ബെംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. നൂതന ഡ്രോൺ അടിസ്ഥാനമാക്കിയുള്ള ഇന്‍റലിജന്‍റ് അണ്ടർഗ്രൗണ്ട് ഒബ്‌ജക്റ്റ് ഡിറ്റക്‌ടർ അടക്കം ഉപയോഗിച്ചാണ് തെരച്ചില്‍ പുരോഗമിക്കുന്നത്.
മണ്ണിടിച്ചിലിന് സമീപമുള്ള ഗംഗാവലി നദിയിലും ബെൻസ് ലോറി കണ്ടെത്തിയ സ്ഥലത്തും തെരച്ചിൽ തുടരുകയാണ്. ലോംഗ് ആം ബൂമർ യന്ത്രം ഉപയോഗിച്ച് കരയിൽ നിന്ന് തുടർച്ചയായ ഡ്രഡ്‌ജിങ് പ്രവർത്തനം നടക്കുന്നുണ്ട്. നാവിക സേനയുടെ ഹെലികോപ്റ്റർ ഉപയോഗിച്ച് ഗംഗാവലി നദീതീരത്ത് മരിച്ചയാൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
എന്താണ് ഡ്രോണിന്‍റെ പ്രത്യേകത?
ഈ ഡ്രോൺ സാധാരണ ഉപകരണമല്ല. 2.4 കിലോമീറ്റർ ഉയരത്തിൽ പറക്കാനും മണ്ണിൽ 20 മീറ്റർ ആഴത്തിലും 70 മീറ്റർ ആഴമുള്ള വെള്ളത്തിലും പരിശോധന നടത്താനും കഴിയുന്ന ഡ്രോണാണിത്. മഞ്ഞ്, വെള്ളം, പാറകൾ, മരുഭൂമികൾ എന്നിവയിൽ കണ്ടെത്തുന്നതിനാണ് ഈ നൂതന സാങ്കേതിക വിദ്യകൾ ഉള്ള ഡ്രോൺ ഉപയോഗിക്കുന്നത്. പരിശീലനം ലഭിച്ച രണ്ട് സൈനികരാണ് ഉപകരണം കൈകാര്യം ചെയ്യുന്നത്. കനത്ത വെള്ളപ്പൊക്കവും ഹിമപാതവും ഉണ്ടായ സ്ഥലങ്ങളിലാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്.
ഭൂമിക്കടിയിലെ മനുഷ്യ സാന്നിധ്യം കണ്ടെത്താനും ഈ ഉപകരണത്തിന് കഴിയും. മൃതദേഹങ്ങൾക്കായി തെരച്ചിൽ നടത്താനും ഇത് സഹായിക്കും. ഐഇഡി/മൈൻ എന്നിവ കണ്ടെത്താനും കഴിയും. രക്ഷാപ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിക്കാൻ കഴിയുന്ന ഈ ഡ്രോൺ എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാൻ കഴിയും. കുപ്‌വാരയിലും ഡൽഹിയിലും നേരത്തെ പരീക്ഷണം നടത്തിയിരുന്നു. ഏകദേശം മൂന്ന് കേടിയിലധികമാണ് ഇതിന്‍റെ വില.
Also Read : രക്ഷാദൗത്യം നിർണായക ഘട്ടത്തിൽ; അർജുനെ കാത്ത് നാട് - Arjun Rescue Operation Day 10