ഷിവമോഗ (കർണാടക): കാർ ഷോറൂമിൽ വൻ തീപിടിത്തം. കർണാടകയിലെ ശിവമോഗയിലുള്ള കാർ ഷോറൂമിൽ വെള്ളിയാഴ്‌ച രാത്രിയുണ്ടായ തീപിടിത്തത്തിൽ ആറ് നാലുചക്ര വാഹനങ്ങൾ കത്തിനശിച്ചു. രാത്രി 10 മണിയോടെയാണ് സംഭവം നടന്നതെന്ന് ജില്ലാ അഗ്നിശമന സേനാ ഉദ്യോഗസ്ഥർ അറിയിച്ചു.
വിവരമറിഞ്ഞ് നാലംഗ അഗ്നിശമനസേനാ സംഘവും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള പ്രവർത്തനം ആരംഭിച്ചു. 'രാത്രി 10 മണിയോടെ സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നാല് ഫയർ ടെൻഡറുകൾ സംഭവസ്ഥലത്തേക്ക് അയച്ചു. പുലർച്ചെ മൂന്ന് മണിയോടെ തീ അണച്ചതായും ജില്ലാ ഫയർ ഓഫീസർ മഹാലിംഗപ്പ പറഞ്ഞു.
സംഭവത്തിൽ ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്‌തിട്ടില്ല. ആറ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. വൈദ്യുത ഷോർട്ട് സർക്യൂട്ട് മൂലമാണ് സംഭവം നടന്നതെന്നാണ് പ്രാഥമികാന്വേഷണം സൂചിപ്പിക്കുന്നത്. കൂടുതല്‍ അന്വേഷിച്ച് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിപ്‌സ് കടയില്‍ തീപിടുത്തം: തിരുവനന്തപുരത്ത് കൈതമുക്ക് ജങ്ഷന് സമീപം ചിപ്‌സ് കടയിലുണ്ടായ തീപിടുത്തത്തിൽ ഒരാൾ മരിച്ചു. പഴയ പാസ്പോർട്ട് ഓഫീസിന് സമീപത്തുള്ള കണ്ണൻ ചിപ്‌സ് കടയുടെ ഉടമയായ കൈതമുക്ക് സ്വദേശി അപ്പു ആചാരി (85) ആണ് മരിച്ചത്. കടയിൽ ജോലി ചെയ്യുന്ന പാണ്ഡ്യൻ, അപ്പു ആചാരിയുടെ മകൻ കണ്ണൻ എന്നിവർക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകിട്ട് നാലരയോടെയാണ് സംഭവം. ഗ്യാസ് സിലിണ്ടറിൽ ഉണ്ടായ ചോർച്ച മൂലം തീപടർന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പടരുമ്പോൾ കണ്ണനും പാണ്ഡ്യനും പുറത്ത് ഇറങ്ങിയെങ്കിലും അപ്പു ആചാരി കടയ്ക്കുള്ളിൽ വീണ് പോയതിനാൽ പുറത്തേക്ക് ഇറങ്ങാൻ സാധിച്ചില്ല. നിമിഷ നേരംകൊണ്ട് തീപടർന്ന് കട പൂർണമായും കത്തി നശിക്കുകയും ചെയ്‌തു. കടയ്ക്കുള്ളിൽ ആകെ 7 ഗ്യാസ് സിലിണ്ടറുകളാണ് ഉണ്ടായിരുന്നത്. രക്ഷാപ്രവർത്തനത്തിനെത്തിയ ചുമട്ടുതൊഴിലാളികളും നാട്ടുകാരും വെള്ളം ഒഴിച്ചതിനാൽ മറ്റ് സിലിണ്ടറുകളിലേക്ക് തീ പടർന്നില്ല. അതിനാൽ വൻ ദുരന്തം ഒഴിവായി.
ALSO READ: പടക്കനിർമാണ ശാലയില്‍ സ്ഫോടനം, 10 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു