ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ അയോഗ്യരാക്കപ്പെട്ട ആറ് നിയമസഭാ സമാജികര്‍ സുപ്രീംകോടതിയിലേക്ക്. രാജ്യസഭയിലേക്ക് അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തതിനാണ് ആറ് കോണ്‍ഗ്രസ് സമാജികരെ അയോഗ്യരാക്കിയത്(Himachal MLAs).
സംസ്ഥാന നിയമസഭാ സ്പീക്കര്‍ കുല്‍ദീപ് സിങ് പത്താനിയയുടെ നടപടി ചോദ്യം ചെയ്ത് മുന്‍ എംഎല്‍എമാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഈ കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ പിന്നീട് ബജറ്റ് വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്നും തടഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് തങ്ങളുടെ അയോഗ്യത ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. രജിന്ദര്‍ റാണ, സുധിര്‍ ശര്‍മ്മ, ഇന്ദര്‍ദത്ത് ലഖന്‍പാല്‍, ദേവീന്ദര്‍ കുമാര്‍ ഭൂട്ടോ, രവിഠാക്കൂര്‍, ചൈതന്യ ശര്‍മ്മ എന്നിവരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. ഇവരെ അയോഗ്യരാക്കിയതോടെ നിയമസഭയുടെ അംഗബലം 68ല്‍ നിന്ന് 62 ആയി കുറഞ്ഞു. കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം 40ല്‍ നിന്ന് 34 ആയി ( Supreme Court).
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ആറ് നിയമസഭാംഗങ്ങളെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്‍ററി കാര്യ മന്ത്രി കത്ത് നൽകിയിരുന്നു. ഇതുപ്രകാരം അയോഗ്യരാക്കാതിരിക്കണമെങ്കില്‍ അതിനുള്ള കാരണം വിശദീകരിക്കണമെന്ന് സ്‌പീക്കര്‍ ആറ് എംഎല്‍എമാരെയും മുന്‍കൂട്ടി അറിയിക്കുകയും ചെയ്‌തിരുന്നു(Rajya Sabha polls).
എന്നാല്‍ വിഷയത്തില്‍ തീരുമാനം എടുക്കാന്‍ ഏഴ് ദിവസത്തെ സമയം എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. സമയം നല്‍കാന്‍ സാധിക്കില്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി. ഇതിന് പിന്നാലെയാണ് അയോഗ്യരാക്കിക്കൊണ്ടുള്ള നടപടി.സ്പീക്കറുടെ നടപടി ബിജെപിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കോണ്‍ഗ്രസിന്‍റെ ആറ് എംഎല്‍എമാരുടെ പിന്തുണയോടെ ഹിമാചല്‍ പ്രദേശ് നിയമസഭയില്‍ പാര്‍ട്ടിയുടെ അംഗബലം 34 ആക്കുക എന്നതായിരുന്നു ബിജെപിയുടെ ലക്ഷ്യം. ആകെ 25 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. അതിനോടൊപ്പം മൂന്ന് സ്വതന്ത്രരുടെ പിന്തുണയും ഇപ്പോള്‍ ബിജെപിക്കാണ്.
ചൊവ്വാഴ്ച നടന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ ആറ് എംഎല്‍എമാര്‍ ബിജെപിക്ക് വോട്ട് ചെയ്തതാണ് പ്രതിസന്ധിക്ക് കാരണമായത്. രാജ്യസഭ തെരഞ്ഞെടുപ്പിൽ എംഎൽഎമാർ കാലുമാറിയതോടെ ഹിമാചലിൽ കോൺഗ്രസ് സർക്കാരിന്‍റെ ഭാവി തുലാസിലായി. കോൺഗ്രസിലെ 6 എംഎൽഎമാരും 3 സ്വതന്ത്രരും ബിജെപിയുടെ ഹർഷ് മഹാജന് വോട്ട് ചെയ്യുകയായിരുന്നു.
തുടര്‍ന്ന് കോൺഗ്രസ് സ്ഥാനാർഥി അഭിഷേക് മനു സിംഗ്‌വി അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി. ഇതോടെ കോണ്‍ഗ്രസിന് സഭയില്‍ ഭൂരിപക്ഷം നഷ്‌ടപ്പെട്ടെന്ന് ആരോപിച്ച് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യം ബിജെപി ഉന്നയിച്ചു. എന്നാല്‍ സഭയില്‍ പ്രതിഷേധിച്ചെന്ന കാരണത്താല്‍ പ്രതിപക്ഷ നേതാവ് ജയറാം താക്കൂര്‍ ഉള്‍പ്പടെയുള്ള 15 എംഎല്‍എമാരെ സ്പീക്കര്‍ ബുധനാഴ്ച സസ്പെന്‍ഡ് ചെയ്തിരുന്നു.
Also Read: ഹിമാചലിലെ രാഷ്‌ട്രീയ പ്രതിസന്ധി; സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികയ്ക്കുമെന്ന് ഡി കെ ശിവകുമാര്‍