ബെംഗളൂരു: ജെഡിഎസ് നേതാവും ഹാസൻ ലോക്‌സഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ മറ്റൊരു ബലാത്സംഗക്കേസ് കൂടി രജിസ്റ്റര്‍ ചെയ്‌തു. ഫാം ഹൗസിലെ ജീവനക്കാരിയുടെ പരാതിയിലാണ് മൂന്നാമത്തെ കേസ് ഫയല്‍ ചെയ്‌തിരിക്കുന്നത്. ഇതോടെ പ്രജ്വലിനെതിരെ രജിസ്റ്റർ ചെയ്‌ത ബലാത്സംഗ കേസുകളുടെ എണ്ണം മൂന്നായി.
പ്രതി നിരവധി സ്‌ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിൻ്റെ ദൃശ്യങ്ങൾ മെയ് 8ന് ബെംഗളൂരുവിൽ നിന്ന് ചോർന്നതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ച് അന്വേഷണം ആരംഭിച്ചത്. ഐപിസി 376(2)(എൻ), 376(2)(കെ), 354(എ), 354(ബി), 354(സി), 506 എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. ആവർത്തിച്ചുള്ള ബലാത്സംഗം, വോയറിസം, ദൃശ്യങ്ങൾ ചിത്രീകരിക്കൽ, ലൈംഗിക ബന്ധത്തിന് ആവശ്യപ്പെടൽ, വലിച്ചിഴക്കൽ, പീഡിപ്പിക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ടാണ് കേസുകൾ.
ഫാം ഹൗസിൽ ജോലി ചെയ്യുന്നതിനിടെ പ്രജ്വൽ രേവണ്ണ തന്നെ ബലാത്സംഗം ചെയ്‌തതായി പെൺകുട്ടി സമ്മതിച്ചിരുന്നു. എന്നാൽ ഇരയുടെ വിശദാംശങ്ങൾ എസ്ഐടി വൃത്തങ്ങൾ പുറത്തുവിട്ടിട്ടില്ല. ഹാസനിലെ ഹോളനരസിപുരയിൽ പാചകക്കാരിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് പ്രജ്വൽ രേവണ്ണയ്‌ക്കെതിരായ ആദ്യ എഫ്ഐആർ.
പ്രജ്വലിൻ്റെ പിതാവും ഹോളനരസിപുര എംഎൽഎയുമായ എച്ച് ഡി രേവണ്ണയും കേസിൽ പ്രതിയാണ്. രണ്ടാമത്തെ കേസ് ജെഡിഎസ് പ്രവർത്തകയെ തോക്കിൻ മുനയിൽ നിർത്തി ബലാത്സംഗം ചെയ്‌തതാണ്.
നിലവിൽ പ്രജ്വൽ രേവണ്ണ ഒളിവിലാണ്. ഇയാൾ വിദേശത്താണെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഇയാളുടെ വിവരങ്ങൾ തേടി ഇൻ്റർപോൾ ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇതിനിടെ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരായ ലൈംഗികാതിക്രമ കേസ് സിബിഐക്ക് വിടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും കേസ് സിബിഐക്ക് വിടില്ലെന്നും കഴിഞ്ഞ ദിവസം സിദ്ധരാമയ്യ പറഞ്ഞു.
READ MORE: പ്രജ്വല്‍ രേവണ്ണ ലൈംഗിക അതിക്രമ കേസ്; അന്വേഷണം സിബിഐക്ക് വിടില്ലെന്ന് സിദ്ധരാമയ്യ