ചെന്നൈ : തമിഴ്‌നാട്ടിൽ നടൻ ശരത് കുമാറിന്‍റെ ‘ഓൾ ഇന്ത്യ സമത്വ മക്കൾ കക്ഷി’ ബിജെപിയില്‍ ലയിച്ചു. തീരുമാനം രാജ്യ താത്‌പര്യം കണക്കിലെടുത്താണെന്ന് ലയന ശേഷം ശരത് കുമാര്‍ പറഞ്ഞു. ലയനത്തിന് പിന്നാലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ശരത് കുമാർ ബിജെപി സ്ഥാനാർത്ഥിയാകുമെന്നാണ് വിവരം.
ബിജെപിയുമായി കൈകോർന്നുവെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട സ്ഥിരീകരണമുണ്ടായിരുന്നില്ല. എന്നാൽ ബിജെപിയിൽ ലയിക്കുന്നുവെന്ന ശരത് കുമാറിന്‍റെ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനമാണ് ഇന്ന് നടന്നത് (All India Samathuva Makkal Katchi merges with BJP).
തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ, ബിജെപി ദേശീയ സെക്രട്ടറി അരവിന്ദ് മേനോൻ തുടങ്ങിയ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു അഖിലേന്ത്യ സമത്വ മക്കൾ കക്ഷി ബിജെപിയിൽ ലയിച്ചത്. ശരത് കുമാറിനെയും പാർട്ടി അണികളെയും സ്വാഗതം ചെയ്‌തുകൊണ്ട് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ എക്‌സിൽ പോസ്റ്റ് പങ്കുവച്ചു.
”ശരത് കുമാറിന്‍റെ പാർട്ടിയായ സമത്വമക്കൾ കക്ഷി പാർട്ടി ബിജെപിയില്‍ ലയിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. അദ്ദേഹത്തെ തമിഴ്‌നാട് ബിജെപിക്ക് വേണ്ടി സ്വാഗതം ചെയ്യുന്നതിൽ അതിയായ സന്തോഷമുണ്ട്. ശരത് കുമാറിന്‍റെ ഈ തീരുമാനം വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ ജനങ്ങൾക്കായി നല്ല പ്രവർത്തനങ്ങൾ കാഴ്‌ചവയ്‌ക്കാൻ ബിജെപിക്ക് ഊർജം പകരുന്നു”- അണ്ണാമലൈ കുറിച്ചു.
2007ലാണ് ശരത് കുമാർ ഓൾ ഇന്ത്യ സമത്വ മക്കൾ കക്ഷി പാർട്ടി രൂപീകരിച്ചത്. ഏറെക്കാലം എഐഎഡിഎംകെയുടെ സഖ്യകക്ഷിയായിരുന്നു. 2011ലെ തെരഞ്ഞെടുപ്പിൽ പാർട്ടി രണ്ട് നിയമസഭ സീറ്റുകളിൽ വിജയിച്ചിരുന്നു.
നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആകണമെന്ന ബോധ്യമാണ് ഇങ്ങനെയൊരു രാഷ്ട്രീയ നിലപാട് എടുക്കുന്നതിലേക്ക് നയിച്ചതെന്ന് ശരത് കുമാര്‍ ഇന്നലെ (11-03-202424) വ്യക്തമാക്കിയിരുന്നു (Actor Sarath Kumar).
'വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയായി നരേന്ദ്രമോദി തന്നെ വീണ്ടും രംഗത്തെത്തണം. അതിനാൽ താനും തന്‍റെ പാർട്ടിയും ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു'. ഇങ്ങനെയാണ് ശരത് കുമാര്‍ പ്രതികരിച്ചത്. കൂടാതെ തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയായ സുരേഷ് ഗോപിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ശരത് കുമാര്‍ അറിയിച്ചിരുന്നു.
അതേസമയം സൂപ്പര്‍ താരങ്ങളായ കമല്‍ ഹാസനും വിജയും ഇക്കുറി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വ്യക്തമായ നിലപാടുകളുമായി സജീവമാണ്. കമല്‍ മത്സരിക്കുന്നില്ലെങ്കിലും ഡിഎംകെയ്ക്ക് ഒപ്പം ചേര്‍ന്ന് തമിഴ്‌നാട്ടിൽ ബിജെപിക്കെതിരെ പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
നടന്‍ വിജയ് തന്‍റെ പാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷം ആദ്യം നല്‍കുന്ന രാഷ്ട്രീയ പ്രതികരണം തന്നെ പൗരത്വനിയമ ഭേദഗതിക്ക് എതിരെയുള്ളതാണ്. ഇതോടെ വിജയും ബിജെപിക്ക് എതിരായ രാഷ്ട്രീയ ചേരിയിലാണെന്ന് വ്യക്തമായിട്ടുണ്ട്.