ദിസ്‌പൂര്‍ : അസം-മിസോറം അതിർത്തിയിലുണ്ടായ വെടിവയ്‌പ്പില്‍ മൂന്ന് ഹമര്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പിടികൂടിയ തീവ്രവാദികളുമായി പൊലീസ് സംഘം പോകുമ്പോള്‍ ആക്രമണം ഉണ്ടാകുകയായിരുന്നു. ഭുബൻ പഹാര്‍ പ്രദേശത്താണ് അസം പൊലീസും തീവ്രവാദികളും തമ്മില്‍ ഇന്നലെ (ജൂലൈ 16) വൈകിട്ട് ഏറ്റുമുട്ടല്‍ ഉണ്ടായത്.
വെടിവയ്‌പ്പില്‍ കൊല്ലപ്പെട്ട മൂന്ന് തീവ്രവാദികളില്‍ രണ്ട് പേർ കച്ചാര്‍ സ്വദേശികളും ഒരാൾ മണിപ്പൂര്‍ സ്വദേശിയുമാണ്. സംഭവത്തിൽ മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു. കച്ചാർ പൊലീസിൻ്റെ നിരവധി വാഹനങ്ങൾക്കും വെടിവയ്‌പ്പിൽ സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
രഹസ്യവിവരത്തെ തുടർന്ന് ഇന്നലെ നടത്തിയ റെയ്‌ഡിലാണ് എകെ 47, പിസ്റ്റൾ, നിരവധി വെടിയുണ്ടകൾ എന്നിവയുമായി മൂന്ന് യുവാക്കൾ പിടിയിലായത്. ഇവര്‍ ഹമര്‍ തീവ്രവാദ സംഘടനയില്‍ അംഗങ്ങളാണെന്നാണ് വിലയിരുത്തുന്നത്.
പൊലീസ് സൂപ്രണ്ട് നോമൽ മഹത്തയുടെ നേതൃത്വത്തില്‍ പിടികൂടിയ തീവ്രവാദികളുമായി പോകുമ്പോഴാണ് ഭുബൻ പഹാറിൽ ഇന്നലെ രാത്രി ഏറ്റുമുട്ടല്‍ ഉണ്ടായത്. കുന്നുകളിൽ ഒളിച്ചിരുന്ന തീവ്രവാദികള്‍ പെട്ടന്ന് പൊലീസിന് നേരെ വെടിയുതിര്‍ത്തു. തിരിച്ച് പൊലീസും വെടിവയ്പ്പ് നടത്തി.
ഒരു മണിക്കൂറോളം പൊലീസും തീവ്രവാദികളും തമ്മവലുളള വെടിവയ്പ്പ് നീണ്ടു. ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ കനത്ത വെടിവയ്‌പ്പിലാണ് പൊലീസ് പിടികൂടിയ മൂന്ന് തീവ്രവാദി കേഡർമാർ കൊല്ലപ്പെട്ടത്.
Also Read: ആയുധധാരികളായ രണ്ട് പേരെ കണ്ടതായി പ്രദേശവാസികള്‍; ജമ്മുവില്‍ അതീവ ജാഗ്രത നിര്‍ദേശം