ഹൈദരാബാദ്: ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസിനോട് വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ്. സുകേഷ് ചന്ദ്രശേഖർ ഉൾപ്പെട്ട 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ചോദ്യം ചെയ്യലിനായാണ് ഇവരെ വീണ്ടും വിളിപ്പിച്ചിരിക്കുന്നത്. കേസില്‍ നിര്‍ണായകമായ പല പുതിയ തെളിവുകളും കിട്ടിയതിന്‍റെ അടിസ്ഥാനത്തില്‍ ഇവ പരിശോധിക്കുന്നതിന് വേണ്ടിയാണ് നടിയെ വീണ്ടും വിളിച്ചിരിക്കുന്നതെന്ന് ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കി.
സംഭവത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നതിന്‍റെ കൂടുതല്‍ തെളിവുകള്‍ ഇഡിക്ക് ലഭിച്ചിട്ടുണ്ട്. റെയ്‌സ് 3, മര്‍ഡര്‍2 തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയ ആയ താരം കുറ്റകൃത്യത്തിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. ചന്ദ്രശേഖര്‍ ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ പ്രൊമോട്ടര്‍ ശിവിന്ദര്‍ സിങിന്‍റെ ഭാര്യ അദിതി സിങില്‍ നിന്ന് തട്ടിയെടുത്ത 200 കോടി രൂപയുമായി ബന്ധപ്പെട്ടാണ് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.
പുതിയ സംഭവ വികാസങ്ങളെക്കുറിച്ച് ജാക്വിലിന്‍റെ അഭിഭാഷകന്‍ പ്രതികരിക്കാന്‍ തയാറായിട്ടില്ല. താരത്തിന് ചന്ദ്രശേഖര്‍ കണക്കില്ലാതെ സമ്മാനങ്ങള്‍ വാങ്ങി നല്‍കിയിട്ടുണ്ടെന്ന് ഇഡി ആരോപിക്കുന്നു. വിലകൂടിയ ആഭരണങ്ങള്‍, വസ്‌ത്രങ്ങള്‍, ബാഗുകള്‍ എന്നിവ അക്കൂട്ടത്തില്‍ പെടും.
താന്‍ ചന്ദ്രശേഖറില്‍ നിന്ന് സമ്മാനങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് നേരത്തെ ഇവര്‍ ഇഡിയോട് വെളിപ്പെടുത്തിയിരുന്നു. അതേസമയം ഇയാളുമായി തനിക്ക് പ്രണയബന്ധമൊന്നുമില്ലെന്നാണ് ഇവര്‍ ആവര്‍ത്തിക്കുന്നത്. ഇയാളിപ്പോള്‍ ഡല്‍ഹിയിലെ മണ്ഡോലി ജയിലിലാണ്. 200 കോടി രൂപ തട്ടിയെടുത്ത കേസിലാണ് തടവ്.
ചന്ദ്രശേഖര്‍ മാധ്യമങ്ങളെ ഉപയോഗിച്ച് തന്നെ കളങ്കപ്പെടുത്തുന്നുവെന്ന ആരോപണവുമായി ഇവര്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. കോടതിയില്‍ ഇയാള്‍ക്കെതിരെ കേസും നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് കേസ് പിന്‍വലിച്ചു. ഇയാളുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് താരത്തിന് അറിയാമായിരുന്നുവെന്ന് തന്നെയാണ് ഇഡിയുടെ നിലപാട്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തനിക്കെതിരെ എടുത്തിട്ടുള്ള പ്രഥമ വിവര റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് താരം നല്‍കിയ ഹര്‍ജിയുടെ നടപടികളിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ സുകേഷ് ചന്ദ്രശേഖര്‍ അനധികൃതമായി സമ്പാദിച്ച പണം വെളുപ്പിക്കുന്നതില്‍ താരത്തിന് യാതൊരൂ പങ്കുമില്ലെന്ന് അവരുടെ അഭിഭാഷകര്‍ വാദിച്ചു.
കേസിലെ മുഖ്യപ്രതിയായ സുകേഷ് ജയിലിൽ കിടന്നുതന്നെ കൊള്ളയും തട്ടിപ്പും നടത്തുന്നു. അയാളുടെ ദുരുദ്ദേശ്യപരമായ ആക്രമണത്തിന് ഇരയായ നിരപരാധിയാണ് ഹർജിക്കാരിയെന്നും അഭിഭാഷകര്‍ വാദിച്ചു. അതിനാൽ സെക്ഷൻ 3 പ്രകാരമുള്ള കുറ്റങ്ങൾക്ക് ജാക്വിലിന്‍ ഫെർണാണ്ടസിനെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ലെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. 2023 ഡിസംബർ മാസത്തിലാണ് താരം താൻ കേസിൽ നിരപരാധിയാണെന്ന് പറഞ്ഞ് കോടതിയെ സമീപിച്ചത്.
Also read :'ഇഡി കേസ് എഫ്‌ഐആറും നടപടികളും റദ്ദാക്കണം' ; ഡൽഹി ഹൈക്കോടതിയെ സമീപിച്ച് ജാക്വലിന്‍