ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ജയിലില്‍ നിന്ന് തന്‍റെ ചുമതലകള്‍ നിര്‍വഹിക്കുന്നതിന് എന്തെങ്കിലും തടസ ഉത്തരവുകളുണ്ടോയെന്ന് ഡല്‍ഹി സര്‍ക്കാരിനോട് സുപ്രീം കോടതി. ജസ്റ്റിസുമാരായ അഭയ് എസ് ഒകയും അഗസ്റ്റിന്‍ ജോര്‍ജ് മാസിയും ഉള്‍പ്പെടുന്ന ബെഞ്ചാണ് ചോദ്യം ഉയര്‍ത്തിയത്. തന്‍റെ ശിക്ഷയില്‍ ഇളവ് വരുത്തുന്നത് സംബന്ധിച്ച് ഒരു കുറ്റവാളി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഈ ചോദ്യം ഉയര്‍ത്തിയത്.
കെജ്‌രിവാളിന്‍റെ ഒപ്പ് കിട്ടാത്തത് കൊണ്ട് ശിക്ഷാ ഇളവ് ഫയലുകളില്‍ കാലതാമസമുണ്ടാകുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ജയിലില്‍ നിന്ന് തന്‍റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതന് എന്തെങ്കിലും തടസങ്ങളുണ്ടോയെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയോട് കോടതി ചോദിച്ചു. ഇക്കാര്യം പരിശോധിക്കണമെന്നും നൂറ് കണക്കിന് പേരെ ഈ നടപടി ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കോടതി പാസാക്കിയ നിരവധി ഉത്തരവുകള്‍ ഇത്തരത്തില്‍ മുഖ്യമന്ത്രിയുടെ അനുമതി കാത്ത് കിടപ്പുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം സുപ്രധാന ഫയലുകളില്‍ ഒപ്പിടുന്നതില്‍ നിന്ന് മുഖ്യമന്ത്രിക്ക് എന്തെങ്കിലും വിലക്കുണ്ടോയെന്നും കോടതി ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ താന്‍ മറുപടി തേടാമെന്നും അതിന് ശേഷം കോടതിയെ അറിയിക്കാമെന്നും ഭാട്ടി വ്യക്തമാക്കി.
സിആര്‍പിസി 432 പ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു കുറ്റവാളിയുടെ ശിക്ഷയില്‍ ഇളവ് നല്‍കാന്‍ അധികാരമുണ്ട്. പൂര്‍ണമായും ശിക്ഷ റദ്ദാക്കുകയും ചെയ്യാം. ജയില്‍ പുള്ളിയുടെ സ്വഭാവം, പുനരധിവാസം, ആരോഗ്യം, ജയിലില്‍ കഴിഞ്ഞ സമയം എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ പരിശോധിച്ചാണ് ഇത്തരത്തില്‍ ശിക്ഷ ഇളവുകള്‍ നല്‍കുന്നത്.
Also Read: മദ്യനയ അഴിമതി കേസ്: കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതിയില്‍ വാദം തുടങ്ങി
ഇതിനിടെ മദ്യനയ അഴിമതി കേസിൽ റിമാന്‍ഡിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ ജാമ്യാപേക്ഷയിൽ കഴിഞ്ഞദിവസം വാദം തുടങ്ങി. മാര്‍ച്ച് 21നാണ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തത്. ജൂണ്‍ 26ന് സിബിഐയും അദ്ദേഹത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. സിബിഐയുടെ കേസില്‍ അദ്ദേഹം നിലവില്‍ ജയിലിലാണ്.
സിബിഐ രജിസ്‌റ്റർ ചെയ്‌ത കേസിലെ അറസ്‌റ്റും റിമാൻഡും നിയമ വിരുദ്ധമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലും സുപ്രീംകോടതി വാദം കേൾക്കും. മദ്യനയ അഴിമതി കേസിൽ അന്വേഷണം ആരംഭിച്ച് രണ്ട് വർഷത്തോളം സിബിഐ തന്നെ അറസ്‌റ്റ് ചെയ്‌തിട്ടില്ലെന്ന് അരവിന്ദ് കെജ്‌രിവാൾ സുപ്രീം കോടതിയെ അറിയിച്ചു. മാത്രമല്ല ഇഡി ഫയൽ ചെയ്‌ത കേസിൽ ജാമ്യം ലഭിച്ചതിന് ശേഷം ജൂൺ 26നാണ് സിബിഐ തന്നെ അറസ്‌റ്റ് ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അറസ്‌റ്റിന് മുമ്പ് സിബിഐ കെജ്‌രിവാളിന് നോട്ടിസ് നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്‌വി വ്യക്തമാക്കി. മാത്രമല്ല വിചാരണ കോടതി പുറപ്പെടുവിച്ച എക്‌സ്-പാർട്ട് ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ അറസ്‌റ്റ് ചെയ്‌തതെന്നും അഭിഷേക് സിങ്‌വി ജസ്‌റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചു.