ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ഉടൻ തന്നെ സെന്തിൽ ബാലാജിയെ തമിഴ്‌നാട്ടിൽ മന്ത്രിയായി നിയമിച്ചതിൽ സുപ്രീം കോടതിക്ക് അതൃപ്‌തി. ബാലാജിയുടെ മന്ത്രിസഭയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളെക്കുറിച്ച് എടുത്ത് പറഞ്ഞാണ് ബെഞ്ച് അതൃപ്‌തി പ്രകടിപ്പിച്ചത്.
കേസിലെ പരാതിക്കാരിൽ ഒരാളായ കെ വിദ്യാ കുമാർ സമർപ്പിച്ച ഹര്‍ജിയില്‍ ബാലാജിയുടെ പ്രതികരണം തേടിയ ബെഞ്ച്, നീതി നടപ്പാക്കുക മാത്രമല്ല, പ്രകടമായി കാണുകയും വേണം എന്നതാണ് അടിസ്ഥാന തത്വം എന്നും വിമര്‍ശിച്ചു. ജസ്റ്റിസുമാരായ അഭയ് എസ് ഓക, എജി മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
'ഹരജിക്കാരൻ്റെ പരാതി ന്യായമാണ്, ഇത്രയധികം കേസുകൾ കെട്ടിക്കിടക്കുമ്പോൾ നിങ്ങൾക്ക് എങ്ങനെ മന്ത്രി എന്ന നിലയിൽ ഉത്തരവാദിത്തം ഏറ്റെടുക്കാനാകും? ജാമ്യം നൽകിയതിൻ്റെ പിറ്റേന്ന് നിങ്ങൾ മന്ത്രിയായി ചുമതലയേറ്റത് എങ്ങനെ ന്യായീകരിക്കാനാകും. ഇത്തരം നടപടികള്‍ കേസിലെ സാക്ഷികൾക്കുമേൽ സമ്മർദം സൃഷ്‌ടിക്കില്ലേ' എന്നും കോടതി ചോദിച്ചു. ഇക്കാര്യത്തിൽ സെന്തിൽ ബാലാജിയോട് വിശദീകരണം തേടിയ കോടതി, കേസില്‍ വാദം കേൾക്കുന്നത് 13ലേക്ക് മാറ്റി.
ഇഡി അറസ്റ്റും മന്ത്രി സ്ഥാനവും
2023 ജൂണിലാണ് സർക്കാർ ജോലിക്ക് കോഴ വാങ്ങിയെന്ന കേസിലും കള്ളപ്പണം വെളുപ്പിക്കൽ കേസിലും ഇഡി ബാലാജിയെ അറസ്റ്റ് ചെയ്‌തത്. എൻഫോഴ്സ്മെൻ്റ് ഡയറക്‌ടറേറ്റ് അറസ്റ്റ് ചെയ്‌ത സെന്തിൽ ബാലാജി 471 ദിവസത്തെ ജയിൽ വാസത്തിന് ശേഷം നിലവിൽ ജാമ്യത്തിലാണ്. ജാമ്യം ലഭിച്ച് അടുത്ത ദിവസം തന്നെ മന്ത്രിയായി ചുമതലയേറ്റിരുന്നു.
അതിനിടെയാണ് സെന്തിൽ ബാലാജിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് വേഗത്തിലാക്കാൻ കേസിലെ ഇരകളിലൊരാളായ വൈ ബാലാജി സുപ്രീം കോടതിയിൽ ഹർജി നൽകിയത്. സെന്തിൽ ബാലാജിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ സുപ്രീം കോടതി ഉത്തരവിട്ട് ഒരു വർഷം കഴിഞ്ഞിട്ടും ഇതുവരെ കേസെടുത്തിട്ടില്ലെന്നും, കേസ് വേഗത്തിൽ പൂർത്തിയാക്കാൻ പ്രത്യേക കോടതിയിൽ പ്രത്യേക ജഡ്‌ജിയെ നിയമിക്കണമെന്നും ഹര്‍ജിക്കാരൻ ആവശ്യപ്പെട്ടു. പരാതിക്കാരൻ്റെ വാദം കണക്കിലെടുത്ത കോടതി സെന്തിൽ ബാലാജിയോട് വിശദീകരണം തേടുകയായിരുന്നു.
കേസിൻ്റെ നാള്‍വഴികള്‍
അതേസമയം, കേസിൻ്റെ ആരംഭ ഘട്ടത്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്‌തിട്ടും മന്ത്രി സ്ഥാനത്ത് അദ്ദേഹം തുടരുകയായിരുന്നു. ഇഡി അറസ്റ്റ് ചെയ്‌തിട്ടും മന്ത്രി സ്ഥാനത്ത് തുടരുന്നതിനെതിരെ പരാതിക്കാരൻ മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി നേരത്തെ തള്ളിയിരുന്നു. നേരത്തെ മന്ത്രിക്കെതിരായ ഹര്‍ജി തള്ളിയ ഹൈക്കോടതി ഉത്തരവിനോട് യോജിക്കുന്നതായും സുപ്രീംകോടതി പറഞ്ഞിരുന്നു.
മദ്രാസ് ഹൈക്കോടതി വിധി കുറ്റമറ്റതാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ അഭയ് എസ്. ഓക, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് അന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. കേസില്‍ അറസ്റ്റിലായതിന് പിന്നാലെ സെന്തില്‍ ബാലാജിയെ മന്ത്രി സ്ഥാനത്ത് നീക്കിയതായി ഗവര്‍ണര്‍ ആര്‍എന്‍ രവി ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെ ഏറെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതോടെ ഉത്തരവ് തിരുത്തിയതായും ഗവര്‍ണര്‍ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആര്‍ട്ടിക്കിള്‍ 136 പ്രകാരം സംസ്ഥാനത്തെ ഒരു മുഖ്യമന്ത്രിയുടെ തീരുമാനത്തില്‍ യാതൊരു ഇടപെടലിൻ്റെയും ആവശ്യമില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ജൂണ്‍ 13നായിരുന്നു കേന്ദ്ര അന്വേഷണ ഏജന്‍സി തമിഴ്‌നാട് സെക്രട്ടേറിയറ്റിലേക്ക് എത്തിയത്.
സെക്രട്ടേറിയറ്റില്‍ മന്ത്രി സെന്തില്‍ ബാലാജിയുടെ മുറിയിലും, അദ്ദേഹത്തിന്‍റെ വസതിയിലും അന്വേഷണ സംഘം റെയ്‌ഡ് നടത്തിയിരുന്നു. റെയ്‌ഡിന് പിന്നാലെ ആയിരുന്നു സെന്തില്‍ ബാലാജിയുടെ അറസ്റ്റ്. 17 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിനിടെ ആരോഗ്യനില വഷളായ സെന്തില്‍ ബാലാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇഡി ഉദ്യോഗസ്ഥര്‍ തന്നെ മര്‍ദിച്ചിരുന്നെന്ന് അദ്ദേഹം ആരോപിക്കുകയുണ്ടായി. ഇത് വന്‍ വിവാദത്തിനും വഴിവച്ചിരുന്നു.