ഉത്തര്‍പ്രദേശ് : രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തില്‍ ധാരണയാകുന്നതിന് പിന്നാലെ ന്യായ് യാത്രയില്‍ പങ്കെടുക്കുമെന്നാണ് അഖിലേഷ് യാദവ് പറഞ്ഞത്.
'ഇപ്പോൾ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. അവരുടെ ഭാഗത്തുനിന്നും ഞങ്ങളുടെ ഭാഗത്തുനിന്നും ലിസ്റ്റുകൾ എത്തിയിട്ടുണ്ട്. സീറ്റ് വിഭജനത്തില്‍ തീരുമാനമുണ്ടായ ഉടനെ സമാജ്‌വാദി പാർട്ടി ന്യായ് യാത്രയിൽ പങ്കുചേരും'- അഖിലേഷ് യാദവ് മാധ്യമങ്ങളോട് പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുമായുള്ള സീറ്റ് വിഭജന ചര്‍ച്ച ഇന്ത്യ സഖ്യത്തിന് നിര്‍ണായകമാണ്. നേരത്തെ വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി നടന്ന സീറ്റ് വിഭജന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത അറിയിച്ചിരുന്നു.
അതേസമയം, അഖിലേഷ് യാദവ് ഭാരത് ജോഡോ ന്യായ് യാത്രയിൽ ചേരുമോ എന്ന ചോദ്യത്തിന്, ചൊവ്വാഴ്‌ച അദ്ദേഹം യാത്രയിൽ ചേരുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേഷ് പറഞ്ഞത്. അപ്‌നാദൾ (കെ) നേതാവ് പല്ലവി പട്ടേലും ന്യായ് യാത്രയിൽ പങ്കെടുത്തിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ക്ഷണം സ്വീകരിച്ച അഖിലേഷ് യാദവ് അമേഠിയിലോ റായ്ബറേലിയിലോ നടക്കുന്ന യാത്രയിൽ പങ്കെടുക്കുമെന്നാണ് പറഞ്ഞിരുന്നത്. ഇരു പാർട്ടികളും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ ധാരണയാകാത്തത് മൂലം അഖിലേഷ് യാദവ് യാത്രയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് റിപ്പോർട്ടുകളുമുണ്ടായിരുന്നു.
ആചാര്യ നരേന്ദ്ര ദേവയുടെ ചരമവാർഷികത്തിൽ പ്രണാമം അര്‍പ്പിക്കാന്‍ എത്തിയതായിരുന്നു അഖിലേഷ് യാദവ്. 'സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് ശക്തിനല്‍കുകയും പുതിയ ദിശാബോധം കാട്ടുകയും ചെയ്‌ത വ്യക്തിയാണ് ആചാര്യ നരേന്ദർ. അദ്ദേഹത്തിന്‍റെ ജീവിതം സോഷ്യലിസ്റ്റുകൾക്ക് പാഠപുസ്‌തകമാണ്. അതുകൊണ്ട് തന്നെ ഞങ്ങൾ ഓരോ തവണയും ഇവിടെയെത്തും'- യാദവ് പറഞ്ഞു. ഭരണഘടനയെയും രാജ്യത്തിന്‍റെ ഭാവിയെയും സംരക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണ് 2024 ല്‍ വരാനിരിക്കുന്നതെന്നും നിലവിലെ സര്‍ക്കാര്‍ അധികാരത്തില്‍ തുടര്‍ന്നാല്‍ സംവരണത്തിന് വേണ്ടി അംബേദ്‌കറും സോഷ്യലിസ്റ്റുകളും നടത്തിയ ത്യാഗങ്ങള്‍ വെറുതെയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: 'സീറ്റ് കിട്ടിയാല്‍ ടോർച്ച്, അല്ലെങ്കില്‍ കൈപ്പത്തി'... ലോക്‌സഭയിലേക്ക് മത്സരിക്കാനൊരുങ്ങി കമൽ ഹാസൻ
ഉത്തർപ്രദേശ് പൊലീസ് റിക്രൂട്ട്മെന്‍റ് പരീക്ഷാ പേപ്പര്‍ ചോര്‍ന്നത് സംബന്ധിച്ചുള്ള ചോദ്യത്തിന് ഒരു ലക്ഷം വിദ്യാർത്ഥികൾക്ക് മുഴുവന്‍ മാർക്ക് ലഭിച്ചാലും 10 ലക്ഷം പേര്‍ മികച്ച മാർക്ക് നേടിയാലും സർക്കാരിന് അവർക്കെല്ലാം ജോലി നൽകാന്‍ കഴിയുമോ എന്നാണ് അഖിലേഷ് യാദവ് ചോദിച്ചത്.