ന്യൂഡല്‍ഹി : സോണിയ ഗാന്ധിയെ വീണ്ടും കോണ്‍ഗ്രസ് പാര്‍ലമെന്‍ററി സമിതി അധ്യക്ഷയായി തെരഞ്ഞെടുത്തു. ഇന്ന് ഡല്‍ഹിയില്‍ പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലാണ് സോണിയയെ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടിയുടെ അധ്യക്ഷയായി തെരഞ്ഞെടുത്തത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് യോഗത്തില്‍ അധ്യക്ഷ സ്ഥാനത്തേക്ക് സോണിയയുടെ പേര് നിര്‍ദേശിച്ചത്. സോണിയ കോണ്‍ഗ്രസിനെ പാര്‍ലമെന്‍റില്‍ നയിക്കുമെന്ന് പിന്നീട് അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലും സോണിയയെ പാര്‍ലമന്‍ററി പാര്‍ട്ടി അധ്യക്ഷയായി തെരഞ്ഞെടുത്ത വിവരം സ്ഥിരീകരിച്ചു. ഇനി സഭ നേതാക്കളെ അവര്‍ നാമനിര്‍ദേശം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് സംബന്ധിച്ച് പ്രതിപക്ഷത്തെ അറിയിച്ചിട്ടില്ലെന്നും വേണുഗോപാല്‍ വ്യക്തമാക്കി. തങ്ങള്‍ക്ക് ക്ഷണവും കിട്ടിയിട്ടില്ല. പ്രതിപക്ഷ സഖ്യമായ ഇന്ത്യയിലെ പ്രധാന കക്ഷിയെന്ന നിലയ്ക്കും ഇതേക്കുറിച്ച് തങ്ങള്‍ക്ക് യാതൊരു വിവരവുമില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. വിദേശ നേതാക്കളെയൊക്കെ ക്ഷണിച്ചിട്ടുണ്ട്. സര്‍ക്കാരിന്‍റെ നിലപാട് എന്താണെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോണിയ ഗാന്ധി പാര്‍ലമെന്‍ററി പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കുന്നത് തങ്ങള്‍ക്ക് വൈകാരിക മുഹൂര്‍ത്തമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗഗോയ് പറഞ്ഞു. പാര്‍ലമെന്‍ററി പാര്‍ട്ടി അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ട സോണിയയെ കാര്‍ത്തി ചിദംബരം അഭിനന്ദിച്ചു. കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി ഏകകണ്ഠമായി സോണിയയെ അധ്യക്ഷയായി തെരഞ്ഞെടുത്തിരിക്കുന്നു. അവര്‍ പാര്‍ലമെന്‍ററി പാര്‍ട്ടിയെ അഭിസംബോധന ചെയ്‌തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാരെയും അവര്‍ അഭിനന്ദിച്ചുവെന്നും കാര്‍ത്തി പറഞ്ഞു.
സോണിയ ഗാന്ധിയെ പാര്‍ലെമന്‍ററി പാര്‍ട്ടി അധ്യക്ഷയായി തെരഞ്ഞെടുത്തതില്‍ കുമാരി ഷെല്‍ജയും സന്തോഷം പങ്കിട്ടു. അവരുടെ നേതൃത്വത്തില്‍ തങ്ങള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും ഷെല്‍ജ പറഞ്ഞു. രാജീവ് ശുക്ല, രണ്‍ദീപ് സുര്‍ജെ വാല, അജയ് മാക്കന്‍, മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി, ശശിതരൂര്‍ തുടങ്ങിയവരുടെ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവായി നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുത്തിരുന്നു.