അമരാവതി (ആന്ധ്രാപ്രദേശ്) : ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിയായും ജനസേന അധ്യക്ഷൻ പവൻ കല്യാൺ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്‌ത് ഇന്ന് അധികാരമേല്‍ക്കും. ഒപ്പം മകന്‍ നാരാ ലോകേഷും മന്ത്രിപദത്തിലേക്ക് ആദ്യ കാല്‍വയ്പ്പ് നടത്തും. ഇവർക്കൊപ്പം 22 മന്ത്രിമാരും ഇന്ന് 11:15 ന് സത്യപ്രതിജ്ഞ ചെയ്യും. പവൻ കല്യാൺ മാത്രമായിരിക്കും ഉപമുഖ്യമന്ത്രിയാവുക.
പവൻ ഉൾപ്പടെയുളള 24 മന്ത്രിമാരുടെയും പട്ടിക ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 1.15 നാണ് പ്രഖ്യാപിച്ചത്. ജനസേനയ്ക്ക് മൂന്ന് സീറ്റും ബിജെപിക്ക് ഒരു സീറ്റുമാണ് അനുവദിച്ചിരിക്കുന്നത്. ഒരു മന്ത്രിസ്ഥാനം ഒഴിച്ചിട്ടിട്ടുണ്ട്.
മുതിർന്നവര്‍ക്കും യുവാക്കള്‍ക്കും തുല്യമായി സീറ്റ് നല്‍കിയാണ് മന്ത്രിസഭ രൂപീകരിക്കുന്നത്. പുതുമുഖങ്ങളിൽ പകുതിയിലധികം പേർക്കും അവസരം ലഭിച്ചു. ആകെ 17 പുതിയ മന്ത്രിമാരാണ് സഭയിൽ ഇടം പിടിച്ചിരിക്കുന്നത്. മൂന്ന് സ്ത്രീകളും ഇത്തവണ സംസ്ഥാനത്തെ മന്ത്രിമാരാകും.
എട്ട് ബിസി, രണ്ട് എസ്‌സി, ഒരു എസ്‌ടി, ഒരു മുസ്ലിം, വൈശ്യ വിഭാഗത്തില്‍ നിന്ന് ഒരാള്‍ എന്നിങ്ങനെയാണ് ന്യൂനപക്ഷങ്ങള്‍ക്ക് മന്ത്രിസഭയില്‍ അവസരം നല്‍കിയിരിക്കുന്നത്. നാല് കാപ്പു, നാല് കമ്മ, മൂന്ന് റെഡ്ഡി വിഭാഗ പ്രതിനിധികള്‍ക്കും അവസരം ലഭിച്ചു. സാമൂഹിക, സമുദായിക, പ്രദേശിക വിഭാഗങ്ങളുടെ സന്തുലിതമായ മന്ത്രിസഭയാണ് ചന്ദ്രബാബു നായിഡു തയ്യാറാക്കിയിരിക്കുന്നത്.
ബിജെപിയിൽ നിന്ന് ആർക്കൊക്കെ മന്ത്രിസഭയിൽ ഇടം നൽകണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുമായും ചര്‍ച്ച ചെയ്‌ത ശേഷമാണ് തീരുമാനിച്ചത്. ഈ ചര്‍ച്ച വൈകിയതാണ് മന്ത്രിമാരുടെ പട്ടിക പ്രഖ്യാപിക്കലിലെ കാലതാമസത്തിന് കാരണം.
Also Read: പ്രിയങ്ക മത്സരിച്ചിരുന്നെങ്കില്‍ മോദി രണ്ടോ മൂന്നോ ലക്ഷം വോട്ടിന് തോറ്റേനെ : രാഹുല്‍ ഗാന്ധി