ഡിയോറിയ (ഉത്തര്‍പ്രദേശ്): വിവാഹ വാഗ്‌ദാനം നല്‍കി വനിതാ കോൺസ്റ്റബിളിനെ പീഡിപ്പിച്ചു. ഉത്തർപ്രദേശിലെ ഡിയോറിയയിലാണ് സംഭവം. വനിതാ കോൺസ്റ്റബിളിനെ വിവാഹ വാഗ്‌ദാനം നല്‍കി തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കിയതിന് പൊലീസ് സബ് ഇൻസ്‌പെക്‌ടറെ സസ്‌പെൻഡ് ചെയ്‌തു.
ഫെബ്രുവരി 15 ന് പ്രതിക്കെതിരെ രജിസ്റ്റർ ചെയ്‌ത കേസില്‍ സബ് ഇൻസ്‌പെക്‌ടർ അങ്കിത് സിങിനെ തിങ്കളാഴ്‌ച സസ്‌പെൻഡ് ചെയ്‌തതായും ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഗൗരി ബസാർ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ (എസ്ഒ) ദിനേശ് മിശ്ര പറഞ്ഞു. 2020 മാർച്ച് 2 ന്, അസംഗഢിൽ നിയമിച്ച വനിതാ കോൺസ്റ്റബിളിനെ സിങ് വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നുവെന്ന് എസ്ഒ പറഞ്ഞു.
അപമര്യാദയായി പെരുമാരുകയും ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രദര്‍ശിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വനിതാ കോൺസ്റ്റബിളും അവകാശപ്പെട്ടു. വനിതാ കോൺസ്റ്റബിളിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമം 376, 504, 506 എന്നീ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കേസെടുത്തു.
രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ഡിയോറിയയിൽ എത്തി വനിതാ കോൺസ്റ്റബിളിനെ വൈദ്യപരിശോധനയ്‌ക്ക് വിധേയമാക്കുമെന്നും മിശ്ര പറഞ്ഞു. ഫെബ്രുവരി 9 ന് വനിതാ കോൺസ്റ്റബിൾ തന്നെ കാണുകയും പരാതി നൽകുകയും ചെയ്‌തു, തുടർന്ന് ഫെബ്രുവരി 15 ന് ഗൗരി ബസാർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തതായി എസ്‌പി പറഞ്ഞു. പ്രതിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണെന്നും എന്നാൽ ഉടൻ പിടിയിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.