കൊൽക്കത്ത: മോളിവുഡിലെ ഹേമ കമ്മിറ്റിയുടെ ചുവട് പിടിച്ച് ബംഗാളി സിനിമ മേഖലയിലും (ടോളിവുഡ്) സ്ത്രീ സുരക്ഷക്കായി പുതിയ കമ്മിറ്റി രൂപീകരിച്ചു. സിനിമ മേഖലയിലെ തൊഴിലിടങ്ങളിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഫെഡറേഷൻ ഓഫ് സിനി ടെക്‌നീഷ്യൻസ് ആൻഡ് വർക്കേഴ്‌സ് ഓഫ് ഈസ്‌റ്റേൺ ഇന്ത്യയുടെ നേതൃത്വത്തിലാണ് 'സുരക്ഷ ബന്ധു കമ്മിറ്റി'യ്‌ക്ക് രൂപം നല്‍കിയത്. കമ്മിറ്റിയുടെ പ്രവർത്തനം ആരംഭിച്ചതായി ഫെഡറേഷൻ പ്രസിഡൻ്റ് സ്വരൂപ് ബിശ്വാസ് സരബ് ഔദ്യോഗിക പ്രഖ്യാപനം നടത്തി.
തൊഴിലിടങ്ങളിലെ സ്ത്രീ സംരക്ഷണ സമിതിയുടെ ആവശ്യകത ഉന്നയിച്ച് വിമൻസ് ഫോറം ഫോർ സ്ക്രീൻ വർക്കേഴ്‌സ് സംഘടനക്ക് കത്തെഴുതിയിരുന്നു. ഇതിനെത്തുടർന്നാണ് വിനോദ വ്യവസായ മേഖലയിലെ സ്ത്രീകളുടെ സുരക്ഷ കണക്കിലെടുത്ത് കമ്മിറ്റി രൂപീകരിച്ചതെന്ന് സ്വരൂപ് ബിശ്വാസ് പറഞ്ഞു. ടെക്‌നിഷ്യൻസിനും സ്ക്രീൻ വർക്കേഴ്‌സിനും പുറമെ ആർട്ടിസ്‌റ്റ് ഫോറത്തിനും കമ്മിറ്റിയുടെ ഭാഗമാകാമെന്നും ഇദ്ദേഹം പറഞ്ഞു.
രേഖാമൂലം ആരും ഇതുവരെ പരാതി നൽകിയിട്ടെല്ലെങ്കിലും പലരും പരാതികൾ പറഞ്ഞു കേട്ടിട്ടുണ്ട്. അവർക്കിനി രേഖാമൂലം പരാതി നൽകാം. പരാതിക്കാരൻ്റെ പേര് ഫെഡറേഷൻ രഹസ്യമായി സൂക്ഷിക്കും. കൊൽക്കത്ത പൊലീസിന്‍റെയും ചില അഭിഭാഷകരുടെയും ഒരു സ്വകാര്യ ആശുപത്രിയുടെയും പിന്തുണ ഫെഡറേഷനുണ്ട്.
അഭിഭാഷകരുടെ കോടതി ചെലവും പ്രൊഫഷണൽ ഫീസും നൽകാൻ പരാതിക്കാരന് കഴിയുന്നില്ലെങ്കിൽ അതിനുള്ള ചെലവ് ഫെഡറേഷൻ വഹിക്കും. ഫീസില്ലാതെ കേസ് ഏറ്റെടുക്കാൻ തയ്യാറായ വക്കീലന്മാരും പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ഫെഡറേഷൻ പ്രസിഡൻ്റ് സ്വരൂപ് ബിശ്വാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പരാതിക്കാർക്ക് മാനസികമോ ശാരീരികമായോ ചികിത്സ ആവശ്യമെങ്കിൽ അതിനുള്ള പിന്തുണയും ഫെഡറേഷൻ ഉറപ്പ് വരുത്തും.
കമ്മിറ്റി രൂപീകരണത്തെ അഭിനന്ദിച്ച് കൊണ്ട് സീരിയൽ നടി സോമ ബാനർജിയും രംഗത്തെത്തി. സിനിമയിലും ടെലിവിഷൻ വ്യവസായത്തിലും ധാരാളം സ്ത്രീകൾ പ്രവർത്തിക്കുന്നുണ്ട്. ഇവർക്ക് തൊഴിലിടങ്ങളിൽ ചൂഷണങ്ങൾ നേരിട്ടാൽ പരാതി പെടാൻ ഒരു വേദി അത്യാവശ്യമാണെന്ന് സോമ ബാനർജി പറഞ്ഞു.
Also Read:'പവർ ഗ്രൂപ്പിൽപ്പെട്ട ആളല്ല, എനിക്കിതിനെ കുറിച്ചറിയില്ല'; വിവാദങ്ങളിൽ പ്രതികരിച്ച് മോഹൻലാൽ