തില്‍ പോവുകയായിരുന്ന യുവതിക്ക് നേരെ പ്രതി നിറയൊഴിച്ചു.തുടര്‍ന്ന് മൂര്‍ച്ചയുള്ള ആയുധമുപയോഗിച്ച് മൂവരും യുവതിയെ ആക്രമിച്ചു. യുവതിയുടെ സഹോദരനും ആക്രമണത്തില്‍ പരിക്കേറ്റു. തലയിലുള്‍പ്പടെ മാരകമായി പരിക്കേറ്റ യുവതിയും സഹോദരനും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
യുവതിയെ ആക്രമിച്ച സംഘത്തിലെ മഹിപാല്‍,രാഹുല്‍ എന്നിവരെ ഞായറാഴ്‌ച പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ മുഖ്യപ്രതി രാജേന്ദ്ര യാദവ് പൊലീസിനെ വെട്ടിച്ച് മുങ്ങി നടക്കുകയായിരുന്നു. ഇന്ന്(26-02-2024) രാവിലെയാണ് ട്രെയിന്‍ ഇടിച്ച് പരിക്കേറ്റ നിലയിലാണ് യാദവിനെ പൊലീസ് കണ്ടെത്തുന്നത്. അപകടത്തില്‍ യാദവിന്‍റെ വലതുകാല്‍ അറ്റുപോവുകയും ഇടതു കാലിന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ടെന്ന് മല്‍വിയ പൊലീസ് അറിയിച്ചു. ഇയാളും നിലവില്‍ ചികിത്സയില്‍ കഴിയുകയാണ്.
പ്രതികൾക്കെതിരെ സെക്ഷൻ 307 (കൊലപാതകശ്രമം), 323 (മാരകമായി മുറിവേൽപ്പിക്കൽ), 506 ( ഭീഷണിപ്പെടുത്തൽ), ആയുധ നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്‌തതായി പൊലീസ് അറിയിച്ചു.
മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആശുപത്രിയിലെത്തി അതിജീവിതയെ സന്ദര്‍ശിക്കുകയും കുടുംബാംഗങ്ങളുമായി സംസാരിക്കുകയും ചെയ്‌തു.അതിജീവിതയ്ക്ക് സംരക്ഷണം നൽകിയിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു എന്നും ഇത് സർക്കാരിന്‍റെ അനാസ്ഥയാണെന്നും സന്ദര്‍ശനത്തിന് പിന്നാലെ ഗെലോട്ട് എക്‌സിൽ കുറിച്ചു. സംഭവത്തിൽ എത്രയും വേഗം അന്വേഷണം നടത്തി നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോൺഗ്രസ് നാലംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. മുൻ ആരോഗ്യമന്ത്രി രഘു ശർമ, കോൺഗ്രസ് നേതാവ് ധർമേന്ദ്ര റാത്തോഡ്, രാജസ്ഥാൻ ചൈൽഡ് പ്രൊട്ടക്ഷൻ റൈറ്റ്‌സ് കമ്മിഷൻ ചെയർപേഴ്‌സൺ സംഗീത ബെനിവാൾ, മുൻ എംഎൽഎ ഇന്ദ്രജ് ഗുർജാർ എന്നിവരാണ് സമിതിയിലുള്ളത്. സംഭവത്തിന്മേലുള്ള വിശദമായ റിപ്പോര്‍ട്ട് പിസിസി പ്രസിഡന്‍റ് ഗോവിന്ദ് സിങ് ദോതാസ്രയ്ക്ക് സമർപ്പിക്കും.
Also Read: ഐഎന്‍എല്‍ഡി അധ്യക്ഷൻ നഫെ സിങ് റാത്തേയുടെ കൊലപാതകം; സിബിഐ അന്വേഷിക്കുമെന്ന് ഹരിയാന സര്‍ക്കാര്‍