ചെന്നൈ: മുന്‍ ഭാര്യയും തമിഴ്‌നാട് ഊർജ സെക്രട്ടറിയുമായ ബീലാ വെങ്കിടേശന്‍റെ പരാതിയില്‍ മുൻ ഡിജിപി രാജേഷ് ദാസിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. തന്‍റെ വസ്‌തുവില്‍ അതിക്രമിച്ച് കയറിയെന്ന പരാതിയിലാണ് മുൻ ഡിജിപിയെ ഇന്ന് രാവിലെ താംബരം പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. നേരത്തെ ലൈംഗികപീഡനക്കേസിൽ ശിക്ഷിക്കപ്പെട്ടയാളാണ് രാജേഷ് ദാസ്.
പനയൂരിലെ വീട്ടിൽ നിന്നാണ് താംബരം പൊലീസ് രാജേഷ് ദാസിനെ അറസ്റ്റ് ചെയ്‌തത്. കസ്റ്റഡിയിലെടുത്ത മുൻ ഡിജിപിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. തയ്യൂരിലെ തൻ്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ രാജേഷ് ദാസും മറ്റ് ചിലരും അതിക്രമിച്ച് കയറി സുരക്ഷ ജീവനക്കാരനെ ആക്രമിച്ചുവെന്നാണ് ബീല വെങ്കിടേശൻ നല്‍കിയ പരാതി. അതേസമയം, ഊർജ സെക്രട്ടറി എന്ന നിലയിലുള്ള അധികാരം ദുരുപയോഗം ചെയ്‌ത് ബീല വെങ്കടേശൻ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചുവെന്ന് രാജേഷ് ദാസ് കുറ്റപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് അദ്ദേഹം കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
നേരത്തെ, ജൂനിയർ ഓഫിസറെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രാജേഷ് ദാസിനെ മൂന്ന് വർഷം തടവ് ശിക്ഷയ്‌ക്കാണ് വിധിച്ചിരുന്നത്. കേസില്‍ കിഴടങ്ങുന്നതിനായി ഇളവ് നല്‍കാൻ അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും മദ്രാസ് ഹൈക്കോടതി അദ്ദേഹത്തിന്‍റെ ആവശ്യം തള്ളുകയായിരുന്നു. തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെ അദ്ദേഹത്തിന് കീഴടങ്ങുന്നതിൽ താൽക്കാലിക ഇളവ് ലഭിക്കുകയായിരുന്നു.