തിരുവനന്തപുരം: ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട നാളെ (ഏപ്രിൽ 20) നടക്കും. നാളെ രാത്രി 8.30 നാണ് ശ്രീഭൂതബലിയും ഗരുഡ വാഹനത്തിൽ പള്ളിവേട്ട എഴുന്നള്ളത്തും.
ഞായറാഴ്‌ച വൈകിട്ട് 4.30ന് ശംഖുംമുഖത്ത് നടക്കുന്ന ആറാട്ടോടുകൂടി ഉത്സവത്തിന് കൊടിയിറങ്ങും. എട്ടാം ഉത്സവ ദിനമായ ഇന്ന് രാത്രി 8.30 ന് വലിയകാണിക്കയ്ക്കൊപ്പം ശ്രീഭൂത ബലിയും ഗരുഡ വാഹനത്തിൽ ഉത്സവ ശ്രീബലിയും നടന്നു. വേട്ടയ്ക്കെഴുന്നള്ളത്ത് ഉത്സവ ശീവേലിക്ക് ശേഷമാണ് ആരംഭിക്കുന്നത്. തിരുവമ്പാടി ശ്രീകൃഷ്‌ണ സ്വാമിയെയും നരസിംഹ മൂർത്തിയെയും ശ്രീപദ്‌മനാഭ സ്വാമിയുടെ വില്ലേന്തിയ വിഗ്രഹത്തിനൊപ്പം എഴുന്നള്ളിക്കും. നിശബ്‌ദമായി വാദ്യമേളങ്ങളൊന്നും ഉപയോഗിക്കാതെയാണ് വേട്ട പുറപ്പാട് സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിലെ വേട്ടക്കളത്തിൽ എത്തുന്നത്.
വിഗ്രഹങ്ങളെ വടക്കേനട വഴി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. ശ്രീപദ്‌മനാഭസ്വാമി വിഗ്രഹം ഒറ്റക്കൽ മണ്ഡപത്തിൽ വെച്ച് നവധാന്യങ്ങൾ മുളപ്പിച്ചത് ചുറ്റും വെച്ച് മുളയീട് പൂജ നടത്തും. ഏപ്രിൽ 21 ഞായറാഴ്‌ച വൈകിട്ട് അഞ്ച് മണിക്ക് ആറാട്ട് ചടങ്ങുകൾ ആരംഭിക്കും. ദീപാരാധന കഴിഞ്ഞു ഗരുഡ വാഹനങ്ങളിൽ ശ്രീപദ്‌മനാഭ സ്വാമിയെയും നരസിംഹ മൂർത്തിയെയും തിരുവമ്പാടി കൃഷ്‌ണനെയും പുറത്തെഴുന്നള്ളിക്കുന്നതോടെ ആറാട്ട് ഘോഷയാത്രക്ക് തുടക്കമാകും. നഗരങ്ങളിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്ന് ആറാട്ട് വിഗ്രഹങ്ങളും പടിഞ്ഞാറേനടയിലെത്തും. എല്ലാ വിഗ്രഹങ്ങളും ശംഖുംമുഖത്ത് കൂടിയാറാട്ടാണ് നടത്തുന്നത്. രാത്രി വൈകി എഴുന്നള്ളത്ത് ക്ഷേത്രത്തിൽ മടങ്ങിയെത്തുന്നതോടെ ഉത്സവത്തിന് കൊടിയിറങ്ങും.
നാളത്തെ (ഏപ്രിൽ 20) കലാപരിപാടികൾ:
കിഴക്കേനട സ്‌റ്റേജ്
- വൈകിട്ട് 5.45 മുതൽ 6. 15 വരെ തേലീഭാഗം ഇടയിൽവീട് ഭഗവതി ക്ഷേത്രം ട്രസ്‌റ്റ് അവതരിപ്പിക്കുന്ന തിരുവാതിര.
- വൈകിട്ട് 6.30 മുതൽ 7.30 വരെ നവ്യ നായർ അവതരിപ്പിക്കുന്ന ഭരതനാട്യം
- വൈകിട്ട് 7.30 മുതൽ 8.15 വരെ ശ്രുതി തമ്പുരാട്ടി അവതരിപ്പിക്കുന്ന ഭരതനാട്യം.
- 8.15 മുതൽ 9 മണി വരെ ജഗന്നാഥ നൃത്തകലാസപര്യ അവതരിപ്പിക്കുന്ന നൃത്തം.
തുലഭാര മണ്ഡപം:
- രാവിലെ 9 മുതൽ 10 വരെ വിദ്യ എസ്, രശ്‌മി ആർ എന്നിവർ അവതരിപ്പിക്കുന്ന കുച്ചിപ്പുഡി.
- വൈകിട്ട് 5.15 മുതൽ 6 വരെ പ്രഗതി, നാട്യകല സ്‌കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന ക്ലാസിക്കൽ ഡാൻസ്.
- വൈകിട്ട് 6 മുതൽ 6.45 വരെ സാത്വിക നമ്പൂതിരി അവതരിപ്പിക്കുന്ന മോഹിനിയാട്ടം.
വടക്കേ നട സ്‌റ്റേജ് (ശ്രീപാദം)
- വൈകിട്ട് 5.15 മുതൽ 6.15 വരെ അരുന്ധതി പണിക്കർ അവതരിപ്പിക്കുന്ന ഭരതനാട്യം.
- വൈകിട്ട് 6.15 മുതൽ 6.30 വരെ ശ്രീ മഹാദേവ ക്ഷേത്ര സംരക്ഷണ സമിതി അവതരിപ്പിക്കുന്ന തിരുവാതിര
Also Read: ഭക്തിസാന്ദ്രമായ മുറജപം ഇന്ന് സമാപിക്കും