ന്യൂഡൽഹി: ആം ആദ്‌മി പാർട്ടി എംപിയും ഡൽഹി വനിത കമ്മിഷൻ മുൻ മേധാവിയുമായ സ്വാതി മലിവാളിനെ അധിക്ഷേപിച്ച കേസിൽ കുറ്റരോപിതനായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ മുൻ സഹായി ബിഭാവ് കുമാറിനെ സ്വാതി എത്തിയശേഷം മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വിളിച്ച് വരുത്തിയെന്ന് ദേശീയ വനിത കമ്മിഷൻ. ആരുടെ നിർദേശപ്രകാരമാണ് വിളിച്ചതെന്ന് വിശദാംശം തേടിയതായി ദേശീയ വനിത കമ്മിഷൻ അറിയിച്ചു.
തന്നെ ബിഭാവ് ആക്രമിച്ചതായി മലിവാൾ മുൻപ് ആരോപണം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വസതിയിൽ മലിവാൾ സന്ദർശനത്തിന് എത്തിയതിനിടയിലാണ് ബിഭാവ് കുമാറിനെ വിളിപ്പിച്ചതെന്നും ദേശീയ വനിത കമ്മിഷൻ വെളിപ്പെടുത്തി. ബിഭാവിനെ വിളിച്ച സാഹചര്യം എന്തെന്നും ആരാണ് നിർദേശിച്ചതെന്നും മനസിലാക്കുന്നതിന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ കോൾ റെക്കോർഡിന്‍റെ വിവരങ്ങൾ അന്വേഷിക്കണമെന്നും വനിത കമ്മിഷൻ ആവശ്യപ്പെട്ടു.
മലിവാളിനെതിരെ ബലാത്സംഗ-വധഭീഷണി മുഴക്കിയവർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും വനിത കമ്മിഷൻ ഊന്നിപ്പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഉചിതമായ വകുപ്പുകൾ പ്രകാരം പ്രതികൾക്കെതിരെ കുറ്റം ചുമത്തണമെന്നും മൂന്ന് ദിവസത്തിനകം സ്വീകരിച്ച നടപടികളെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് നൽകണമെന്നും വനിത കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു.