ന്യൂഡൽഹി : 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ഇന്ന് (ജൂൺ 24) ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാർലമെന്‍റ് അംഗങ്ങൾ സമ്മേളനത്തിൽ സത്യപ്രതിജ്ഞ ചെയ്യും. ലോക്‌സഭ സമ്മേളനത്തിന്‍റെ ആദ്യ രണ്ട് ദിവസം അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് നടക്കുക. രാഷ്‌ട്രപതി ദ്രൗപതി മുർമു ലോക്‌സഭയുടെ പ്രോടേം സ്‌പീക്കറായ ബിജെപി അംഗം ഭർതൃഹരി മഹ്താബിന് സത്യവാചകം ചൊല്ലിക്കൊടുക്കും.
പ്രോ-ടേം സ്‌പീക്കറായി നിയമിതനായ ഭർതൃഹരി മഹ്‌താബാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുകയും സഭ നടപടികൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുക. ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. നാല് മണിയോടെയാണ് കേരളത്തിലെ എംപിമാരുടെ സത്യപ്രതിജ്ഞ നടക്കുക.
ജൂൺ 26 ന് ലോക്‌സഭ സ്‌പീക്കറെ തെരഞ്ഞെടുക്കും. ജൂൺ 27 ന് പ്രസിഡന്‍റ് ദ്രൗപതി മുർമു പാർലമെന്‍റിന്‍റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. പ്രോടേം സ്‌പീക്കര്‍ മുതല്‍ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വരെയുള്ള ചൂടേറിയ വിഷയങ്ങള്‍ ആദ്യദിനം മുതല്‍ സഭയെ പ്രക്ഷുബ്‌ധമാക്കുമെന്നാണ് സൂചന.
ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) 293 സീറ്റുകൾ നേടുകയും ഇന്ത്യ ബ്ലോക്ക് 234 സീറ്റുകൾ നേടുകയും കോൺഗ്രസിന് 99 സീറ്റുകൾ ലഭിക്കുകയും ചെയ്‌ത പൊതു തെരഞ്ഞെടുപ്പിന് ശേഷമുള്ള 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനമാണിത്.
അതേസമയം, പുതുതായി തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംപിമാരുടെ യോഗം ഇന്ന് രാവിലെ 10 മണിക്ക് പാർലമെന്‍റിലെ സിപിപി ഓഫീസിൽ വിളിച്ചു ചേർത്തിട്ടുണ്ട്. മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്‌റ്റ്-അണ്ടർ ഗ്രാജ്വേറ്റ് 2024 (നീറ്റ്-യുജി) പരീക്ഷകളിൽ ക്രമക്കേട് നടന്നതായി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആരോപിച്ചു. മാത്രമല്ല ഞങ്ങൾ വിദ്യാർഥികൾക്കൊപ്പം നിൽക്കുന്നതായും അവർ അറിയിച്ചു.
മുതിർന്ന കോൺഗ്രസ് അംഗമായ കെ സുരേഷിനെ അവഗണിച്ച് ബിജെപി നേതാവ് ഭർതൃഹരി മഹ്താബിനെ പ്രോടേം സ്‌പീക്കറായി നിയമിച്ചതിൽ പ്രതിപക്ഷം പ്രതിഷേധിക്കും. കോൺഗ്രസിലെ ഏറ്റവും മുതിർന്ന ദളിത് എംപിയായ കൊടിക്കുന്നിൽ സുരേഷിന് പകരം ഏഴ് തവണ ബിജെപി എംപിയായ ഭർതൃഹരി മഹ്താബിനെ ലോക്‌സഭ പ്രോടേം സ്‌പീക്കറായി നിയമിച്ച കേന്ദ്ര സർക്കാരിന്‍റെ തീരുമാനത്തിനെതിരെ കോൺഗ്രസ് രൂക്ഷമായി പ്രതികരിച്ചിരുന്നു. മുതിർന്ന അംഗത്തെ നിയമിക്കുന്ന ചിട്ടകളിൽ നിന്ന് വ്യതിചലിച്ചാണ് ബിജെപിയുടെ ഇപ്പോഴത്തെ നിയമനമെന്ന് കോൺഗ്രസ് ആരോപിച്ചു.
ALSO READ : 'പ്രിയങ്ക ഗാന്ധി പാര്‍ലമെന്‍റിലെ കരുത്തുറ്റ ശബ്‌ദമാകും, തീരുമാനം വളരെ മികച്ചത്': ശശി തരൂര്‍