ന്യൂഡല്‍ഹി: വിവാഹത്തിന്‍റെ പേരില്‍ ഒരു സ്‌ത്രീയെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നത് നികൃഷ്ടമായ പ്രവര്‍ത്തിയെന്ന് സുപ്രീം കോടതി. മലയാളി മിലിട്ടറി നഴ്‌സിംഗ് ഉദ്യോഗസ്ഥയെ വിവാഹത്തിന്‍റെ പേരില്‍ സര്‍വീസില്‍ നിന്ന് പിരിച്ചു വിട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം. മിലിട്ടറി നഴ്‌സിങ്ങില്‍ നിന്ന് പിരിച്ചുവിട്ട മുന്‍ ലഫ്റ്റണന്‍റ് സെലീന ജോണ്‍ എന്ന വ്യക്തിക്ക് കേന്ദ്രം 60 ലക്ഷം രൂപ നഷ്‌ട പരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു.
പിരിച്ചുവിട്ട നടപടി ലിംഗ വിവേചനവും അസമത്വവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം പുരുഷാധിപത്യ പ്രവണതകള്‍ മാനവികതയ്ക്ക് അപമാനകരമാണെന്നും കോടതി പറഞ്ഞു. മിലിട്ടറി നഴ്‌സിംഗ് സർവീസിൽ പെർമനന്‍റ് കമ്മീഷൻഡ് ഓഫീസറായിരുന്ന മുൻ ലെഫ്റ്റണന്‍റ് സെലീന ജോണിനെ വിവാഹിതയായതിന്‍റെ പേരിൽ പിരിച്ചുവിട്ട നടപടി അംഗീകരിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
സെലീന ജോണിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടത് നിയമവിരുദ്ധമാണെന്ന് വിധിച്ച ആംഡ് ഫോഴ്‌സ് ട്രൈബ്യൂണല്‍ ലഖ്‌നൗ റീജിയണൽ ബെഞ്ചിന്‍റെ ഉത്തരവിനെതിരെ കേന്ദ്രസർക്കാർ നൽകിയ അപ്പീലിലാണ് ഉത്തരവുണ്ടായത്. ട്രൈബ്യൂണലിന്‍റെ ഉത്തരവിൽ ഇടപെടേണ്ട ആവശ്യമില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
എട്ട് ആഴ്‌ചയ്ക്കുള്ളില്‍ പരാതിക്കാരിക്ക് 60 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കാനും കോടതി വിധിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്.
Also Read: വിദേശനാണയ വിനിമയച്ചട്ട ലംഘനം : ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ച് ഇഡി