ചെന്നൈ: ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ഒന്നാംഘട്ടത്തില്‍ തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലേക്ക് ഒറ്റത്തവണയായി വോട്ടെടുപ്പ് പൂര്‍ത്തിയായി. 72.09ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. സംസ്ഥാനത്ത് സമാധാനപരമായാണ് വോട്ടിങ് നടന്നത്. വോട്ട് ചെയ്യാനെത്തിയ മൂന്ന് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് അമിതമായ ചൂട് മൂലം ജീവഹാനിയുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.
6.23 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. 950 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇവരില്‍ 76 വനിതകള്‍ ആണ് ഉള്ളത്. 10.92 ലക്ഷം കന്നി വോട്ടര്‍മാരാണ് ഇക്കുറി സംസ്ഥാനത്ത് ഉണ്ടായിരുന്നത്. 4.61 ലക്ഷം ഭിന്നശേഷിക്കാരും സംസ്ഥാനത്ത് ഉണ്ട്. 6.14 ശതമാനം വോട്ടര്‍മാര്‍ 85 വയസിന് മുകളിലുള്ളവരാണ്.
1,58,568 ബാലറ്റ് യൂണിറ്റുകളും 81,157 കണ്‍ട്രോള്‍ യൂണിറ്റുകളും 86,858 വിവിപാറ്റുകളും സജ്ജമാക്കിയിരുന്നു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറ് മണിക്ക് അവസാനിച്ചു. ആറ് മണിക്ക് ക്യൂവിലുണ്ടായിരുന്നവര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ട് ചെയ്യാന്‍ അവസരം ഉറപ്പിച്ചു. സംസ്ഥാനത്ത് 39 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉള്ളത്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.
Also Read: ലക്ഷദ്വീപില്‍ 59.02 ശതമാനം പോളിങ്; വിജയ പ്രതീക്ഷയില്‍ സ്ഥാനാര്‍ത്ഥികള്‍
സേലത്താണ് ഏറ്റവുംകൂടുതല്‍ പേര്‍ വോട്ട് രേഖപ്പെടുത്തിയത്. 73.55 ശതമാനം പോളിങാണ് ഇവിടെ രേഖപ്പെടുത്തിയത്. തൊട്ടുപിന്നാലെ 69.26 ശതമാനവുമായി ചെന്നൈ നോര്‍ത്ത് മണ്ഡലമുണ്ട്.67.82 ശതമാനം പേരാണ് ചെന്നൈ സൗത്തില്‍ വോട്ട് രേഖപ്പെടുത്തിയത്. ചെന്നൈ സെന്‍ട്രലില്‍ 67.35 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ധര്‍മ്മപുരിയില്‍ 67.35 ശതമാനവും നാമക്കലില്‍ 67.37 ശതമാനവും പേര്‍ വോട്ട് ചെയ്‌തു.