ശ്രീനഗർ : അഖ്‌നൂർ സെക്‌ടറിലെ നിയന്ത്രണരേഖയ്‌ക്ക് സമീപം സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ വെടിവയ്‌പ്പില്‍ ഒരു ഭീകരൻ കൊല്ലപ്പെട്ടു. സൈനിക ആംബുലൻസിന് നേരെ വെടിയുതിര്‍ത്ത ഭീകരനെയാണ് സുരക്ഷാസേന വധിച്ചത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്ന് നടത്തിയ തെരച്ചിലിനിടെ സുരക്ഷാസേനയും ഭീകരരും തമ്മിൽ വെടിവയ്‌പ്പ് ഉണ്ടായതായി അധികൃതർ അറിയിച്ചു.
പുലർച്ചെ ജോഗ്വാനിലെ അസാൻ ക്ഷേത്രത്തിന് സമീപത്തെ പ്രധാന റോഡിലൂടെ കടന്നുപോകുകയായിരുന്ന ആർമി ആംബുലൻസിന് നേരെ 4 ഭീകരർ വെടിയുതിർത്തിരുന്നു. തുടർന്നാണ് ഖൗറിലെ ഭട്ടൽ മേഖലയിൽ തെരച്ചിൽ ആരംഭിച്ചത്. ഇതിനിടെ കണ്ടെത്തിയ ഭീകരനെയാണ് സുരക്ഷാസേന വധിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഭീകരരെ പിടികൂടാൻ മേഖലയിൽ സേനയെ എത്തിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. 4 ഭീകരർ ഉണ്ടെന്നാണ് കരുതുന്നത്. അവർ രാത്രിയിൽ അതിർത്തിക്കപ്പുറത്ത് നിന്ന് ജമ്മുവിലേക്ക് നുഴഞ്ഞുകയറിയതാണ്. ശേഷം, ഭീകരര്‍ ഒരു ക്ഷേത്രത്തിൽ പ്രവേശിച്ചു, സൈനിക ആംബുലൻസ് കടന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഭീകരര്‍ വെടിയുതിർക്കുകയായിരുന്നു, ഒരു ഡസനിലധികം ബുള്ളറ്റുകൾ ആംബുലൻസിൽ തുളച്ചു കയറിയെന്നും അധികൃതര്‍ അറിയിച്ചു.