വലിഗൊണ്ട : ക്രൗഡ് ഫണ്ടിങ്ങിലൂടെ 10 കോടി രൂപ സമാഹരിച്ചിട്ടും ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാനായില്ല. യാദാദ്രി ഭുവനഗിരി ജില്ലയില്‍ പുലിഗില്ല മദിര ഗ്രാമത്തിലെ കോലനു ദിലീപ് റെഡ്ഡി യാമിനി ദമ്പതിമാരുടെ കുഞ്ഞ് ഭവിക് റെഡ്ഡിയാണ് മരണത്തിന് കീഴടങ്ങിയത്. ജനിച്ച് മൂന്നാം മാസം മുതൽ തന്നെ കുഞ്ഞിന് ശരിയായ ശരീര ചലനങ്ങൾ ഇല്ലായിരുന്നു.
കുഞ്ഞിനെ ചില സ്വകാര്യ ആശുപത്രികളിൽ കാണിച്ചെങ്കിലും ചികിത്സ വിജയിച്ചില്ല. ബഞ്ചാര ഹിൽസിലെ റെയിൻബോ ഹോസ്‌പിറ്റലിൽ നിന്ന് ഡോക്‌ടർമാർ നടത്തിയ പരിശോധനയിൽ കുട്ടിക്ക് സ്‌പൈനൽ മസ്‌കുലർ അട്രോഫി ടൈപ്പ്-1 (നാഡി-പേശി ബലഹീനത) എന്ന മാരക രോഗം ഉള്ളതായി കണ്ടെത്തി. കുത്തിവയ്പ്പ് മാത്രമാണ് ചികിത്സയെന്നും അമേരിക്കയിൽ ഇത് ലഭ്യമാണെന്നും ഡോക്‌ടര്‍മാര്‍ അറിയിച്ചു.
16 കോടി രൂപയായിരുന്നു ചികിത്സയ്ക്കായുള്ള ചെലവ്. ഹൈദരാബാദിലെ മല്ലപ്പൂരിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന ദിലീപ് റെഡ്ഡി കുടുംബത്തോടൊപ്പം അവിടെ തന്നെയാണ് താമസം. ഇടത്തരം കുടുംബമായതിനാലാണ് മകൻ്റെ ചികിത്സയ്ക്ക് അത്രയും പണം കണ്ടെത്താനായി ദിലീപ് റെഡ്ഡി മറ്റുള്ളവരുടെ സഹായം തേടിയത്.
ഒരു ഫാർമ കമ്പനി ക്രൗഡ് ഫണ്ടിംഗിലൂടെ 10 കോടി രൂപ സമാഹരിച്ചു. പക്ഷേ ബാക്കി ആറ് കോടി രൂപ പിരിച്ചെടുക്കാന്‍ സാധിക്കാത്തതിനാല്‍ കുഞ്ഞിന് കുത്തിവയ്‌പ്പ് നൽകാനായില്ല. ഇതിനിടെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുഞ്ഞിന്‍റെ നില വഷളാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
ALSO READ: ഒൻപത് വയസുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം