ന്യൂഡൽഹി : കിന്നൗർ ജില്ലയിലെ രണ്ട് ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട് പലിശ സഹിതം 280 കോടി രൂപ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് അദാനി പവർ ലിമിറ്റഡ് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി ഹിമാചൽ പ്രദേശിനോട് പ്രതികരണം തേടി. ജസ്റ്റിസുമാരായ എംഎം സുന്ദ്രേഷ്, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്‌ത് അദാനി പവർ സമർപ്പിച്ച അപ്പീലിൽ സംസ്ഥാന സർക്കാരിന് കോടതി നോട്ടീസ് അയച്ചു. 480 മെഗാവാട്ട് ശേഷിയുള്ള ജാംഗി തോപ്പൻ, തോപ്പൻ പൊവാരി എന്നീ രണ്ട് ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ടതാണ് തര്‍ക്കമുള്ളത്. 280 കോടി രൂപ അദാനി പവറിന് തിരികെ നൽകാനുള്ള സിംഗിൾ ബെഞ്ചിന്‍റെ തീരുമാനം ജൂലൈയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു.
ഇതിനെതിരെയാണ് കമ്പനി സുപ്രീം കോടതിയില്‍ എത്തിയിരിക്കുന്നത്. 2015 സെപ്‌റ്റംബർ 4-ന് ഹിമാചൽ പ്രദേശ് മന്ത്രിമാരുടെ കൗൺസിൽ റീഫണ്ട് നല്‍കാന്‍ തീരുമാനിച്ചിരുന്നതായും കമ്പനി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. പണം തിരികെ ലഭിക്കാതിരുന്നത് തങ്ങളുടെ സാമ്പത്തിക ശേഷിയെയും നിക്ഷേപ വരവിനെയും സാരമായി ബാധിച്ചുവെന്നും അദാനി പവര്‍ വാദിച്ചു.