ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ വസതിയിൽ വച്ച് താൻ ആക്രമിക്കപ്പെട്ട സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ അപ്രത്യക്ഷമായെന്ന് ആം ആദ്‌മി പാർട്ടിയുടെ എംപി സ്വാതി മലിവാൾ. എഡിറ്റ് ചെയ്‌ത വീഡിയോകളാണ് ഇപ്പോൾ പ്രചരിപ്പിക്കുന്നതെന്നും സ്വാതി പറഞ്ഞു. കെജ്‌രിവാളിൻ്റെ സഹായി ബിഭവ് കുമാർ തന്നെ ആക്രമിച്ചതായാണ് സ്വാതിയുടെ പരാതി. പരാതിയിന്മേല്‍ ബിഭവ് നേരത്തെ അറസ്‌റ്റിലായിരുന്നു.
"ബിഭവ് എന്നെ ക്രൂരമായി മർദ്ദിക്കുകയും ചവിട്ടുകയും ചെയ്‌തു. ഞാൻ 112ലേക്ക് വിളിച്ചപ്പോൾ അവൻ പുറത്തേക്ക് പോയി സെക്യൂരിറ്റി ജീവനക്കാരെ വിളിച്ച് വീഡിയോ എടുക്കാൻ തുടങ്ങി. ബിഭവ് എന്നെ ക്രൂരമായി മർദ്ദിച്ചുവെന്ന് ഞാൻ സെക്യൂരിറ്റിയോട് പറഞ്ഞു."വീഡിയോയിൽ ആ നീണ്ട ഭാഗം എഡിറ്റ് ചെയ്‌തിരിക്കുകയാണ്. സെക്യൂരിറ്റിയോട് പറഞ്ഞ 50 സെക്കൻഡ് ദൈർഘ്യമുള്ള ഒരു വീഡിയോ മാത്രമേ പുറത്തിറങ്ങിയിട്ടുളളു. ഇപ്പോൾ ഫോൺ ഫോർമാറ്റ് ചെയ്‌ത് മുഴുവൻ വീഡിയോയും ഡിലീറ്റ് ചെയ്‌തോ? സിസിടിവി ദൃശ്യങ്ങളും അപ്രത്യക്ഷമായി. ഇത് ഗൂഢാലോചനയുടെ ഭാഗമാണ്." സമൂഹമാധ്യമമായ എക്‌സിൽ മലിവാൾ കുറിച്ചു.
ബിഭവിനെ ശനിയാഴ്‌ച മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. മലിവാളിനെ ആക്രമിച്ചതിന് പിന്നിലെ കാരണം അറിയാൻ കസ്‌റ്റഡി ആവശ്യമാണെന്ന് പൊലീസ് പറഞ്ഞു. ബിഭവ് തൻ്റെ മൊബൈൽ ഫോണിൻ്റെ പാസ്‌വേഡ് അന്വേഷണ ഏജൻസിക്ക് നൽകിയിട്ടില്ല. ഫോണിലെ ചില തകരാറുകൾ കാരണം അദ്ദേഹത്തിൻ്റെ ഫോൺ മുംബൈയിൽ കൊണ്ടുപോയി ഫോർമാറ്റ് ചെയ്‌തു. മൊബൈൽ ഫോൺ ഇനി ആക്‌സസ് ചെയ്യുമ്പോൾ ബിഭവിനെ മുംബൈയിലേക്ക് കൊണ്ടുപോയി ഡാറ്റ വീണ്ടെടുക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.