ഹൈദരാബാദ് : അനധികൃത സ്വത്ത് സമ്പാദന കേസ് നേരിടുന്ന ഹൈദരാബാദ് മെട്രോപൊളിറ്റൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (എച്ച്എംഡിഎ) മുൻ ഡയറക്‌ടർ ശിവ ബാലകൃഷ്‌ണയ്‌ക്ക് കോടികളുടെ സ്വത്തുവകകള്‍. സർക്കാരിന്‍റെ കണക്കുപ്രകാരം വരുമാനത്തിനപ്പുറമുള്ള സ്വത്തിന്‍റെ മൂല്യം ഏകദേശം 13 കോടി രൂപയാണെങ്കിലും പൊതുവിപണിയിൽ അവയുടെ മൂല്യം 250 കോടിയിലേറെ വരുമെന്നാണ് അഴിമതി വിരുദ്ധ ബ്യൂറോയുടെ (എസിബി) പ്രാഥമിക കണക്ക് (Shivabalakrishna's Assets Are Over Rs. 250 Crores).
കഴിഞ്ഞ മാസമാണ് അനധികൃത സ്വത്ത് സമ്പാദന കേസിൽ ഹൈദരാബാദ് മെട്രോപൊളിറ്റൻ ഡെവലപ്‌മെന്‍റ് അതോരിറ്റി (എച്ച്എംഡിഎ) മുൻ ഡയറക്‌ടർ ശിവ ബാലകൃഷ്‌ണ അറസ്‌റ്റിലാകുന്നത്. അറസ്‌റ്റിലായ ശിവ ബാലകൃഷ്‌ണയുടെ കസ്‌റ്റഡി കാലാവധി ബുധനാഴ്‌ച (07-02-2024) അവസാനിച്ചതിനെ തുടർന്ന് എസിബി ഉദ്യോഗസ്ഥർ കോടതിയുടെ നിർദേശപ്രകാരം അദ്ദേഹത്തെ ചഞ്ചൽഗുഡ ജയിലിലേക്ക് തിരിച്ചയച്ചു. ഈ എട്ട് ദിവസങ്ങളിൽ, എസിബി വിവിധ കോണുകളിൽ നിന്ന് അന്വേഷിക്കുകയും ഇയാളുടെ കൂടുതൽ കുറ്റകൃത്യങ്ങൾ വെളിപ്പെടുകയും ചെയ്‌തു.
ശിവ ബാലകൃഷ്‌ണയുടെ അനധികൃത വരുമാനത്തിന്‍റെ ഭൂരിഭാഗവും റിയൽ എസ്‌റ്റേറ്റ് പർച്ചേസുകൾക്കായി ചെലവഴിച്ചതായി എസിബി കണ്ടെത്തി. ശിവ ബാലകൃഷ്‌ണയുടെയും കുടുംബാംഗങ്ങളുടെയും ബിനാമികളുടെയും പേരിൽ 214 ഏക്കർ കൃഷിഭൂമിയും 29 പ്ലോട്ടുകളും എട്ട് വീടുകളും ഉണ്ടെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയത്. അതേസമയം, മൂന്ന് ദിവസമായി എച്ച്എംഡിഎ ആസ്ഥാനത്ത് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത രേഖകൾ എസിബി വിശദമായി പരിശോധിച്ചുവരികയാണ്. വിവിധ റിയൽ എസ്‌റ്റേറ്റ് കമ്പനികൾക്ക് ശിവബാലകൃഷ്‌ണ നൽകിയ അനുമതികളെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ജനഗാമ ജില്ലയിൽ മാത്രം 102 ഏക്കർ ഭൂമി : ജനഗാമ ജില്ലയിൽ മാത്രം 102 ഏക്കർ സിദ്ദിപേട്ട് ജില്ലയിലെ അല്ലാപുരം വില്ലേജിലെ ശിവ ബാലകൃഷ്‌ണ വാങ്ങിയതായി കണ്ടെത്തി. യാദാദ്രി ഭുവനഗിരി ജില്ലയിൽ 66 ഏക്കറും നാഗർകർണൂലിൽ 39 ഏക്കറും സിദ്ദിപേട്ടിൽ ഏഴും രംഗറെഡ്ഡി ജില്ലയിൽ അര ഏക്കറും ഭൂമിയുണ്ടെന്നാണ് വെളിപ്പെടുത്തൽ. രംഗറെഡ്ഡി ജില്ലയിൽ 12 ഏക്കറും, യാദാദ്രിയിൽ എട്ട് ഏക്കര്‍, സംഗറെഡ്ഡിയിൽ മൂന്ന് അക്കര്‍, വിശാഖപട്ടണം, വിജയനഗരം ജില്ലകളിൽ രണ്ട് ഏക്കര്‍ വീതം, മേഡ്‌ചൽ, മേദക് ജില്ലകളിൽ ഒരു ഏക്കര്‍ വീതവും വാങ്ങിയതായും എസിബി കണ്ടെത്തി. പുപ്പലഗുഡയിലെ വില്ലയ്ക്ക് പുറമെ ഹൈദരാബാദിൽ നാല് ആഢംബര വീടുകളും രംഗ റെഡ്ഡിയിൽ മൂന്ന് വീടുകളുമുണ്ട് ശിവ ബാലകൃഷ്‌ണയ്‌ക്ക്. വിശാഖപട്ടണത്ത് ജോലി ചെയ്‌തപ്പോൾ ലഭിച്ച കള്ളപ്പണം ഉപയോഗിച്ചാണ് സ്വത്തുക്കൾ അവിടെ വാങ്ങിയതെന്നാണ് കരുതുന്നത്.
ഒരു ബിനാമി പിടിയിൽ, മറ്റു മൂന്നുപേർ നിരീക്ഷണത്തില്‍ : ശിവബാലകൃഷ്‌ണയുടെ സഹോദരൻ ശിവ നവീനെ മൂന്ന് ദിവസത്തോളം എസിബി ചോദ്യം ചെയ്‌തു. തന്‍റെ പേരിലുള്ള സ്വത്തുക്കളെക്കുറിച്ച് ശിവ നവീൻ കൃത്യമായ മറുപടി നൽകാത്തതിനാൽ അയാളെ ബുധനാഴ്‌ച അറസ്‌റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കി. ഇയാളെ റിമാൻഡ് ചെയ്യും.
ശിവ നവീന്‍റെ ഭാര്യ അരുണയും ബന്ധുവായ പെന്‍റ ഭരത്കുമാറും ശിവ ബാലകൃഷ്‌ണയുടെ പേരിൽ വൻ സ്വത്ത് സമ്പാദിച്ചതായി സംശയിക്കുന്നു. മൂവരെയും ചോദ്യം ചെയ്യുന്നതിലാണ് അധികൃതർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കൃത്യമായ തെളിവുകൾ ലഭിച്ചില്ലെങ്കിൽ ഇവരെയും അറസ്‌റ്റ് ചെയ്യാൻ സാധ്യതയുണ്ട്.
ഒരു ലോക്കറിൽ 18 പവൻ സ്വർണം : ശിവ ബാലകൃഷ്‌ണയുടെയും കുടുംബാംഗങ്ങളുടെയും പേരിൽ 15 ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന് എസിബി കണ്ടെത്തി. അതത് അക്കൗണ്ടുകളുടെ പേരിലുള്ള ലോക്കറുകൾ തുറക്കാൻ എസിബി ശ്രമിച്ചിരുന്നു. ശിവ ബാലകൃഷ്‌ണയുടെ പേരിലുള്ള ഒരു ലോക്കർ തുറന്നപ്പോൾ പാസ്ബുക്കിനൊപ്പം 18 പവൻ സ്വർണം കണ്ടെത്തി. ആ സ്വര്‍ണത്തിന് കണക്ക് കാണിക്കാത്തതിനാൽ അത് ജപ്‌തി ചെയ്‌തു.
നാല് പരാതികൾ കൂടി : ശിവ ബാലകൃഷ്‌ണ എച്ച്എംഡിഎയുടെയും റിയൽ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (RERA) യുടെയും ഓഫിസുകളിൽ ജോലി ചെയ്‌തിരുന്നു. അദ്ദേഹത്തിന്‍റെ പ്രശസ്‌തി കാരണം, അക്കാലത്ത് ആർക്കും അദ്ദേഹത്തിനെതിരെ പരാതിപ്പെടാൻ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇയാൾ എസിബിയുടെ പിടിയിൽ പെട്ടപ്പോൾ നിരവധി പരാതികളാണ് ഇയാൾക്കെതിരെ വരുന്നത്.
ഇയാളുടെ ക്രമക്കേടുകൾ സംബന്ധിച്ച് നിലവിൽ നാല് പരാതികളാണ് എസിബിക്ക് ലഭിച്ചത്. തങ്ങളുടെ ഫയലുകൾക്ക് അനുമതി നൽകിയതിൽ ശിവ ബാലകൃഷ്‌ണ ക്രമക്കേട് നടത്തിയെന്ന ആളുകളുടെ പരാതികൾ പരിശോധിച്ചുവരികയാണെന്ന് എസിബി ജോയിൻ്റ് ഡയറക്‌ടർ സുധീന്ദ്ര പറഞ്ഞു.
ALSO READ : മദ്യനയ അഴിമതിക്കേസിൽ കെജ്‌രിവാളിന് തിരിച്ചടി; ഇഡിക്ക് മുന്നിൽ ഹാജരായേ പറ്റൂ എന്ന് കോടതി