ന്യൂഡല്‍ഹി: ചീറ്റകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് കുനോ ദേശീയ കടുവ സംരക്ഷണ കേന്ദ്ര അധികൃതര്‍ റിലയന്‍സ് വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ വിദഗ്‌ധരോട് സഹായം അഭ്യര്‍ഥിച്ചതായി രേഖകള്‍. 2023 മെയിലാണ് ഗുജറാത്തിലെ റിലയന്‍സ് വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ വിദഗ്‌ധരോട് ചീറ്റകളുടെ ആരോഗ്യ പരിശോധന നടത്തണമെന്ന് കുനോ അധികൃതര്‍ അഭ്യര്‍ഥിച്ചത്. ഒരു മാസത്തിനിടെ മൂന്ന് ചീറ്റകള്‍ ചത്തതിനെ തുടര്‍ന്നാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചതെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
ദേശീയ കടുവ സംരക്ഷണ കേന്ദ്രത്തിലെ (എന്‍ടിസിഎ) അസിസ്റ്റന്‍റ് ഇന്‍സ്‌പെക്‌ടര്‍ ജനറല്‍ അഭിഷേക് കുമാറാണ് ജാം നഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിലയന്‍സ് ഇന്‍ഡസ്‌ട്രീസിന്‍റെ ഗ്രീന്‍ സുവോളജിക്കല്‍ റെസ്‌ക്യൂ ആന്‍ഡ് റിഹാബിലിറ്റേഷന്‍ (ജിഇസഡ്ആര്‍ആര്‍സി) കേന്ദ്രത്തോട് സഹായം അഭ്യര്‍ഥിച്ചത്.
രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരത്തില്‍ വലിയൊരു ഭൂഖണ്ഡാന്തര ചീറ്റ പദ്ധതി നടപ്പാക്കിയത്. അത് കൊണ്ട് തന്നെ ഇതിന് ചില സങ്കീര്‍ണതകളും വെല്ലുവിളികളും നേരിടേണ്ടി വരുന്നുവെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി. അതീവ ശ്രദ്ധയോടെയുള്ള പരിചരണം മൂലം 20 ചീറ്റകള്‍ ആദ്യഘട്ടത്തില്‍ ഇവിടുവുമായി നന്നായി ഇണങ്ങി ചേര്‍ന്നു. ദീര്‍ഘമായ യാത്രയും ക്വാറന്‍റൈനും ശേഷമാണ് ഇവ കുനോയുടെ ഭാഗമായത്.
ഗ്രീന്‍ സുവോളജിക്കല്‍ റെസ്‌ക്യൂ ആന്‍ഡ് റിഹാബിലിറ്റേഷന്‍ കേന്ദ്രത്തില്‍ വിദഗ്‌ധരായ മൃഗഡോക്‌ടര്‍മാരുടെ സേവനം ലഭ്യമാണെന്ന് മനസിലായത് കൊണ്ടാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചതെന്നും അദ്ദേഹം തന്‍റെ കത്തില്‍ വ്യക്തമാക്കിയിരുന്നു. നാലംഗ സംഘം മെയ് 25, 26 തീയതികളില്‍ കുനോ സന്ദര്‍ശിക്കുമെന്ന് ജിഇസഡ്ആര്‍ആര്‍സി മേധാവി ബ്രിജ് കിഷോര്‍ ഗുപ്‌ത തിരികെ അറിയിച്ചു. മുതിര്‍ന്ന മൃഗഡോക്‌ടര്‍മാരായ ജോര്‍ജ് ഫ്രാന്‍സിസ്‌കോ സൊയാറസ്, നിതിന്‍ യശ്വന്ത് താംബെ, ലാബ് ഇന്‍ ചാര്‍ജ് മന്ദീപിനൊപ്പം താനുമായിരിക്കും എത്തുകയെന്നായിരുന്നു അദ്ദേഹം അറിയിച്ചത്.
നാലംഗ സംഘം കുനോ സന്ദര്‍ശിച്ചതായും അവിടെ വലിയ തോതിലുള്ള ആരോഗ്യ പരിരക്ഷ ചീറ്റകള്‍ക്ക് കിട്ടുന്നുവെന്ന് മനസിലാക്കിയെന്നും ബ്രിജ് കിഷോര്‍ ഗുപ്‌ത പിടിഐയുടെ ഇമെയില്‍ ചോദ്യത്തിന് മറുപടി നല്‍കി. തങ്ങളുടെ വിദഗ്‌ധ സംഘം ഒരു തവണ മാത്രമേ അവിടെ സന്ദര്‍ശിച്ചിട്ടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം എന്തെങ്കിലും മാര്‍ഗനിര്‍ദേശങ്ങള്‍ ഇപ്പോള്‍ പദ്ധതിക്ക് വേണ്ടി നല്‍കാറുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കിയില്ല. തങ്ങള്‍ വ്യാവസായികമായി അല്ലാതെ എല്ലാ തരത്തിലും മൃഗസംരക്ഷണത്തിന് വേണ്ട സഹായങ്ങളും അറിവുകളും സര്‍ക്കാരിനും സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്കും നല്‍കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ആദ്യ ഭൂഖണ്ഡാന്തര ചീറ്റ പദ്ധതിയുടെ ഭാഗമായി എട്ട് ചീറ്റകളെ നമീബിയയില്‍ നിന്ന് 2022 സെപ്റ്റംബറിലും 12 എണ്ണത്തിനെ 2023 ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും കുനോയില്‍ എത്തിച്ചിരുന്നു. കൊണ്ടുവന്ന ശേഷം ഇവയില്‍ എട്ട് പ്രായപൂര്‍ത്തിയായ ചീറ്റകള്‍ ചത്തു. അഞ്ച് ആണ്‍ ചീറ്റകളും മൂന്ന് പെണ്‍ചീറ്റകളുമാണ് ചത്തത്. 17 കുഞ്ഞുങ്ങള്‍ പിറന്നു. ഇതില്‍ 12 എണ്ണം ജീവനോടെയുണ്ട്. ഇതോടെ നിലവില്‍ കുഞ്ഞുങ്ങളടക്കം കുനോയില്‍ 24 ചീറ്റകളുണ്ട്.
ചീറ്റ പദ്ധതിയുടെ 2023-24 വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം നമീബിയയില്‍ നിന്നുള്ള പെണ്‍ ചീറ്റ സാഷ ചത്തത് ഗുരുതര വൃക്ക രോഗം മൂലമാണെന്ന് വ്യക്തമായിട്ടുണ്ട്. 2023 മാര്‍ച്ച് 27നാണ് സാഷ ചത്തത്. പദ്ധതിയിലെ ആദ്യ മരണം കൂടി ആയിരുന്നു ഇത്. ഇന്ത്യയിലെത്തിയപ്പോള്‍ തന്നെ രോഗം സ്ഥിരീകരിച്ചു. രണ്ട് മാസത്തോളം ശുശ്രൂഷ നല്‍കിയെങ്കിലും മരുന്നുകളോട് സാഷ പ്രതികരിച്ചിട്ടില്ല. തുടര്‍ന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ആഫ്രിക്കയില്‍ നിന്നുള്ള ആണ്‍ ചീറ്റ ഉദയ് 2023 ഏപ്രില്‍ 23ന് പെട്ടെന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. യാതൊരു ലക്ഷണങ്ങളും പ്രകടിപ്പിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കന്‍ പെണ്‍ ചീറ്റ ദക്ഷ 2023 മെയ് ഒന്‍പതിനാണ് ചത്തത്. ഇണചേര്‍ക്കല്‍ ശ്രമത്തിനിടെ ആണ്‍ ചീറ്റയില്‍ നിന്ന് ഗുരുതര ആക്രമണത്തിന് വിധേയമായാണ് ദക്ഷ മരണത്തിന് കീഴടങ്ങിയത്.
നമീബിയന്‍ ചീറ്റ ജ്വാലയ്ക്ക് പിറന്ന മൂന്ന് കുഞ്ഞുങ്ങള്‍ മെയ് 23നും മെയ് 25നുമിടയില്‍ ചത്തു. കടുത്ത ചൂടാണ് ഇവയെ മരണത്തിലേക്ക് നയിച്ചത്. പദ്ധതിയില്‍ ജിഎസ്ആര്‍ആര്‍സിയെ ഇടപെടുത്തിയതിനെ ഭോപ്പാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വന്യജീവി സംരക്ഷകന്‍ അജയ് ദുബെ ചോദ്യം ചെയ്‌തു. എന്‍ടിസിഎ, വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ദക്ഷിണാഫ്രിക്ക, നമീബിയ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്‌ധരുടെ സേവനം ലഭ്യമായിരുന്ന സാഹചര്യത്തില്‍ ഇതിന്‍റെ ആവശ്യം ഉണ്ടായിരുന്നോ എന്ന ചോദ്യവും അദ്ദേഹം ഉന്നയിക്കുന്നു.
മധ്യപ്രദേശ് വന്യജീവി വകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ ചീറ്റ പരിചരണത്തില്‍ പരിശീലനത്തിന് ദക്ഷിണാഫ്രിക്കയിലേക്കും നമീബിയയിലേക്കും അയക്കുക പോലും ചെയ്‌തിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നിട്ട് അവരൊന്നും പഠിച്ചില്ലേ എന്ന ചോദ്യവും അദ്ദേഹം ഉയര്‍ത്തി. ജിഇസഡ്ആര്‍ആര്‍സിയെ സമീപിച്ചെങ്കില്‍ അക്കാര്യം എന്തിന് മറച്ച് വച്ചുവെന്നും അദ്ദേഹം ചോദിച്ചു.
ഇത്തരമൊരു സഹായ അഭ്യര്‍ഥനയുടെ കാര്യം പദ്ധതിയുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടേയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചീറ്റ പദ്ധതിയുടെ നിരീക്ഷണ സമിതി യോഗത്തിന്‍റെ മിനിറ്റ്സിലും ഇതേക്കുറിച്ച് പരാമര്‍ശമില്ല. വിവരാവകാശ അപേക്ഷ നല്‍കിയിട്ടും വിവരം കിട്ടിയില്ല. എന്‍ടിസിഎ, വന്യജീവി ഇന്‍സ്റ്റിറ്റ്യൂട്ട്, മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവയിലെ വിദഗ്‌ധര്‍ക്ക് പുറമെ കുനോയില്‍ ചീറ്റ പദ്ധതിക്കായി നാല് വിദഗ്‌ധരും പ്രവര്‍ത്തിക്കുന്നുണ്ട്.ദക്ഷിണാഫ്രിക്കയിലെയും നമീബിയയിലെയും വിദഗ്‌ധരുടെ സേവനവും ഇവിടെ ലഭ്യമാണ്.
Also Read: കുനോ ദേശീയോദ്യാനത്തില്‍ വീണ്ടും ചീറ്റ ചത്തു; ചത്തത് മോദിയുടെ ജന്മദിനത്തിന് പാർക്കിലെത്തിച്ച ചീറ്റ