രാജസ്ഥാൻ: അഴിമതി ഇല്ലാതാക്കൂ എന്ന് മോദി പറയുമ്പോള്‍ അഴിമതിക്കാരെ രക്ഷിക്കൂ എന്നാണ് മറ്റുള്ളവർ പറയുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ കരൗലിയിൽ നടന്ന വിജയശംഖനാദ് റാലിയിലാണ് മോദിയുടെ പരാമര്‍ശം. അഴിമതിക്കാരെല്ലാം ജയിലിൽ പോകേണ്ടിവരുമെന്നും മോദി മുന്നറിയിപ്പ് നൽകി.
അഴിമതിക്കെതിരെ കർശന നടപടി സ്വീകരിച്ച് വരികയാണെന്ന് റാലിയെ അഭിസംബോധന ചെയ്‌തു കൊണ്ട് മോദി പറഞ്ഞു. എല്ലാവരും അറിയണം, മോദിയെ എത്ര ഭീഷണിപ്പെടുത്തിയാലും അഴിമതിക്കാർ ജയിലിൽ പോകേണ്ടിവരും. ഇതാണ് മോദിയുടെ ഗ്യാരണ്ടിയെന്നും അദ്ദേഹം പറഞ്ഞു.
'വിശ്രമിക്കാനും ഉല്ലസിക്കാനും വേണ്ടിയല്ല മോദി ജനിച്ചത്. മോദി കഠിനാധ്വാനം ചെയ്യുകയാണ്. കാരണം അദ്ദേഹത്തിന്‍റെ ലക്ഷ്യങ്ങൾ വളരെ വലുതാണ്. ലക്ഷ്യങ്ങൾ രാജ്യത്തെ പൗരന്മാരോടും അവരുടെ കുട്ടികളോടും ഭാവി തലമുറയോടും മാത്രം ബന്ധപ്പെട്ടതാണ്.' -മോദി പറഞ്ഞു.
കോണ്‍ഗ്രസിന് വിമര്‍ശനം :
കോൺഗ്രസ് അധികാരത്തിലിരുന്നപ്പോൾ പേപ്പർ ചോർച്ച മാഫിയ ശൃംഖല തന്നെ വികസിപ്പിച്ചെടുത്തെന്ന് മോദി ആരോപിച്ചു. ബിജെപി സർക്കാർ അധികാരത്തിൽ വന്നാൽ ഇത്തരം മാഫിയകൾ ജയിലിൽ പോകുമെന്നത് മോദിയുടെ ഗ്യാരണ്ടി ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജസ്ഥാനിൽ വോട്ട് ബാങ്കിന് വേണ്ടി കോൺഗ്രസ് വൃത്തികെട്ട കളി കളിച്ചു. മദൻ മോഹനെ സംരക്ഷിക്കാൻ ജീവൻ ബലിയർപ്പിക്കാൻ തയ്യാറായ നാടാണിത്. പ്രീണന രാഷ്‌ട്രീയത്തിൽ, ഇവിടെ രാമനവമി ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടായി. അവര്‍ സനാതന ധർമ്മത്തെ തകര്‍ക്കുന്നതിനെ പറ്റിയാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്‍റെ രാജകുമാരൻ വിദേശത്ത് പോയി ഇന്ത്യയെ വിമർശിക്കുകയാണ്. ഇന്ത്യ സർജിക്കൽ സ്‌ട്രൈക്ക് നടത്തിയപ്പോൾ കോൺഗ്രസ് നേതാക്കൾ സൈന്യത്തിന്‍റെ ധീരതയുടെ തെളിവ് ചോദിക്കുകയാണ് ചെയ്‌തതെന്നും അദ്ദേഹം ആരോപിച്ചു.
കച്ചത്തീവ് വിഷയം വീണ്ടും...
'കച്ചത്തീവില്‍ ആരും താമസിക്കുന്നില്ല എന്ന കാരണം പറഞ്ഞാണ് കോൺഗ്രസ് നേതാക്കൾ ഈ കൊള്ളരുതായ്‌മയെ ന്യായീകരിക്കുന്നത്. ഒരാൾ അവിടെ ജീവിച്ചോ ഇല്ലയോ എന്നതാണോ വിഷയം? കച്ചത്തീവില്‍ ആരും താമസിക്കുന്നില്ല എന്നതിനാൽ അത് വിട്ടുകൊടുക്കാൻ കഴിയുമോ? ഇതാണോ അവരുടെ സമീപനം? അവർക്ക് ഇന്ത്യയിലെ ഒരു ഒഴിഞ്ഞ ഭൂമി വെറും നിലം മാത്രമാണ്. രാജസ്ഥാൻ അതിർത്തിയിലെ ഒഴിഞ്ഞ ഭൂമിയും കോൺഗ്രസുകാർ ആർക്കും വിട്ടുകൊടുത്തേക്കുമെന്നും മോദി പറഞ്ഞു.
സ്വജനപക്ഷപാതത്തിലും അഴിമതിയിലും മുങ്ങിയ കോൺഗ്രസാണ് രാജസ്ഥാനിലെ ജലക്ഷാമത്തിന് ഉത്തരവാദികളെന്നും മോദി ആരോപിച്ചു. വെള്ളം നൽകാൻ കേന്ദ്രം ജൽ ജീവൻ മിഷൻ ആരംഭിച്ചെങ്കിലും കോൺഗ്രസ് വർഷങ്ങളായി അത് മുടക്കി വെച്ചിരിക്കുകയായിരുന്നു എന്നും മോദി ആരോപിച്ചു.
പദ്ധതി 100 ദിവസം കൊണ്ട് ഭജൻ ലാലിന്‍റെ സർക്കാർ പാസാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ഹരിയാനയുമായുള്ള കരാറോടെ രാജസ്ഥാനിലെ നിരവധി ജില്ലകളില്‍ വെള്ളമെത്തും. ഹരിയാനയിലും രാജസ്ഥാനിലും കേന്ദ്രത്തിലും ബിജെപി സർക്കാർ ഉള്ളതിനാലാണ് ഇത് സാധ്യമായതെന്നും മോദി കൂട്ടിച്ചേർത്തു.