തിരുവനന്തപുരം: ലോക്‌സഭയിലെ പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യം പ്രതിപക്ഷത്തിന് കരുത്ത് പകരുമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. വയനാടിനെ പ്രതിനിധീകരിക്കാന്‍ ഏറ്റവും കരുത്തുറ്റ കോണ്‍ഗ്രസ് നേതാവിനെയാണ് ലഭിച്ചിരിക്കുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തന്നെ വിജയിപ്പിച്ച നെയ്യാറ്റിന്‍കരയിലെ ജനങ്ങള്‍ക്ക് നന്ദി പറയാനെത്തിയപ്പോഴാണ് തരൂരിന്‍റെ പ്രതികരണം.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മികച്ച പ്രാസംഗികയാണെന്ന് തെളിയിച്ചയാളാണ് പ്രിയങ്ക ഗാന്ധി. കേരളത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള പ്രിയങ്കയുടെ തീരുമാനത്തില്‍ താന്‍ സന്തുഷ്‌ടനാണെന്നും തരൂര്‍ പറഞ്ഞു. രാഹുല്‍ റായ്‌ബറേലിയില്‍ തന്നെ തുടരാനുള്ള തീരുമാനത്തിനും താന്‍ നന്ദി പറയുന്നു.
ഇത് ഉത്തര്‍പ്രദേശിലെ ജനതയ്ക്കും അതോടൊപ്പം വടക്കേ ഇന്ത്യയിലെ ജനതയ്ക്കുമുള്ള വളരെ പ്രധാനപ്പെട്ട സൂചനയാണിത്. താന്‍ വയനാടന്‍ ജനതയെ ഉപേക്ഷിക്കുകയാണെന്ന ചിന്ത അവര്‍ക്കുണ്ടാകാതിരിക്കാനും രാഹുല്‍ ശ്രദ്ധിച്ചു. തന്‍റെ സഹോദരിയുടെ വിശ്വസനീയമായ കൈകളില്‍ തന്നെയാണ് അവരെ ഏല്‍പ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതൊരു മികച്ച തീരുമാനമാണ്. രാഹുലിന്‍റെ ഈ തീരുമാനത്തെ താന്‍ അഭിനന്ദിക്കുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കരുത്തുറ്റ ഒരു നേതാവിനെ കോണ്‍ഗ്രസ് പരിഗണിക്കുകയാണെങ്കില്‍ അതിന് ഏറ്റവും യോജിച്ച വ്യക്തി പ്രിയങ്ക തന്നെ ആയിരിക്കും. പാര്‍ലമെന്‍റിലെ കരുത്തുറ്റ ശബ്‌ദമായിരിക്കും പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പ് കാലത്ത് പ്രിയങ്കയുടെ പ്രസംഗങ്ങള്‍ നാമേവരും കേട്ടതാണ്. കോണ്‍ഗ്രസിന്‍റെ ഏറ്റവും സ്വാധീനമുള്ള പ്രാംസഗികയാണ്. പ്രിയങ്ക ലോക്‌സഭയിലെത്തുന്നത് തങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും.
കുടുംബ രാഷ്‌ട്രീയം എന്ന വാദമുയര്‍ത്തുന്നത് തികച്ചും ദൗര്‍ഭാഗ്യകരമാണ്. ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ മാത്രമേ പാടുള്ളൂവെന്ന് പറയുന്നത് ശരിയല്ല. ഇത്തരം സംവിധാനങ്ങള്‍ നമ്മുടെ സംസ്‌കാരത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഇത്തരത്തിലുള്ള പതിനഞ്ച് ബിജെപി എംപിമാര്‍ ലോക്‌സഭയിലുണ്ട്.
രാഷ്‌ട്രീയ കുടുംബങ്ങളില്‍ നിന്ന് കൂടുതല്‍ പേര്‍ വരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. നമ്മുടെ സംസ്‌കാരം അനുസരിച്ച് ദന്തരോഗ വിദഗ്‌ധന്‍റെ കുട്ടികളെ ദന്തരോഗ വിദഗ്‌ധര്‍ ആക്കാന്‍ അവര്‍ ആഗ്രിക്കുന്നു. കലാകാരന്‍മാര്‍ തങ്ങളുടെ മക്കളെ കലാരംഗത്തേക്ക് കൊണ്ടു വരുന്നു. രാഷ്‌ട്രീയത്തിലും അതുതന്നെ വേണമെന്നും തരൂര്‍ പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയില്‍ തിരുവനന്തപുരം ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രവര്‍ത്തനം പോരായിരുന്നുവെന്ന് എഐസിസിയോട് പരാതിപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് താന്‍ ആരോടും ഒരു പരാതിയും പറയുന്നില്ലെന്നായിരുന്നു തരൂരിന്‍റെ മറുപടി. എല്ലാവരും അവരവരുടെ കര്‍ത്തവ്യങ്ങള്‍ ഭംഗിയായി നിര്‍വഹിച്ചു. മികച്ച വിജയം ഉണ്ടാക്കിയെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: അരങ്ങേറ്റം ദക്ഷിണേന്ത്യയിൽ; പുതിയ റോളിൽ പ്രിയങ്കയെത്തുമ്പോൾ