ഹൈദരാബാദ്: ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുമായുള്ള വേർപിരിയല്‍ അഭ്യൂഹങ്ങൾക്കിടയിൽ മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക് വീണ്ടും വിവാഹിതനായി. പാക് ടെലിവിഷന്‍ താരമായ സന ജാവേദാണ് വധു. ഷൊയ്ബ് മാലിക് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ തന്‍റെ വിവാഹ ചിത്രം പങ്കുവച്ചത്.(Former Pakistan all rounder Shoaib Malik has married actress Sana Javed)
ഷൊയ്ബ് മാലിക്കും സന ജാവേദും ഡേറ്റിംഗിലാണെന്ന് നേരത്തെ വാര്‍ത്ത പ്രചരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം സന ജാവേദിന്‍റെ ജന്മദിനത്തിന് ആശംസകള്‍ നേര്‍ന്ന് "ഹാപ്പി ബർത്ത് ഡേ ബഡ്ഡി" എന്ന അടിക്കുറിപ്പോടെ സനയ്‌ക്കൊപ്പമുള്ള ചിത്രം ഷൊയ്ബ് മാലിക്ക് പങ്കുവച്ചിരുന്നു. ഇതോടെയാണ് ഇരുവരും പ്രണയത്തിലാണ് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വ്യാപകമായി പ്രചരിച്ചത്. ഷൊയ്ബ് മാലിക്കിന്‍റെ മൂന്നാം വിവാഹമാണിത്. (Malik also posted two pictures of him posing with actress Sana Javed)
2010ൽ ആയിഷ സിദ്ദിഖിയിൽ നിന്ന് വിവാഹമോചനം നേടിയ ശേഷമാണ് ഷൊയിബ് സാനിയ മിർസയെ വിവാഹം കഴിക്കുന്നത്. ഹൈദരാബാദിൽ വെച്ച് പരമ്പരാഗത മുസ്ലീം ആചാരപ്രകാരമായിരുന്നു ഷൊയ്ബിന്‍റെയും, സാനിയയുടെയും വിവാഹം. 2018ലാണ് ഇരുവര്‍ക്കും ഇസാൻ എന്ന മകന്‍ ജനിച്ചത്.
2022-ലാണ് ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നും വിവാഹമോചനത്തിന്‍റെ വക്കിലാണെന്നുമുള്ള അഭ്യൂഹങ്ങള്‍ പരന്നു തുടങ്ങിയത്. സാനിയയും മാലിക്കും വേർപിരിഞ്ഞതായി വരെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഇക്കാര്യം ഇരുവരും സ്ഥിരീകരിച്ചിരുന്നില്ല.
എന്നാല്‍ കഴിഞ്ഞ ദിവസം സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റ് വേർപിരിയല്‍ അഭ്യൂഹങ്ങള്‍ ശക്തമാക്കി. “വിവാഹം ബുദ്ധിമുട്ടേറിയ ഒന്നാണ്. വേർപിരിയല്‍ കഠിനവും. അമിതവണ്ണം ബുദ്ധിമുട്ടേറിയ ഒന്നാണ്. ഫിറ്റായിരിക്കുക എന്നത് കഠിനവും. ആശയവിനിമയം ബുദ്ധിമുട്ടേറിയ ഒന്നാണ്, ആശയവിനിമയം ഇല്ലാതിരിക്കുക എന്നത് കഠിനവും. ജീവിതം ഒരിക്കലും എളുപ്പമുള്ള ഒന്നല്ല, എപ്പോഴും കഠിനമായിരിക്കും. വിവേകത്തോടെ വേണം തെരഞ്ഞെടുപ്പ് നടത്താന്‍,” എന്നായിരുന്നു സാനിയ പങ്കുവെച്ച കുറിപ്പ്.
പിന്നീടാണ് ഇരുവരും വേര്‍പിരിയുന്നത്. ഷൊയ്ബ് മാലിക്കിന്‍റെ വധു സന ജാവേദിന്‍റെയും പുനര്‍വിവാഹമാണ് ഇത്. ഗായകൻ ഉമർ ജസ്വാൾ ആണ് സനയുടെ ആദ്യ ഭർത്താവ്. 2020 ൽ വിവാഹിതരായ ഇവർ 2023ൽ പിരിയുകയായിരുന്നു.