മഞ്ചിരിയാല (തെലങ്കാന) : അധ്യാപകരും ശിഷ്യന്മാരും തമ്മിലുള്ള ബന്ധം വളരെ പവിത്രമായ ഒന്നാണ്. വർഷങ്ങളായി നമ്മളെ പഠിപ്പിക്കുന്ന അധ്യാപകർ സ്ഥലം മാറി പോകുന്നതും പുതിയ അധ്യാപകർ വരുന്നതുമെല്ലാം സർവസാധാരണമായ ഒരു കാര്യമാണ്. എന്നാൽ അധ്യാപകനോടുള്ള സ്‌നേഹം കാരണം ഒരു കൂട്ടം വിദ്യാർഥികൾ സ്‌കൂൾ മാറുന്നത് അപൂർവമാണല്ലേ. മഞ്ചിരിയാല ജില്ലയിലെ ജന്നാരം മണ്ഡലത്തിലാണ് ഈ അപൂർവ സംഭവം.
മഞ്ചിരിയാലയിൽ സ്ഥലംമാറ്റത്തിന്‍റെ ഭാഗമായി സർക്കാർ സ്‌കൂളിലെ അധ്യാപകൻ മറ്റൊരു സ്‌കൂളിലേക്ക് പോയി. എന്നാൽ അധ്യാപകനെ പിരിയാൻ വയ്യ എന്ന കാരണത്താൽ ടീച്ചർ എവിടെയുണ്ടോ അവിടെ തങ്ങളും ഉണ്ടാകും എന്ന് പറഞ്ഞ് വിദ്യാര്‍ഥികളും അതേ സ്‌കൂളില്‍ അഡ്‌മിഷന്‍ എടുക്കുകയായിരുന്നു.
2012 ജൂലൈ 13 നാണ് പോണക്കൽ പ്രൈമറി സ്‌കൂളിൽ എസ്‌ജിടി അധ്യാപകനായി ജജാല ശ്രീനിവാസ് ജോലിയിൽ പ്രവേശിച്ചത്. അപ്പോൾ ആ സ്‌കൂളിൽ അഞ്ച് ക്ലാസുകളിലേക്ക് രണ്ട് അധ്യാപകരും 32 കുട്ടികളുമാണ് ഉണ്ടായിരുന്നത്. ജജാല ശ്രീനിവാസ് ആ സ്‌കൂളിലെ കുട്ടികളോട് വാത്സല്യത്തോടെ സംസാരിക്കുകയും കളികളിലൂടെ അവരെ പാഠങ്ങൾ പഠിപ്പിക്കുകയും ചെയ്‌തു. മാത്രമല്ല ഓരോരുത്തർക്കും പ്രത്യേക ശ്രദ്ധ നൽകി അവരെ പഠിപ്പിച്ചതോടെ സ്‌കൂളിലെ വിദ്യാർഥികളുടെ എണ്ണം 32 ൽ നിന്ന് 250 ആയി ഉയർന്നു.
സർക്കാരിന്‍റെ ട്രാന്‍സ്‌ഫര്‍ നടപടിയുടെ ഭാഗമായി ഈ മാസം ഒന്നിനാണ് ഇതേ മണ്ഡലത്തിലെ മൂന്ന് കിലോമീറ്റർ അകലെയുള്ള അക്കപെല്ലിഗുഡ സ്‌കൂളിലേക്ക് അദ്ദേഹത്തിന് സ്ഥലം മാറ്റം ലഭിച്ചത്. പോണക്കൽ പ്രൈമറി സ്‌കൂളിലെ വിദ്യാർഥികളെ ഇത് ദുഃഖത്തിലാക്കി. ടീച്ചർ എവിടെയായിരുന്നാലും അവിടെ തങ്ങളും ചേരുമെന്ന് പറഞ്ഞ് കുട്ടികൾ വഴക്കിട്ടതോടെ 2, 3 തീയതികളിൽ 133 കുട്ടികളെ രക്ഷിതാക്കൾ അക്കപ്പെല്ലിഗുഡ സ്‌കൂളിൽ ചേര്‍ത്തു. ഫലത്തിൽ, മുമ്പ് 21 കുട്ടികൾ മാത്രമുണ്ടായിരുന്ന ഈ സ്‌കൂളിൽ ഇപ്പോൾ 154 കുട്ടികളാണുള്ളത്. ഈ സ്‌കൂളിൽ ജജാല ശ്രീനിവാസിനൊപ്പം മറ്റൊരു അധ്യാപിക മാത്രമാണുള്ളത്.