ഹൈദരാബാദ് : ഞായറാഴ്‌ച (മെയ് 26) ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ഹൈദരാബാദിൽ വ്യാപക നാശനഷ്‌ടം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്‍റെ ഫലമായാണ് ഹൈദരാബാദിൽ മഴ ലഭിച്ചത്. ഇന്നലെ ഉച്ചതിരിഞ്ഞാണ് ശക്തമായ കാറ്റും മഴയും ഉണ്ടായത്. ഇതേ തുടര്‍ന്ന് വിവിധ അപകടങ്ങളിലായി 13 മരണങ്ങൾ സംഭവിച്ചു.
നാഗർകുർണൂൽ ജില്ലയിൽ മാത്രം ഏഴു പേർ മരിച്ചു. കാറ്റിലും മഴയിലും ഷെഡ് തകർന്ന് അച്‌ഛനും മകളുമടക്കം നാല് പേരും ഇടിമിന്നലേറ്റ് രണ്ട് പേരും ഒരു ഡ്രൈവറുമാണ് ജില്ലയിൽ മരിച്ചത്. ഹൈദരാബാദിൽ നാലുപേരും മേഡക്കിൽ രണ്ടുപേരും മരിച്ചു.
പല ജില്ലകളിലും വൻ മരങ്ങളും വൈദ്യുതത്തൂണുകളും ഒടിഞ്ഞുവീണ് പലയിടത്തും ഗതാഗതം തടസപ്പെട്ടു. സംസ്ഥാനത്ത് മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. ശക്തമായ കാറ്റിൽ വീടുകളിലെയും റോഡുകളിലെയും സാധനങ്ങൾ ചിതറിവീണു. നാഗർകുർണൂൽ ജില്ലയിലാണ് മഴ ശക്‌തമായി പെയ്‌തത്. രംഗറെഡ്ഡി, മെഡ്‌ചൽ മൽക്കാജ്‌ഗിരി ജില്ലകളിൽ പലയിടത്തും ശക്തമായ കാറ്റ് അനുഭവപ്പെട്ടു. നൽഗൊണ്ട ജില്ലയിലെ ഘാൻപൂർ, ഇബ്രാഹിംപേട്ട്, ഗുർറാംപോട് മണ്ഡലങ്ങളിലും അതിശക്‌തമായ മഴ അനുഭവപ്പെട്ടു.
ഹൈദരാബാദിൽ ഇന്നലെയുണ്ടായ ശക്തമായ കാറ്റിൽ മരങ്ങളും, കൊമ്പുകളും, വീണ് റോഡുകൾക്കും വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഒന്നിലധികം നിലകളിലുള്ള നിരവധി ഹോർഡിങുകളെയും കെട്ടിടങ്ങളെയും ഇത് ബാധിച്ചു. കൂടാതെ, ശക്തമായ കാറ്റിനൊപ്പം മഴ പെയ്‌തത് കൂടുതൽ നാശനഷ്‌ടങ്ങൾ ഉണ്ടാകാൻ കാരണമായി.
ഹയാത്‌നഗർ, വനസ്ഥലിപുരം, എൽബി നഗർ, മൽകാജ്‌ഗിരി, മേഡ്‌ചൽ, ഷമീർപേട്ട്, കീസര, ഘട്‌കേസർ, കുക്കട്ട്‌പള്ളി, മിയാപൂർ, സെരിലിംഗംപള്ളി, ഐടി കോറിഡോർ എന്നീ സ്ഥങ്ങളിലാണ് മഴ നാശം വിതച്ചത്. മോശം കാലാവസ്ഥ ഗതാഗതം തടസപ്പെടുത്തുകയും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്‌തു. വനസ്ഥലിപുരം ഗണേശക്ഷേത്രത്തിന്‍റെ പരിസരത്ത് കാനറ ബാങ്ക് റോഡിൽ കാറിനും ഓട്ടോയ്ക്കും മുകളിൽ മരം വീണു.
പല ജില്ലകളിലെയും വെയിലിന്‍റെ തീവ്രത : അതേസമയം, ഇന്നലെ (മെയ് 26) സംസ്ഥാനത്ത് താപനില 46.5 ഡിഗ്രിയിൽ എത്തിയിരുന്നു. ജഗിത്യാല ജില്ലയിലെ ധർമപുരി മണ്ഡലത്തിലെ ജൈനിലാണ് 46.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. അതുപോലെ തന്നെ ബുദ്ദേപള്ളി മണ്ഡലത്തിൽ 46.1 ഡിഗ്രിയും, ബെല്ലംപള്ളി ജില്ലയിൽ 45.8 ഡിഗ്രിയും, പെദ്ദപ്പള്ളി ജില്ലയിൽ 45.8 ഡിഗ്രിയും, കോരുട്‌ല മണ്ഡലത്തിൽ 45.6 ഡിഗ്രിയും, ധർമപുരി മണ്ഡലം നെരെല്ലയിൽ 45.6 ഡിഗ്രിയും,
ഭീംപൂർ മണ്ഡലത്തിൽ 45.2 ഡിഗ്രിയും, മഞ്ചിറയിൽ 45 ഡിഗ്രിയും, പള്ളപ്പള്ളി ജില്ലയിൽ 45 ഡിഗ്രിയും, ദാൽ സെൻ്ററിൽ 45 ഡിഗ്രിയും, നിർമൽ ഡിസ്‌ട്രിക്‌ട് സെന്‍ററിൽ 45 ഡിഗ്രിയും, മഞ്ചിരിയാല ജില്ല ജന്നാരം മണ്ഡലം തപാൽപൂരിൽ 45 ഡിഗ്രിയുമായിരുന്നു താപനില. മറ്റു ചില ജില്ലകളിൽ 44.8 മുതൽ 44.9 ഡിഗ്രി വരെ താപനില രേഖപ്പെടുത്തിയിട്ടുണ്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സംസ്ഥാനത്ത് വരണ്ട കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നാഗർകുർണൂൽ ജില്ലയിൽ ഏഴുപേർ മരിച്ചു : നാഗർകൂർനൂൽ ജില്ലയിലെ തടൂരിൽ ഇന്ദ്രക്കൽ റോഡിന് സമീപം കർഷകനായ മല്ലേഷ് (38) തൻ്റെ പറമ്പിൽ തകര ഷെഡ് നിർമ്മിക്കുകയായിരുന്നു. ഭാര്യ പാർവതമ്മ, മകൻ രാജു, മകൾ അനുഷ (12), പെഡ്ഡ കോതപ്പള്ളി മണ്ഡലം മുഷ്‌ടിപ്പള്ളി സ്വദേശികളായ രണ്ട് വിദഗ്‌ധ തൊഴിലാളികൾ, രണ്ട് ദിവസക്കൂലിക്കാരായ ചെന്നമ്മ (38), രാമുഡു (36) എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ശക്തമായ കാറ്റും മഴയും തുടങ്ങിയതോടെ മല്ലേഷും കുടുംബവും കൊത്തുപണിക്കാരായ ചിന്ന നാഗുലു, കുർമയ്യ, ചെന്നമ്മ, രാമുഡു, അയൽവാസിയായ നാഗരാജു എന്നിവർ ഷെഡിൽ കയറി നിന്നു. എന്നാല്‍ നിർമ്മാണത്തിലിരുന്ന ഷെഡ് തകർന്ന് വീണാണ് അപകടമുണ്ടായത്. മല്ലേഷ്, അനുഷ, ചെന്നമ്മ, രാമുഡു എന്നിവർ അപ്പോൾ തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ പാർവതമ്മ, രാജു, ചിന്ന നാഗുലു, നാഗരാജു എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാഗർകുർണൂലിൽ മാന്താട്ടി ഗേറ്റിന് സമീപം തകര ഷെഡിലെ കല്ല് വീണ് വേണുഗോപാൽ (38) എന്ന വ്യക്തിയും മരിച്ചു. വികാരാബാദ് ജില്ലയിലെ ബഷീരാബാദ് മണ്ഡലത്തിലെ വേണുഗോപാൽ കാർ ഡ്രൈവറായിരുന്നു. ശ്രീശൈലത്തിലേക്കുള്ള യാത്ര കഴിഞ്ഞ് മടങ്ങുമ്പോൾ മണ്ടാട്ടി ഗേറ്റിന് സമീപത്തെ തകരപ്പുരയിൽ നിന്നുള്ള കല്ല് ഇയാളുടെ കാറിൻ്റെ മുൻവശത്തെ ഗ്ലാസിൽ തട്ടി മാരകമായി പരിക്കേൽക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അദ്ദേഹം മരിച്ചത്. കൂടാതെ, തെൽക്കപ്പള്ളി സ്വദേശി ലക്ഷ്‌മണൻ (12), തിമ്മാജിപേട്ട മണ്ഡലം മാരേപ്പള്ളി സ്വദേശി കുമ്മാരി വെങ്കടയ്യ (54) എന്നിവരും ഇന്നലെ ഇടിമിന്നലേറ്റ് മരിച്ചു.
ഹൈദരാബാദിൽ നാല് പേർ മരിച്ചു : മേഡ്‌ചൽ മൽകാജ്‌ഗിരി ജില്ലയിലെ ഷമീർപേട്ടിലേക്ക് ഇരുചക്രവാഹനത്തിൽ പോകുകയായിരുന്ന യാദാദ്രി ജില്ലയിലെ നാഗി റെഡ്ഡിയുടെയും ധനുഞ്ജയ്‌യുടെയും മേൽ ശക്തമായ കാറ്റിൽ മരം വീണു. 56 വയസ്സുള്ള നാഗി റെഡ്ഡി സംഭവസ്ഥലത്തും 44 വയസുള്ള ധനുഞ്ജയ് ഗുരുതരമായ പരിക്കുകളോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെയും മരിച്ചു.
ഹഫീസ്പേട്ടിലെ സായ് നഗറിൽ, ഒരു വീടിൻ്റെ മൂന്നാം നിലയിലെ തകര ഷെഡ് തകർന്ന് വീണു. ഷെഡ് തകർന്ന് അതുവഴി കടന്നുപോയ 3 വയസ്സുള്ള സമദ് എന്ന കുട്ടിയുടെയും 45 വയസ്സുള്ള റാഷിദിൻ്റെയും മേൽ ഇഷ്‌ടികകൾ വീണു. കുട്ടി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു, റാഷിദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.
പൗൾട്രി ഫാമിൻ്റെ മതിൽ ഇടിഞ്ഞുവീണ് രണ്ടുപേർ മരിച്ചു : മേഡക് ജില്ലയിലെ തൂപ്രൻ മണ്ഡലിലെ ഘാൻപൂർ ഗ്രാമത്തിൽ നിന്നുള്ള ഗംങ് ഗൗരിശങ്കർ (30), ഹൈദരാബാദിലെ ചന്ദ്രയങ്കുട്ടയിൽ നിന്നുള്ള ഭാഗമ്മ (50) (ഗൗരിശങ്കറിൻ്റെ ഭാര്യാസഹോദരി) എന്നിവർ ശക്തമായ കാറ്റിൽ മതിൽ ഇടിഞ്ഞുവീണ് മരിച്ചു. ഒപ്പമുണ്ടായിരുന്ന ഗംഗാമാധവി, വിഭൂതി ശ്വേത, ഇന്ദ്രജ, ഗ്യാങ് സുനിത എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ ലക്ഷ്‌മക്കപള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ALSO READ : റിമാൽ വടക്കോട്ട് നീങ്ങുന്നു ; ചുഴലിക്കാറ്റ് ക്രമേണ ദുർബലമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്