പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയെ നിര്‍ദ്ദേശിച്ചു കൊണ്ട് ഇത്തവണ ആദ്യമെത്തിയത് പ്രവര്‍ത്തക സമിതി അംഗം ശശി തരൂരായിരുന്നു. മോദി സര്‍ക്കാരിനെതിരെ അതി ശക്തമായി പടനയിച്ച് രാഹുല്‍ ഗാന്ധിയും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാജ്യമെമ്പാടും അതി ശക്തമായ പ്രചാരണമാണ് നടത്തിയതെന്നായിരുന്നു തരൂര്‍ പറഞ്ഞത്. 'ലോക് സഭയില്‍ കോണ്‍ഗ്രസിന് അത്രയൊന്നും അംഗബലമില്ലാത്ത നാളുകളില്‍പ്പോലും രാഹുല്‍ ഗാന്ധി മോദി സര്‍ക്കാരിനെതിരെ അതി രൂക്ഷമായ ആക്രമണമാണ് നടത്തിയത്. ഇത്തവണ സര്‍ക്കാരിനെ നേര്‍ക്കുനേര്‍ നിന്ന് വെല്ലു വിളിക്കാനുള്ള അംഗബലം പ്രതിപക്ഷത്തിനുണ്ട്. ആ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ ഏറ്റവും പ്രിയങ്കരനായ നേതാവ് തന്നെ പ്രതിപക്ഷ നേതാവായി വരണം'. ഇത്തരത്തിലായിരുന്നു തരൂരിന്‍റെ പ്രതികരണം.
എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് സ്വന്തം നിലയ്ക്ക് മല്‍സരിച്ച് നേതൃത്വത്തിന്‍റെ പ്രതീക്ഷയ്ക്കപ്പുറം വോട്ട് പിടിച്ച നേതാവാണ് ശശി തരൂര്‍. ഹൈക്കമാണ്ടിന്‍റെ ആശീര്‍ വാദത്തോടെ മല്‍സരിച്ച മല്ലികാര്‍ജുന്‍ ഖാര്‍ഗേ പ്രസിഡണ്ടാവുമെന്ന് ഉറപ്പായിട്ടും ധീരമായി മല്‍സരിക്കുകയായിരുന്നു തരൂര്‍. പിന്നീട് പ്രവര്‍ത്തക സമിതിയില്‍ സ്ഥാനം നല്‍കി പാര്‍ട്ടി ശശി തരൂരിനെ അംഗീകരിച്ചു. എന്നാലിപ്പോള്‍ ലോക് സഭ തെരഞ്ഞെടുപ്പിനു ശേഷം പുതു വീര്യത്തോടെ പാര്‍ട്ടി പതിനെട്ടാം ലോക് സഭയിലേക്ക് എത്തുമ്പോള്‍ അതി ശക്തമായി സര്‍ക്കാരിനെതിരെ പ്രതികരിക്കാന്‍ കഴിയുന്ന നേതാവിനെ തേടുകയാണ് പാര്‍ട്ടി.
സോണിയയുടെ അഭാവത്തില്‍ രാഹുല്‍ പാര്‍ട്ടിയുടെ പ്രചാരക സ്ഥാനം ഏറ്റെടുത്ത് രാജ്യമെമ്പാടും പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കാനും പ്രതിഷേധ സമരങ്ങള്‍ക്ക് നായകത്വം വഹിക്കാനും മുന്നിട്ടിറങ്ങാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ പാര്‍ലമെന്‍റിനകത്ത് പ്രതിപക്ഷത്തിന്‍റെ പോരാട്ടം നയിക്കാന്‍ കെല്‍പ്പുള്ള ദീര്‍ഘ വീക്ഷണമുള്ള നേതാവിനെയാണ് പാര്‍ട്ടി തെരയുന്നത്.
പ്രതിപക്ഷ നേതാവിനെ തീരുമാനിക്കാന്‍ സോണിയയും രാഹുലും പ്രിയങ്കയും മല്ലികാര്‍ജുന്‍ ഖാര്‍ഗേയും കെസി വേണുഗോപാലും യോഗം ചേരുമ്പോള്‍ പരിഗണനയ്ക്ക് എത്തുന്ന രണ്ട് പേരുകളില്‍ ആദ്യത്തേത് ശശി തരൂരിന്‍റേതാണ്. മറ്റൊന്ന് തരുണ്‍ ഗൊഗോയിയുടേതും. പ്രശ്‌നാധിഷ്‌ഠിതമായി മോദി സര്‍ക്കാരിനെതിരെ കടന്നാക്രമിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന ശശി തരൂര്‍ എന്‍ഡിഎ സര്‍ക്കാരിനെതിരെ ആക്രമണം നയിക്കാനും അവരെ മുള്‍മുനയില്‍ നിര്‍ത്താനും പ്രാപ്‌തിയുള്ള നേതാവാണെന്നാണ് വിലയിരുത്തല്‍.
മുന്‍ കേന്ദ്രമന്ത്രിയെന്ന നിലയില്‍ പാര്‍ലമെന്‍ററി രംഗത്തും ഭരണ രംഗത്തും നല്ല അനുഭവ പരിചയമുള്ള ശശി തരൂരിന് മോദിയെയും ബിജെപി സര്‍ക്കാരിനേയും നേര്‍ക്കുനേര്‍ എതിരിടാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കണക്കു കൂട്ടുന്നത്. പ്രതിപക്ഷ നേതൃത്വ സ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി വിസമ്മതിക്കുകയാണെങ്കില്‍ മറ്റൊരു പേര് നേതൃത്വം പരിഗണിച്ചേക്കില്ല.
വിദേശകാര്യത്തിലും പ്രതിരോധം, ധനകാര്യം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും സര്‍ക്കാരിനെ വെല്ലുവിളിക്കാനുള്ള ആര്‍ജ്ജവം തരൂരിനുണ്ട്. യുഎന്‍ അണ്ടര്‍ സെക്രട്ടറിയെന്ന നിലയില്‍ പ്രവര്‍ത്തന പരിചയമുള്ള തരൂരിന്‍റെ വാക്കുകള്‍ക്ക് ലോക രാജ്യങ്ങളും ചെവി കൊടുക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു. അനാവശ്യ പരാമര്‍ശങ്ങളിലൂടെ വിവാദങ്ങളില്‍ ചെന്നു പെടാറുള്ള ശശി തരൂരിന്‍റെ പതിവ് മാത്രമാണ് അദ്ദേഹത്തിനുള്ള നെഗറ്റീവ് മാര്‍ക്ക്.
Also Read: