ന്യൂഡൽഹി: തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിൻ തെലുങ്കുദേശം അധ്യക്ഷൻ ചന്ദ്രബാബു നായിഡുവിനെ ഡൽഹി വിമാനത്താവളത്തിൽ വച്ച് കണ്ടു. ബുധനാഴ്‌ച രാജ്യതലസ്ഥാനത്ത് നടന്ന അതാത് സഖ്യകക്ഷികളുടെ യോഗങ്ങളിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ നായിഡു നിർണായക പങ്ക് വഹിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്ന് കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം സ്റ്റാലിൻ പറഞ്ഞു.
എക്‌സിൽ പങ്കുവച്ച പോസ്റ്റിലായിരുന്നു സ്റ്റാലിന്‍റെ പ്രതികരണം. ചന്ദ്രബാബു നായിഡുവിന് ആശംസകൾ അറിയിച്ചെന്നും തമിഴ്‌നാടും ആന്ധ്രാപ്രദേശും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ സഹകരിക്കുമെന്നാണ് പ്രത്യാശയെന്നും സ്റ്റാലിൻ കുറിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് വേണ്ടി കേന്ദ്ര സർക്കാരോട് ചന്ദ്രബാബു നായിഡു വാദിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കി.
അതേസമയം 2024 ലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് ശേഷം അടുത്ത നീക്കങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് ഇന്ത്യാബ്ലോക്കും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയും ബുധനാഴ്‌ച യോഗം ചേർന്നത്. നായിഡുവിനും ജനതാദൾ (യു) തലവൻ നിതീഷ് കുമാറിനും എൻഡിഎയിൽ കൂടുതൽ സ്വാധീനം ചെലുത്താനാകുമെന്നാണ് വിലയിരുത്തൽ. കേന്ദ്രത്തിലെ കഴിഞ്ഞ രണ്ട് എൻഡിഎ സർക്കാരുകളിൽ നിന്ന് വ്യത്യസ്‌തമായി ബിജെപിക്ക് പൂർണ ഭൂരിപക്ഷത്തിന് 32 സീറ്റുകൾ കുറവാണ്. ജെഡിയുവും ടിഡിപിയും എൻഡിഎയിൽ തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ ടിഡിപിക്കും ജെഡിയുവിനുമായി വാതിലുകൾ തുറന്നിടണമെന്ന് ഇന്ത്യാബ്ലോക്ക് യോഗത്തിൽ നേതാക്കൾ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലത്തെ നരേന്ദ്ര മോദി സർക്കാരിനെതിരായ ജനവിധിയെന്ന് വിളിച്ച ഇന്ത്യാമുന്നണി, ബിജെപി സർക്കാർ ഭരിക്കപ്പെടാതിരിക്കാനുള്ള ജനങ്ങളുടെ ആഗ്രഹം സാക്ഷാത്കരിക്കാൻ ഉചിതമായ സമയത്ത് ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്നും പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് എൻഡിഎ യോഗം ചേർന്നത്. യോഗത്തിൽ ദേശീയ ജനാധിപത്യ സഖ്യ കക്ഷികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തങ്ങളുടെ നേതാവായി തെരഞ്ഞെടുക്കുന്ന പ്രമേയം ഏകകണ്‌ഠമായി പാസാക്കി. രാഷ്‌ട്രനിർമ്മാണം, ദരിദ്രക്ഷേമം, വികസനം എന്നിവയിലെ പ്രധാനമന്ത്രി മോദിയുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്ന പ്രമേയത്തിൽ 21 എൻഡിഎ നേതാക്കൾ ഒപ്പുവച്ചു.
ബിജെപി അധ്യക്ഷൻ ജെപി നദ്ദ, ബിജെപി നേതാക്കളായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, ജനതാദൾ (യു) തലവൻ നിതീഷ് കുമാർ, തെലുങ്കുദേശം പാർട്ടി (ടിഡിപി) നേതാവ് എൻ ചന്ദ്രബാബു നായിഡു, ശിവസേന അധ്യക്ഷൻ ഏകനാഥ് ഷിൻഡെ, ജനതാദൾ (എസ്) നേതാവ് എച്ച്ഡി കുമാരസ്വാമി, ജനസേന പാർട്ടി അധ്യക്ഷൻ പവൻ കല്യാൺ, ലോക് ജനശക്തി പാർട്ടി (രാം വിലാസ്) തലവൻ ചിരാഗ് പാസ്വാൻ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (അജിത് പവാർ വിഭാഗം) നേതാവ് പ്രഫുൽ പട്ടേൽ എന്നിവരുൾപ്പടെയുള്ള ബിജെപിയുടെ സഖ്യകക്ഷികൾ യോഗത്തിൽ പങ്കെടുത്തു.
ALSO READ: 'അനുയോജ്യമായ സമയത്തിനായി കാത്തിരിക്കും'; ഇന്ത്യ മുന്നണി യോഗത്തിന് പിന്നാലെ കുഞ്ഞാലിക്കുട്ടി