ഷിംല: ഹിമാചൽ പ്രദേശില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. ഒളിവില്‍ പോയ പ്രതിക്കായാണ് അന്വേഷണം പുരോഗമിക്കുന്നത്. ചൗപാലിലെ സ്‌കൂളിലെ 11 വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്.
സംഭവത്തില്‍ സ്‌കൂളിലെ അധ്യാപികയാണ് പരാതിയുമായി രംഗത്ത് എത്തിയത്. സ്‌കൂളിന് സമീപത്തെ വ്യാപാരിയായ മധ്യവയസ്‌കനെതിരെയാണ് പരാതി. ലൈംഗികാതിക്രമ സമിതി അധ്യക്ഷ കൂടിയാണ് പരാതി നല്‍കിയ അധ്യാപിക.
സ്‌കൂളിലെ 7 മുതല്‍ 11 വരെയുളള ക്ലാസുകളിലെ കുട്ടികളോടാണ് പ്രതി മോശമായി പെരുമാറിയത്. കടയിൽ സാധനങ്ങൾ വാങ്ങാൻ പോകുന്ന കുട്ടികളാണ് അതിക്രമത്തിന് ഇരയായത്. സംഭവത്തെ കുറിച്ച് വിദ്യാർഥികളിൽ ഒരാൾ സ്‌കൂള്‍ ലീഡറായ പെൺകുട്ടിയോട് പറഞ്ഞു. തുടർന്ന് സ്‌കൂള്‍ ലീഡര്‍ അധ്യാപികയോട് വിവരം അറിയിക്കുകയായിരുന്നു.
പിന്നീട് ലൈംഗികാതിക്രമ സമിതിക്ക് മുന്നിൽ 11 വിദ്യാർഥികളും തങ്ങള്‍ക്ക് നേരെ ഉണ്ടായ അതിക്രമം സംബന്ധിച്ച് മൊഴി നല്‍കി. തുടര്‍ന്ന് സ്‌കൂൾ മാനേജ്‌മെൻ്റ് കമ്മിറ്റി യോഗം ചേരുകയും പൊലീസിൽ പരാതി നൽകാന്‍ തീരുമാനിക്കുകയുമായിരുന്നു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്. കുട്ടികളുടെ സുരക്ഷിതത്വത്തിൽ ജനങ്ങൾ ആശങ്കാകുലരാണ്.
"പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി പൊലീസിന് ലഭിച്ചിട്ടുണ്ട്. പോക്‌സോ നിയമപ്രകാരം പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌ത് തുടർ നടപടികൾ ആരംഭിച്ചു. പ്രതിയെ അന്വേഷിച്ച് വരികയാണ്" ചൗപാൽ എസ്എച്ച്ഒ മനോജ് താക്കൂർ പറഞ്ഞു.
Also Read: 13കാരിയെ കൊന്നത് അശ്ലീല വീഡിയോയ്‌ക്ക് അടിമയായ പിതാവ് ; അരുംകൊല പീഡനത്തിനിടെയെന്ന് പൊലീസ്