ഹൈദരാബാദ്: മാതാപിതാക്കളോട് വഴക്കിട്ട് വീടുവിട്ടിറങ്ങിയ പതിനാറുകാരിയെ ടാക്‌സി ഡ്രൈവര്‍ ബലാത്സംഗം ചെയ്‌തു. സെക്കന്ദരാബാദിലെ തുക്കാറാം ഗേറ്റ് പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. പ്രതിയെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.
പൊലീസ് പറയുന്നതിങ്ങനെ :
തുക്കാറാം പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് കുടുംബം താമസിക്കുന്നത്. പതിനാറുകാരിയായ പെണ്‍കുട്ടി ഫോണിൽ അമിതമായി സംസാരിക്കുന്നത് മാതാപിതാക്കൾ പല തവണ വിലക്കിയിരുന്നു. ഈ മാസം 19-ന് പെണ്‍കുട്ടി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ മാതാപിതാക്കള്‍ കുട്ടിയെ ശാസിച്ചു. തുടര്‍ന്ന് വഴക്കായി. വഴക്കിനെ തുടര്‍ന്ന് പെണ്‍കുട്ടി വീടുവിട്ടിറങ്ങി.
അതേ ദിവസം തന്നെ, മകളെ കാണാനില്ലെന്ന് തുക്കാറാം ഗേറ്റ് പൊലീസ് സ്‌റ്റേഷനിൽ മാതാപിതാക്കൾ പരാതി നൽകിയിരുന്നു. തുടർന്ന് തിരോധാനത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം നടത്തി.
ഹബ്‌സിഗുഡയിലെ വർക്കിങ് മെൻസ് ഹോസ്‌റ്റലിൽ താമസിക്കുന്ന സന്ദീപ് റെഡ്ഡി (28) എന്ന ടാക്‌സി ഡ്രൈവര്‍ ഡ്യൂട്ടിയിലിരിക്കെ, പെൺകുട്ടി ഒറ്റയ്ക്ക് റോഡിലൂടെ നടക്കുന്നത് കണ്ടു. എവിടെ പോകുന്നു എന്ന് തിരക്കിയ സന്ദീപ് റെഡ്ഡി പെൺകുട്ടിയെ വാഹനത്തിൽ കയറ്റി. തുടര്‍ന്ന് കുക്കട്ട്പള്ളി, കൊണ്ടാപൂർ, ടാങ്ക്ബണ്ട്, തുടങ്ങിയ സ്ഥലങ്ങളില്‍ പെണ്‍കുട്ടിയെ കൊണ്ടുപോയി. പിന്നീട് പെണ്‍കുട്ടിയെ കബളിപ്പിച്ച് കാച്ചിഗുഡയിലെ ലോഡ്‌ജിലെത്തിച്ചു.
ഇവിടെ വെച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡന വിവരം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ഇയാള്‍ സ്ഥലംവിട്ടു. പെൺകുട്ടി ഉടൻ വീട്ടിലെത്തി മാതാപിതാക്കളോട് സംഭവം വിവരിച്ചു. മാതാപിതാക്കള്‍ തുക്കാറാം ഗേറ്റ് പൊലീസില്‍ പരാതി നൽകി. സംഭവത്തില്‍ കേസെടുത്ത പൊലീസ് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. അറസ്‌റ്റിലായ പ്രതിയിപ്പോള്‍ റിമാന്‍ഡിലാണ്.
Also Read : ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്‌ത ട്യൂഷൻ അധ്യാപകൻ അറസ്‌റ്റിൽ - MINOR RAPED IN LATEHAR