താനെ (മഹാരാഷ്‌ട്ര) : മഹാരാഷ്‌ട്രയിലെ താനെയില്‍ കാമുകന്‍റെ സഹായത്തോടെ ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി. ഭർത്താവിന് മറ്റൊരു സ്‌ത്രീയുമായുള്ള സൗഹൃദം മനസിലാക്കിയതാണ് കൊലപാതക കാരണം. കാമുകന്‍റെ സഹായത്തോടെ ഡൽഹിയിലെ ഗുണ്ടകൾക്ക് ക്വട്ടേഷൻ കൊടുത്താണ് ഭർത്താവിനെ കൊലപ്പെടുത്തിയത്.
അംബർനാഥ് വെസ്‌റ്റിലെ അംബർനാഥ് - ബദ്‌ലാപൂർ റോഡിലെ ധാബയ്ക്ക് മുന്നിലാണ് സംഭവം. അംബർനാഥ് പൊലീസ് സ്‌റ്റേഷനിൽ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ്, മുഖ്യപ്രതിയായ ഭാര്യയേയും കാമുകനെയും പൊലീസ് അറസ്‌റ്റ് ചെയ്‌തു. പ്രതികളിൽ മൂന്ന് പേർ ഡൽഹിയിൽ താമസിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
മരിച്ച രമേഷ് ഝാ (48) ഡൽഹി സ്വദേശിയാണെന്നും അംബർനാഥ് എംഐഡിസിയിലെ ഒരു കമ്പനിയിൽ തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതിയായ ഭാര്യ സുമൻദേവിക്കും രണ്ട് കുട്ടികൾക്കുമൊപ്പം അംബർനാഥ് വെസ്‌റ്റിലെ സർവേദയനഗർ ഏരിയയിലാണ് ഇയാൾ താമസിച്ചിരുന്നത്. ഫെബ്രുവരി 25 ന് രാത്രി 9.30ന് അംബർനാഥ് വെസ്‌റ്റ് ഏരിയയിലെ അംബർനാഥ്-ബദ്‌ലാപൂർ റോഡിലെ ധാബയ്ക്ക് മുന്നിലെ റോഡിൽ വച്ച് രണ്ട് അജ്ഞാതരായ അക്രമികൾ രമേഷ് ഝായെ കുത്തിക്കൊലപ്പെടുത്തിയെന്ന് അയാളുടെ മകൻ അംബർനാഥ് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി.
കുറ്റകൃത്യത്തിന്‍റെ ഗൗരവം മനസിലാക്കി ക്രൈംബ്രാഞ്ചും ലോക്കൽ പൊലീസും സമാന്തര അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍ കൊലയാളികളിൽ രണ്ട് പേർ റിക്ഷയില്‍ കയറി പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. തുടർന്ന് പ്രതികൾ ഡല്‍ഹിയിലേക്ക് കടന്നതായും പൊലീസിന് വിവരം ലഭിച്ചു. പൊലീസ് ഉടൻ തന്നെ ഡൽഹിയിലെത്തി റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പ്രതികളെ അറസ്‌റ്റ് ചെയ്‌തു. പ്രതികളെ ചോദ്യം ചെയ്‌തപ്പോഴാണ് കൊലപാതകത്തെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തായത്.
പ്രതികളെ കുറിച്ച് പൊലീസ് വിശദമായി നടത്തിയ അന്വേഷണത്തില്‍ പ്രതിയായ സ്‌ത്രീ (സുമൻദേവി) രമേഷ് ഝായുടെ ഭാര്യയാണെന്ന് കണ്ടെത്തി. 25 വർഷങ്ങൾക്ക് മുമ്പാണ് ഇവർ വിവാഹം കഴിച്ചത്, അതില്‍ ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്. പ്രതി പത്ത് വര്‍ഷമായി മക്കൾക്കൊപ്പം ഡൽഹിയിൽ താമസിക്കുകയായിരുന്നെന്നും ധരംവീർ ഗുപ്‌ത എന്ന വ്യക്തിയുമായി പ്രതിക്ക് സൗഹൃദം ഉണ്ടായിരുന്നെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
തുടർന്ന് 2022 ൽ ഇവര്‍ കാമുകനെ ഡൽഹിയിൽ ഉപേക്ഷിച്ച് അംബർനാഥ് നഗരത്തിൽ ഭർത്താവിനൊപ്പം താമസിക്കുകയായിരുന്നു. എന്നാൽ രമേശ് ഝായ്‌ക്ക് മറ്റൊരു സ്‌ത്രീയുമായി അടുപ്പമുണ്ടെന്ന് സുമൻദേവി കണ്ടെത്തി. ഈ വിവരം സുമന്‍ദേവി തന്‍റെ കാമുകനോട് പറയുകയും ഇരുവരും ചേർന്ന് രമേഷ് ഝായെ കൊല്ലാൻ ഗൂഢാലോചന നടത്തുകയും ചെയ്‌തു. മാത്രമല്ല രമേഷിനെ കൊല്ലാൻ ഡൽഹിയിലെ രണ്ട് ഗുണ്ടാസംഘങ്ങൾക്ക് ഇവര്‍ ക്വട്ടേഷൻ നല്‍കുകയും ചെയ്‌തു. ഇതനുസരിച്ച് കൊലയാളികൾ രമേഷിനെ രണ്ട് മൂന്ന് ദിവസം നിരീക്ഷിച്ചതിന് ശേഷം കൃത്യം നടത്തുകയായിരുന്നു. ഡൽഹിയിൽ നിന്നെത്തിയ മൂന്ന് പ്രതികളും അംബർനാഥ് നഗരത്തിലെ ലോഡ്‌ജിൽ താമസിച്ചിരുന്നതായി പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
അതിനിടെ, പ്രതിയായ സുമന്‍ദേവിയേയും കാമുകൻ ധരംവീർ ഗുപ്‌തയേയും ഡൽഹി പൊലീസ് അറസ്‌റ്റ് ചെയ്‌തു. രമേഷിനെ കൊല്ലാനായി പണം നൽകാമെന്ന് പ്രതികൾ വാഗ്‌ദാനം ചെയ്‌തതായി സീനിയർ പൊലീസ് ഇൻസ്പെക്ടർ ജഗന്നാഥ് കൽസ്‌കർ പറഞ്ഞു. പ്രതിയായ ഭാര്യയ്‌ക്കും കാമുകനുമൊപ്പം ഗുണ്ടാസംഘത്തിലെ ഒരാളെയും പൊലീസ് അറസ്‌റ്റ് ചെയ്‌തു. മൂന്ന് പ്രതികളെയും മാർച്ച് അഞ്ച് വരെ പൊലീസ് കസ്‌റ്റഡിയിൽ വിട്ടു. സംഭവത്തിൽ അംബർനാഥ് പൊലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് സീനിയർ പൊലീസ് ഇൻസ്പെക്ടർ ജഗന്നാഥ് കൽസ്‌കർ അറിയിച്ചു.