ന്യൂഡൽഹി: നിതി ആയോഗ് യോഗം ബഹിഷ്‌കരിച്ച പ്രതിപക്ഷ പാർട്ടികളെ രൂക്ഷമായി വിമർശിച്ച് ബിജെപിയുടെ ഷെഹ്‌സാദ് പൂനവല്ല. രാജ്യത്തിന് ഗുണകരമായ എന്ത് കാര്യത്തേയും ഇന്ത്യ സഖ്യം എതിർക്കും. അവരുടെ വിഷയം ബജറ്റ് അല്ലെന്നും അത് തയ്യാറാക്കിയവരാണെന്നും ഷെഹ്‌സാദ് കുറ്റപ്പെടുത്തി.
വികസിത് ഭാരത് സങ്കൽപം എതിർക്കാനാണ് ഇന്ത്യ സഖ്യം ഇന്നത്തെ (ജൂലൈ 27) നിതി ആയോഗ് യോഗം ബഹിഷ്‌കരിച്ചത്. ഭരണഘടന ദിനവും സ്വാതന്ത്ര്യദിന പരിപാടിയും ബഹിഷ്‌കരിച്ചതിന് ശേഷം ഇന്ത്യ സഖ്യം നിതി ആയോഗ് യോഗവും ബഹിഷ്‌കരിച്ചിരിക്കുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി യോഗത്തിൽ പങ്കെടുത്തത് ഇന്ത്യ സഖ്യത്തിന് വലിയ തിരിച്ചടിയായിരിക്കും.
ഇന്ത്യയുടെ സഖ്യകക്ഷികൾക്കിടയിൽ മത്സരമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആർക്കാണ് ഏറ്റവും ഫലപ്രദമായി എതിർക്കാനാവുകയെന്ന് തെളിയിക്കാനുമാണ് പ്രതിപക്ഷ പാർട്ടികൾ മത്സരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.