ന്യൂഡൽഹി: ഒന്നിലധികം സ്‌ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജാമ്യം നിഷേധിച്ച കർണാടക ഹൈക്കോടതിയുടെ ഉത്തരവിനെതിരെ മുൻ എംപി പ്രജ്വല്‍ രേവണ്ണ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. അഭിഭാഷകനായ ബാലാജി ശ്രീനിവാസൻ മുഖേനയാണ് രേവണ്ണ സുപ്രീം കോടതിയിൽ ഹർജി നൽകിയത്.
രേവണ്ണയ്‌ക്കായി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി കോടതിയില്‍ ഹാജറായി. ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും എന്നാൽ പരിഗണിക്കേണ്ട രണ്ട് മൂന്ന് ഘടകങ്ങളുണ്ടെന്നും റോത്തഗി വാദിച്ചു. 'പരാതിയിൽ സെക്ഷൻ 376-മായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്ല', തന്‍റെ കക്ഷി കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. ഈ കാരണങ്ങളാലാണ് തോല്‍വി വഴങ്ങിയതെന്നും റോത്തഗി കോടതിയില്‍ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നും വിദേശത്തായിരുന്ന തന്‍റെ കക്ഷി തിരികെ വന്ന് കീഴടങ്ങുകയായിരുന്നുവെന്നും റോത്തഗി വാദിച്ചു. എന്നാല്‍ പ്രതി വളരെ ശക്തനായ ആളാണെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഹര്‍ജി തള്ളുകയായിരുന്നു.
തന്‍റെ കക്ഷിക്ക് ആറ് മാസത്തിന് ശേഷം ജാമ്യത്തിന് അപേക്ഷിക്കാനാകുമോയെന്ന് റോത്തഗി കോടതിയോട് ചോദിച്ചു. "കോടതി ഒന്നും പറയുന്നില്ല" എന്നായിരുന്നു ജസ്റ്റിസ് ത്രിവേദി മറുപടി നല്‍കിയത്.
പ്രജ്വല്‍ രേവണ്ണ നിരവധി സ്‌ത്രീകളെ പീഡിപ്പിക്കുന്ന നൂറുകണക്കിന് വീഡിയോകള്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നെ പുറത്ത് വന്നിരുന്നു. പിന്നാലെയാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഇതിനിടെ ജര്‍മ്മനിയിലേക്ക് കടന്ന പ്രജ്വല്‍ 35 ദിവസത്തോളം അവിടെ ഒളിവില്‍ കഴിഞ്ഞു.
ALSO READ: എയ്‌ഡഡ് സ്‌കൂളുകളില്‍ അധ്യാപകരായ കന്യാസ്‌ത്രീകളും വൈദികരും ശമ്പളത്തിന് നികുതി നല്‍കണം; സുപ്രീംകോടതി
ഒടുവില്‍ മടങ്ങിയെത്തിയപ്പോള്‍ ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് സിഐഡിയുടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ ചെറുമകനാണ് പ്രജ്വല്‍ രേവണ്ണ. സംഭവവുമായി ബന്ധപ്പെട്ട് പ്രജ്വലിന്‍റെ പിതാവ് എച്ച് ഡി രേവണ്ണയും അറസ്റ്റിലായിരുന്നു. കേസില്‍ ഇയാള്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചു. ഒരു പരാതിയില്‍ പ്രതിചേര്‍ക്കപ്പെട്ടപ്രജ്വലിന്‍റെ അമ്മ ഭവാനി രേവണ്ണ നേരത്തെ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.