ന്യൂഡൽഹി : ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 400 സീറ്റുകൾ ലഭിച്ചാൽ മഥുരയിലും വാരണാസിയിലും ക്ഷേത്രങ്ങൾ നിർമിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ബിജെപിക്ക് 300 സീറ്റ് ലഭിച്ചപ്പോൾ അയോധ്യയിൽ രാമക്ഷേത്രം നിർമിച്ചു. ഇനി 400 സീറ്റ് ലഭിച്ചതിന് ശേഷം മഥുരയിലെ കൃഷ്‌ണ ജന്മഭൂമി സ്ഥലത്തും വാരണാസിയിൽ ഗ്യാന്‍വാപി മസ്‌ജിദിന് പകരവും ക്ഷേത്രങ്ങൾ നിർമിക്കുമെന്ന് ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പാക് അധീന ജമ്മു കശ്‌മീർ (Pakistan-Occupied Jammu and Kashmir - PoJK) ഇന്ത്യയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിൻ്റെ ഭരണകാലത്ത് പാക് അധീന കശ്‌മീരുമായി ബന്ധപ്പെട്ട് പാർലമെൻ്റിൽ ഒരു ചർച്ച പോലും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 'കോൺഗ്രസ് സർക്കാർ അധികാരത്തിലിരുന്നപ്പോൾ, ഒരു കശ്‌മീർ ഇന്ത്യയിലും മറ്റൊന്ന് പാകിസ്ഥാനിലും ആണെന്നാണ് അവർ നമ്മളോട് പറഞ്ഞത്. പാകിസ്ഥാൻ കശ്‌മീർ കയ്യടക്കിയതുമായി ബന്ധപ്പെട്ട് നമ്മുടെ പാർലമെൻ്റിൽ ഒരിക്കലും ചർച്ച ചെയ്‌തിട്ടില്ല.
പാകിസ്ഥാൻ കയ്യേറിയ കശ്‌മീർ യഥാർഥത്തിൽ നമ്മുടേതാണ്. ഇപ്പോൾ അവിടെ പ്രക്ഷോഭം നടക്കുകയാണ്. എല്ലാ ദിവസവും പാക് അധീന കശ്‌മീരിൽ ഇന്ത്യൻ ത്രിവർണ പതാക ഉയർത്തി ജനങ്ങൾ പ്രതിഷേധിക്കുകയാണ്' -ഹിമന്ത ബിശ്വ ശർമ വ്യക്തമാക്കി.
സംവരണത്തിന് കൂടുതൽ ശക്തി പകരാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്നും അസം മുഖ്യമന്ത്രി തറപ്പിച്ചു പറഞ്ഞു. 'പ്രധാനമന്ത്രി മോദി തന്നെ ഒബിസി വിഭാഗത്തിൽ നിന്നാണ് വരുന്നത്. 10 വർഷമായി ബിജെപി അധികാരത്തിലാണ്. സംവരണത്തിന് കൂടുതൽ കരുത്ത് പകരാനാണ് ഞങ്ങളുടെ സർക്കാർ ശ്രമിക്കുന്നത്.
എസ്‌സി, എസ്‌ടി, ഒബിസി സംവരണം അവസാനിപ്പിക്കാനും മുസ്ലീങ്ങൾക്ക് സംവരണം നൽകാനും കോൺഗ്രസ് ആഗ്രഹിക്കുന്നു. അവർ കർണാടകയിൽ അതിനുള്ള നീക്കം തുടങ്ങിക്കഴിഞ്ഞു', അസം മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നേരത്തെ, പാകിസ്ഥാൻ അധിനിവേശ ജമ്മു കശ്‌മീരിലെ പ്രതിഷേധത്തിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പ്രതികരിച്ചിരുന്നു. 'ഇത് ഇന്ത്യയാണ്, എന്നും അങ്ങനെയായിരിക്കും' എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ.
തിങ്കളാഴ്‌ച പാകിസ്ഥാൻ അർധസൈനിക റേഞ്ചർമാർ, നിയമവിരുദ്ധമായി പാക് അധീന കശ്‌മീരിൽ നുഴഞ്ഞുകയറുകയും നിരവധി പ്രതിഷേധക്കാരെ വെടിവച്ചു കൊല്ലുകയും ചെയ്‌തിരുന്നു. ഡസൻ കണക്കിന് ആളുകൾക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. വൈദ്യുതി ബില്ലിന്മേലുള്ള നികുതി, സബ്‌സിഡി വെട്ടിക്കുറയ്‌ക്കൽ, പ്രധാനമന്ത്രിയുടെയും രാഷ്‌ട്രപതിയുടെയും ആനുകൂല്യങ്ങളും പ്രത്യേകാവകാശങ്ങളും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആയിരക്കണക്കിന് പ്രദേശവാസികളാണ് തെരുവിലിറങ്ങിയത്.