തിരുവനന്തപുരം: ആവേശ കൊടുമുടിയിൽ മുന്നണികൾ, ശക്തി പ്രകടനവുമായി പരസ്യ പ്രചരണത്തിന് കലാശക്കൊട്ട്. തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ നിയമസഭ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് നടന്ന കലാശക്കൊട്ടിൽ വട്ടിയൂർക്കാവ് മണ്ഡലത്തിലെ പേരൂർക്കടയിൽ സ്ഥാനാർഥികളുടെ സാന്നിധ്യത്താലും പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ടും ആവേശക്കടലായി.
വൈകിട്ട് 6 മണിക്ക് പരസ്യ പ്രചരണം അവസാനിക്കുന്നതിനാല്‍ 3 മണിക്ക് തന്നെ മണ്ഡലത്തിന്‍റെ വിവിധയിടങ്ങളിൽ നിന്നും യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികളുടെ പ്രവർത്തകർ പേരൂർക്കട ജങ്ഷനിലെത്തി. കൊടി തോരണങ്ങൾക്ക് പുറമെ സ്ഥാനാർഥിയുടെ ചിത്രവും മുദ്രാവാക്യവും പതിച്ച ബലൂണുകൾ, ക്രെയിൻ, വർണ കടലാസുകൾ പറത്തുന്ന പോപ്പറുകൾ എന്നിങ്ങനെ കൊട്ടിക്കലാശം കൊഴുപ്പിക്കാൻ സർവ്വ സന്നാഹങ്ങളുമായി പ്രവർത്തകർ മണിക്കൂറുകൾക്ക് മുൻപ് തന്നെ സജീവമായി.
തങ്ങളുടെ സ്ഥാനാർഥിയുടെ ചിത്രം പതിച്ച ഫ്ലെക്‌സുകൾ ക്രെയിനിൽ കെട്ടിയുയർത്തി പ്രവർത്തകർ തമ്മിൽ മത്സരിച്ചപ്പോൾ ജില്ലാ പൊലീസ് ഡിസിപി നിധിൻ രാജിന്‍റെ നേതൃത്വത്തിലുള്ള സംഘം പ്രവർത്തകർക്കിടയിൽ സുരക്ഷാ വലയം തീർത്തു. സ്ഥാനാർഥിയുടെ വാഗ്‌ദാനങ്ങളും കലാശക്കൊട്ടിൽ ലൈവ് മോഡലുകളായി അവതരിപ്പിച്ചു.
ചെണ്ട മേളവും ബാൻഡ് മേളവും അകമ്പടിയായി പേരൂർക്കടയിൽ കലാശക്കൊട്ടിനായി ആദ്യമെത്തിയത് എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രനായിരുന്നു. നേതാക്കളായ എം വിജയകുമാർ, ജി ആർ അനിൽ എന്നിവരോടൊപ്പമാണ് പന്ന്യൻ എത്തിയത്.
പിന്നാലെയെത്തിയ യു ഡി എഫ് സ്ഥാനാർഥി ശശി തരൂരിനൊപ്പം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനും അനുഗമിച്ചു. ഇരുവരെയും ക്രെയിനിൽ ഉയർത്തിയാണ് പ്രവർത്തകർ സ്വീകരിച്ചത്.
പിന്നാലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ, നേതാക്കളായ ഒ രാജഗോപാൽ, കുമ്മനം രാജശേഖരൻ എന്നിവരോടൊപ്പം കലാശക്കൊട്ടിനെത്തി. രാജീവും തരൂരും പ്രവർത്തകർ സജീകരിച്ച ക്രെയിനിലേറിയപ്പോൾ പ്രചാരണ വാഹനത്തിൽ നിന്നു തന്നെ പന്ന്യൻ അഭിവാദ്യം സ്വീകരിച്ചു. എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനൊപ്പം ക്രെയിനിലേറിയ വിവി രാജേഷ് ക്രെയിനിനോടൊപ്പം കെട്ടിപ്പൊക്കിയ ഫ്ലെക്‌സില്‍ പാലഭിഷേകവും നടത്തി.
6 മണിക്ക് കലാശക്കൊട്ട് അവസാനിക്കുന്നതിന് മുൻപ് തന്നെ മഴ പെയ്‌ത് തുടങ്ങിയെങ്കിലും ആവേശം ഒട്ടും ചോരാതെ പ്രവർത്തകർ 6 മണി വരെ ശക്തി പ്രകടനം തുടർന്നു. മഴ കഴിഞ്ഞതിന് ശേഷമാണ് സ്ഥാനാർഥികളും ക്രെയിനിൽ നിന്നും താഴെയിറങ്ങിയത്.