ഭുവനേശ്വർ : പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിച്ച് മോഷണം നടത്തുന്ന കള്ളന്‍ പിടിയിൽ. വർഷങ്ങളായി ഒളിവിൽ കഴിയുകയായിരുന്ന മോഷ്‌ടാവാണ് ഭുവനേശ്വറിൽ നിന്ന് അറസ്‌റ്റിലായതെന്ന് പൊലീസ് അറിയിച്ചു. പരശുറാം ഗിരിയെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഇയാൾ കഴിഞ്ഞ ഒരു വർഷത്തിനിടെ നഗരത്തിൽ നടന്ന 21 മോഷണക്കേസുകളിലെങ്കിലും പ്രതിയാണെന്നും പൊലീസ് പറഞ്ഞു.
റസിഡൻഷ്യൽ കെട്ടിടങ്ങളാണ് പ്രതി മോഷണത്തിനായി തെരഞ്ഞെടുക്കാറ്. വലിയ കെട്ടിടങ്ങളുടെ ജനാലകൾ തകർത്ത് അകത്തുകയറി പണവും ആഭരണങ്ങളും മോഷ്‌ടിക്കുന്നതാണ് പ്രതിയുടെ രീതി. ലോക്‌സഭ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് നഗരത്തിൽ വലിയ സുരക്ഷാക്രമീകരണങ്ങൾ ഉള്ളതിനാൽ പൊലീസ് സ്ഥാപിച്ച ചെക്ക് പോസ്‌റ്റിൽവച്ചാണ് മോഷ്‌ടാവിനെ പിടികൂടിയത്.
മോഷണങ്ങളെല്ലാം പ്രതി ഒറ്റയ്‌ക്കാണ് നടത്തിയിരുന്നതെന്ന് പൊലീസ് കമ്മിഷണർ സഞ്ജീബ് പാണ്ഡെ പറഞ്ഞു. പിടിക്കപ്പെടുമ്പോൾ പ്രതിയുടെ പക്കൽ നിന്ന് 21 ലക്ഷം രൂപയും 50 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം, വെള്ളി ആഭരണങ്ങളും, രണ്ട് ഹൈ എൻഡ് മോട്ടോർസൈക്കിളുകളുടെ രേഖകളും, തലസ്ഥാനത്തെ അഞ്ച് ഫ്‌ളാറ്റുകളുടെ രേഖകളും പിടിച്ചെടുത്തെന്ന് പൊലീസ് അറിയിച്ചു.
Also read : ഓട് പൊളിച്ച് വീട്ടില്‍ കടന്ന് മൊബൈലും പണവും കവർന്നയാൾ പിടിയിൽ - Arrest
ഫ്ലാറ്റുകളിൽ ചിലത് ഇയാൾ വാടകയ്‌ക്ക് നൽകിയിട്ടുണ്ട്. മോഷ്‌ടിച്ച സമ്പാദ്യം കൊണ്ട് ബാലസോർ ജില്ലയിലെ സോറോയിലെ ജന്മസ്ഥലത്ത് ബഹുനില കെട്ടിടവും നിർമ്മിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ആഡംബരജീവിതം നയിച്ചിരുന്ന ഗിരി വിവിധ മെട്രോ നഗരങ്ങളിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിലാണ് താമസിച്ചിരുന്നത്. ബാറുകളിലും പബ്ബുകളിലും നിര്‍ബാധം പണം ചെലവഴിക്കുന്നത് ഇയാളുടെ പതിവായിരുന്നുവെന്നും പൊലീസ് പറഞ്ഞു.