മുംബൈ : ദുബായ് എയർപോർട്ട് അധികൃതർക്ക് കുടിശ്ശിക നൽകാത്തതിനെ തുടർന്ന് ഇന്ത്യയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനങ്ങള്‍ റദ്ദാക്കിയതായി റിപ്പോര്‍ട്ട്. വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് നൂറുകണക്കിന് സ്‌പൈസ് ജെറ്റ് യാത്രികർ ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി.
ചില പ്രവർത്തന കാരണങ്ങളാൽ ദുബായിൽ നിന്ന് ഇന്ത്യയിലേക്കുള്ള കുറച്ച് വിമാനങ്ങൾ റദ്ദാക്കിയതായി സ്പൈസ് ജെറ്റ് വക്താവ് വ്യാഴാഴ്‌ചയാണ് അറിയിച്ചത്. എന്നാൽ റദ്ദാക്കിയതിന്‍റെ കാരണം വിശദമാക്കിയിരുന്നില്ല.
ദുബായിൽ നിന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസ് നടത്താനിരുന്ന പത്തോളം സ്‌പൈസ് ജെറ്റ് വിമാനങ്ങൾ, കുടിശ്ശിക അടയ്ക്കാത്തതിനാൽ റദ്ദാക്കിയതായാണ് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്. ബാധിതരായ യാത്രക്കാര്‍ക്ക് വീണ്ടും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഹോട്ടൽ താമസ സൗകര്യവും നൽകിയതായും എയർലൈൻ വക്താവ് പറഞ്ഞു.
അജയ് സിങ് പ്രൊമോട്ട് ചെയ്യുന്ന സ്‌പൈസ് ജെറ്റ് നിലവില്‍ കടക്കെണിയിലാണ്. കമ്പനിയുടെ 11,581 ജീവനക്കാർക്ക് 2022 ജനുവരി മുതൽ എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് സംഭാവനകൾ നിക്ഷേപിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. മുൻ സാമ്പത്തിക വർഷത്തെ ജനുവരി-മാർച്ച് പാദത്തിൽ എയർലൈൻ 119 കോടി രൂപ ലാഭം നേടിയെങ്കിലും അതേ വർഷം ഡിസംബർ പാദത്തിൽ 301.45 കോടി രൂപയായിരുന്നു നഷ്‌ടം. 2023-24 സാമ്പത്തിക വർഷത്തിൽ മൊത്തം 409.43 കോടി രൂപയുടെ നഷ്‌ടമാണ് സ്‌പൈസ് ജെറ്റിന് ഉണ്ടായത്.
ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്‌മെൻ്റ് (ക്യുഐപി) പ്രക്രിയയിലൂടെ ഇക്വിറ്റി ഷെയറുകളോ മറ്റ് സെക്യൂരിറ്റികളോ നൽകി 3,000 കോടി രൂപ വരെ സമാഹരിക്കാനുള്ള കമ്പനിയുടെ നിർദേശത്തിന് ജൂലൈ 23 ന് സ്പൈസ് ജെറ്റ് ബോർഡ് അംഗീകാരം നൽകിയിരുന്നു. ഈ വർഷം ജനുവരിയിൽ, സ്പൈസ് ജെറ്റിന് 2,242 കോടി രൂപയുടെ ഫണ്ട് ഇൻഫ്യൂഷനായി ബിഎസ്ഇയിൽ നിന്ന് അംഗീകാരം ലഭിച്ചെങ്കിലും രണ്ട് ഘട്ടങ്ങളിലായി 1,060 കോടി രൂപ മാത്രമേ സമാഹരിക്കാനായുള്ളൂ.