ധാക്ക: ബംഗ്ലാദേശില്‍ ശാന്തനേശ്വരി മാത്രി, ഷോണി, ശാന്തനേശ്വരി കാലിബാരി എന്നീ ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം. തുറമുഖ നഗരത്തിലെ ഹരീഷ് ചന്ദ്ര മുൻസെഫ് ലെയ്‌നിൽ ഉച്ചക്ക് 2:30ഓടെയാണ് ആക്രമണം നടന്നത്. ബംഗ്ലാദേശ് കലാപത്തിൻ്റെ പശ്ചാത്തലത്തിലാണ് ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായത്. നൂറുകണക്കിന് ആളുകൾ ക്ഷേത്രത്തിന് മുന്നില്‍ തടിച്ചുകൂടി മുദ്രാവാക്യങ്ങൾ മുഴക്കി ആക്രമണം നടത്തുകയായിരുന്നു. ക്ഷേത്രങ്ങള്‍ക്ക് നേരെ ഇഷ്‌ടിക എറിയുകയും ക്ഷേത്ര കവാടം നശിപ്പിക്കുകയും ചെയ്‌തു.
സംഭവത്തില്‍ പ്രതിഷേധിച്ച് ആളുകള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. വെള്ളിയാഴ്‌ച ജുമാ പിരിഞ്ഞെത്തിയ ഒരുകൂട്ടം ആളുകള്‍ ക്ഷേത്രങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. പൊലീസും സുരക്ഷാസേനയും സ്ഥലത്തെത്തി ക്രമസമാധാനം പുനഃസ്ഥാപിക്കുകയായിരുന്നുവെന്നും പ്രദേശവാസികള്‍ പറഞ്ഞു.
അതേസമയം ബംഗ്ലാദേശിലെ ഇൻ്റർനാഷണൽ സൊസൈറ്റി ഓഫ് കൃഷ്ണ കോൺഷ്യസ്നെസിലെ (ഇസ്കോൺ) മുൻ അംഗമായ ആത്മീയനേതാവ് ചിൻമോയ് കൃഷ്ണ ദാസിനെ രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്‌ച അറസ്റ്റ് ചെയ്‌തിരുന്നു. ബംഗ്ലാദേശ് ദേശീയ പതാകയെ അവഹേളിച്ചുവെന്ന് ആരോപിച്ചാണ് ഹിന്ദു ആത്മീയ നേതാവിനെ അറസ്റ്റ് ചെയ്‌ത് രാജ്യദ്രോഹ കുറ്റം ചുമത്തിയത്. ചിൻമോയ് കൃഷ്ണ ദാസിനെകൂടാതെ 19 പേർക്കെതിരെയും രാജ്യദ്രോഹ കുറ്റം ചുമത്തിയിരുന്നു. ഇതേ തുടര്‍ന്ന് തലസ്ഥാനമായ ധാക്കയിലും ചട്ടോഗ്രാമിലും ഉൾപ്പെടെ ബംഗ്ലാദേശിലെ വിവിധ സ്ഥലങ്ങളിൽ ഹിന്ദു സമുദായാംഗങ്ങളുടെ പ്രതിഷേധ മാര്‍ച്ച് ഉണ്ടായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബംഗ്ലാദേശിലെ സ്ഥിതിഗതികളില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ബംഗ്ലാദേശിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമ സംഭവങ്ങൾ ഇന്ത്യ ഗൗരവമായി എടുത്തിട്ടുണ്ടെന്നും ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ എല്ലാ പൗരന്മാരുടെയും സുരക്ഷയും സ്വാതന്ത്ര്യവും സംരക്ഷിക്കേണ്ടത് പ്രാഥമിക ഉത്തരവാദിത്തമാണെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പാർലമെൻ്റിൽ പറഞ്ഞു.
ബംഗ്ലാദേശിലെ സ്ഥിതിഗതികളില്‍ ശശി തരൂര്‍ എംപിയും ആശങ്കയറിയിച്ചിരുന്നു. പുതിയതായി പുനസംഘടിപ്പിച്ച വിദേശകാര്യ പാർലമെൻ്ററി പാനൽ അധ്യക്ഷനായതിന് പിന്നാലെയാണ് ശശി തരൂരിന്‍റെ പ്രതികരണം. ഡിസംബർ 11ന് വിദേശകാര്യ പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയെ ഇക്കാര്യം അറിയിക്കുമെന്നും വിഷയത്തിൽ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ ഉടന്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
Read More: പലസ്തീനിൽ ഇസ്രായേൽ കൂട്ടക്കൊല; വൃദ്ധയടക്കം ഒമ്പതുപേരെ കൊന്നു