നൽഗൊണ്ട (തെലങ്കാന) : തെലങ്കാനയിലെ ബൈക്ക് മെക്കാനിക് സൗരോർജത്തിൽ പ്രവർത്തിത്തുന്ന ബൈക്ക് നിർമിച്ച് ജന ശ്രദ്ധനേടിയിരിക്കുകയാണ്. പരമ്പരാഗത ബൈക്കിനെ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന വിസ്‌മയമാക്കി മാറ്റിയത് നൽഗൊണ്ട സ്വദേശിയായ മുഹമ്മദ് ഷെരീഫ് എന്ന ബൈക്ക് മെക്കാനിക്കാണ്.
പെട്രോളിനെക്കാൾ തുച്‌ഛമായ വിലയിൽ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഷരീഫിന്‍റെ കണ്ടുപിടുത്തം നൽഗൊണ്ടയിലെയും അതിനപ്പുറത്തെയും റോഡുകളിൽ തരംഗമായിരിക്കുകയാണ്. തന്‍റെ ഇരുചക്രവാഹനത്തിന്‍റെ എഞ്ചിന് അറ്റകുറ്റപ്പണികൾ ആവശ്യമായി വന്നപ്പോൾ ഒരു പ്രതിസന്ധി നേരിട്ട സമയത്താണ് ഇത്തരമൊരു കണ്ടുപിടിത്തത്തിലേക്ക് ഷരീഫ് യാത്ര ആരംഭിച്ചത്.
അറ്റകുറ്റപ്പണികൾ തെരഞ്ഞെടുക്കുന്നതിനുപകരം, തന്‍റെ വാഹനത്തിന്‍റെ രൂപകൽപ്പനയിൽ നാല് 12 വോൾട്ട് ബാറ്ററികളും ഒരു സോളാർ പാനലും ഉൾപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം പുതിയ ചുവടുവെപ്പ് നടത്തിയത്.ഈ പരിഷ്‌ക്കരണം അദ്ദേഹത്തിന്‍റെ ബൈക്കിനെ ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് സ്വതന്ത്രമാക്കുക മാത്രമല്ല ചെയ്‌തത്, സുസ്ഥിരമായ ഒരു ഗതാഗത മാർഗത്തിലേക്കുള്ള വാതിലുകൾ തുറക്കുകയും ചെയ്‌തു.
സൂര്യന്‍റെ ശക്തി പ്രയോജനപ്പെടുത്തി, രാവിലെ മുതൽ വൈകുന്നേരം വരെ ചാർജ് ചെയ്യുമ്പോൾ ഏകദേശം 40 കിലോമീറ്റർ മൈലേജ് ബൈക്കിന് കിട്ടും. കൂടാതെ, പ്രതികൂല സാഹചര്യങ്ങളിൽപ്പോലും വിശ്വാസ്യത ഉറപ്പാക്കുന്ന ഒരു ബാക്കപ്പ് പവർ സ്രോതസായി അദ്ദേഹം ഒരു ഇലക്‌ട്രിക് മോട്ടോർ ബാറ്ററിയെയും സമർത്ഥമായി സംയോജിപ്പിച്ചു.
ബാറ്ററികൾക്കായി 30,000 രൂപയും സോളാർ പാനലിന് 10,000 രൂപയും എന്ന മിതമായ നിക്ഷേപത്തിലൂടെയാണ്, താങ്ങാനാവുന്നതും പരിസ്ഥിതി ബോധമുള്ളതുമായ യാത്രാമാർഗങ്ങൾ തേടുന്ന വ്യക്തികൾക്ക് മുന്നിൽ അദ്ദേഹം പുതിയ സാധ്യതകളുടെ ഒരു മേഖല തുറന്നുകൊടുത്തത്. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന തന്‍റെ സൃഷ്‌ടിയിലൂടെ ഷരീഫ് നൽഗൊണ്ടയിലെ റോഡുകളിൽ സവാരി തുടരുമ്പോൾ, ധൈര്യത്തോടെ സ്വപ്‌നം കാണാനും അശ്രാന്തമായി നവീകരിക്കാനും മറ്റുള്ളവർക്കുള്ള പ്രചോദനമാണ്.