ന്യൂഡല്‍ഹി : പ്രിയങ്ക ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും യഥാക്രമം റായ്‌ബറേലിയിലും അമേഠിയിലും കോണ്‍ഗ്രസ് രംഗത്ത് ഇറക്കുമെന്ന് സൂചന. വെള്ളിയാഴ്‌ചയ്ക്ക് ശേഷം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പാര്‍ട്ടിയോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. അടുത്തയാഴ്ചയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക എന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.
രണ്ടാം ഘട്ടത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് നാളെ പോളിങ്ങ് ബൂത്തിലേക്ക് പോവുകയാണ്. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്മൃതി ഇറാനി രാഹുലിനെ അമേഠിയില്‍ പരാജയപ്പെടുത്തിയിരുന്നു. ഇക്കുറിയും ഇവിടെ ബിജെപി സ്‌മൃതിയെ തന്നെയാണ് അങ്കത്തിന് നിയോഗിച്ചിരിക്കുന്നത്. സമാജ്‌വാദി പാര്‍ട്ടിയുമായുള്ള സീറ്റ് പങ്കിടല്‍ ധാരണയുടെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് പതിനേഴ് സീറ്റില്‍ മത്സരിക്കും. ബാക്കിയുള്ള 63 സീറ്റുകളില്‍ സമാജ് വാദി പാര്‍ട്ടി തന്നെയാകും മത്സരിക്കുക. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയാകുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്.
കോണ്‍ഗ്രസിന്‍റെ പരമ്പരാഗത ശക്തി കേന്ദ്രങ്ങളായ റായ്‌ബറേലിക്കും അമേഠിക്കും പുറമെ വാരാണസി, ഗാസിയാബാദ്, കാണ്‍പൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് ജനവിധി തേടുന്നു. പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയ്ക്ക് വേണ്ടി അമേഠിയുടെ ഭാഗമായ ഗൗരിഗഞ്ച് മേഖലയിലെ പാര്‍ട്ടി ഓഫീസിന് പുറത്ത് നേരത്തെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
അതോടെ ഇവിടെ വാദ്രയാകും മത്സരിക്കുക എന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ മത്സരിക്കുന്ന എല്ലാ മണ്ഡലങ്ങളിലും ശക്തമായി തന്നെ ഇറങ്ങുക എന്ന ഉദ്ദേശ്യമുണ്ടായിരുന്നതിനാല്‍ ഇവിടെ ഗാന്ധി സഹോദരങ്ങളെ തന്നെ ഇറക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. അഞ്ചാംഘട്ടമായ അടുത്തമാസം ഇരുപതിനാണ് റായ്‌ബറേലിയും അമേഠിയും വിധി എഴുതുക.
അമേഠിയില്‍ നിന്ന് ജയിച്ച് കയറുക രാഹുല്‍ ഗാന്ധിക്ക് നിസാരമല്ല. കടുത്ത പ്രചാരണങ്ങളുമായി കേന്ദ്രമന്ത്രി സ്‌മൃതി ഇപ്പോള്‍ തന്നെ ബഹുദൂരം മുന്നിലാണ്. രാഹുലിന് ഈ മണ്ഡലത്തോടുള്ള കൂറ് ചോദ്യം ചെയ്‌ത് ഈ മാസം എട്ടിന് സ്മൃതി രംഗത്ത് എത്തിയിരുന്നു.
ഗാന്ധി കുടുംബം മത്സരിക്കാന്‍ ഇവിടെയെത്തുമെന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് നന്നായി അറിയാം. പ്രധാനമന്ത്രി നരേന്ദ്രമോദി അമേഠി ലോക്സഭാ മണ്ഡലത്തിലെ 19 ലക്ഷം പൗരന്‍മാര്‍ക്ക് റേഷന്‍ നല്‍കിക്കഴിഞ്ഞു. ഗാന്ധി കുടുംബം നരേന്ദ്രമോദിക്ക് എതിരാണല്ലോ. ഈ റേഷന്‍വാങ്ങിയ 19 ലക്ഷം പേരോട് രാഹുലിന് എന്താണ് പറയാനുള്ളതെന്നും സ്മൃതി ചോദിച്ചു.
താന്‍ വയനാട്ടില്‍ ദിവസങ്ങള്‍ക്ക് മുമ്പ് പോയിരുന്നു. അപ്പോള്‍ വയനാട് തന്‍റെ കുടുംബമാണെന്ന് രാഹുല്‍ പ്രഖ്യാപിച്ചതായി അറിയാനായി. രാഹുല്‍ വയനാട് തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചതിന് കാരണം അവിടുത്തെ ജനങ്ങള്‍ക്കുള്ള കൂറാണെന്ന് കഴിഞ്ഞ ദിവസം ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞിരുന്നു . അമേഠിയിലെ ജനങ്ങളുടെ കൂറിനെക്കുറിച്ച് എന്താണ് രാഹുലിന് പറയാനുള്ളതെന്നും സ്മൃതി ചോദിച്ചു.
1960മുതല്‍ കോണ്‍ഗ്രസിന്‍റെ ഉറച്ച കോട്ടയാണ് റായ്‌ബറേലി. ഫിറോസ് ഗാന്ധിയും ഇന്ദിര ഗാന്ധിയും ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2006ലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചത് മുതല്‍ സോണിയ ഗാന്ധിയാണ് ഇവിടുത്തെ എംപി. ഇപ്പോള്‍ സോണിയ രാജ്യസഭാംഗമായതോടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടി കൂടിയായ പ്രിയങ്കയെ കളത്തിലിറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.